തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ പഠനോപകരണങ്ങള്‍ നഷ്ടപ്പെട്ട കുട്ടികളെ സഹായിക്കാന്‍ തിരുവനന്തപുരം ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ നടത്തുന്ന സഹപാഠിക്ക് ചങ്ങാതിപ്പൊതി പദ്ധതിയില്‍ പഠനോപകരണങ്ങള്‍ നല്കി മുഖ്യമന്ത്രിയുടെ കൊച്ചുമകന് ഇഷാനും. രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ ഇഷാന് ഒരു ബാഗും അഞ്ച് നോട്ടുബുക്കും ഒരു ഇന്‍സ്ട്രുമെന്റ് ബോക്സും ഒരു കുടയും അഞ്ച് പേനയും അഞ്ച് പെന്‍സിലും ഒരു ചോറ്റുപാത്രവുമാണ് ജില്ലാ ശിശുക്ഷേമസമിതി ഭാരവാഹികളെ ഏല്‍പ്പിച്ചത്.
എല്ലാം നഷ്ടപ്പെട്ട കുട്ടികള്‍ക്ക് വേണ്ട ബാഗും നോട്ടുബുക്കും ഉള്‍പ്പെടെയുള്ള പഠനോപകരണങ്ങള്‍ കുട്ടികളില്‍ നിന്ന് സമാഹരിച്ച് എത്തിക്കുകയാണ് ചങ്ങാതിപ്പൊതി. ഒരു ബാഗും അഞ്ച് നോട്ടുബുക്കും ഒരു ഇന്‍സ്ട്രുമെന്റ് ബോക്സും, അഞ്ച് പെന്‍സിലും, അഞ്ച് പേനയും, ഒരു ചോറ്റുപാത്രവും കുടയും ഉള്‍പ്പെടുന്ന ഒരു കിറ്റാണ് ചങ്ങാതിപ്പൊതി. നൂറുകണക്കിന് കുട്ടികളില്‍ നിന്ന് മികച്ച പ്രതികരണമാണ് ശിശുക്ഷേമ സമിതിക്ക് ലഭിക്കുന്നത്. പൂര്‍ണ്ണമായും പഠനോപകരണങ്ങള്‍ നഷ്ടപ്പെട്ട ആയിരത്തിലധികം കുട്ടികള്‍ക്കായുള്ള കിറ്റ് ഇതിനോടകം രൂപപ്പെടുത്താന്‍ സമിതിക്ക് സാധിച്ചു. മാത്രവുമല്ല ഭാഗികമായി പഠനോപകരണങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്കും പഠനോപകരണങ്ങള്‍ എത്തിക്കാന്‍ സാധിക്കും.
കളക്ഷന്‍ ക്യാമ്പയിന് സെപ്റ്റംബര്‍ അഞ്ച് വരെ തുടരും. സ്കൂള്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്ക് ആവശ്യമായ പഠനോപകരണങ്ങള്‍ വാങ്ങി നല്‍കാം. എല്ലാ സര്‍ക്കാര്‍ സ്കൂളുകളിലും സെപ്റ്റംബര്‍ മൂന്നിന് സ്കൂള്‍ അധികാരികള്‍ തന്നെ പ്രസ്തുത പഠനോപകരണങ്ങള്‍ സ്വീകരിക്കുന്നതാണ്. നാല്, അഞ്ച് തീയതികളില്‍ സ്കൂളുകളില്‍ എത്തുന്ന ജില്ലാ ശിശുക്ഷേമ സമിതി ഭാരവാഹികള്‍ ഏറ്റുവാങ്ങി സെപ്റ്റംബര്‍ ആറ്, ഏഴ് തീയതികളില്‍ വിദ്യാഭ്യാസ വകുപ്പ് മുഖേന അര്‍ഹരായ വിദ്യാര്‍ത്ഥികളുടെ കൈവശം എത്തിക്കും. ചെട്ടിക്കുളങ്ങര ജില്ലാ ശിശുക്ഷേമ സമിതി ഓഫീസിലും, തൈക്കാട് സംസ്ഥാന ശിശുക്ഷേമ സമിതി ഓഫീസിലും, YMR ജംഗ്ഷനിലെ ഇന്‍സ്പിരിറ്റ് IAS അക്കാഡമിയിലും പഠനോപകരണങ്ങള്‍ ശേഖരിക്കുന്നതാണ്.
വിവരങ്ങള്‍ക്ക്: 9447441464, 9495121620, 8129612726