16
Friday
April 2021

ടുറിസം മേഖലയ്ക്ക് കരുത്ത് പകരാൻ കർമപദ്ധതി നടപ്പാക്കും; മന്ത്രി കടകംപള്ളി സുരേന്ദ്രൻ

Google+ Pinterest LinkedIn Tumblr +

തിരുവനന്തപുരം: സംസ്ഥാനത്തെ ബാധിച്ച പ്രളയ ദുരിതങ്ങൾ വിനോദസഞ്ചാരമേഖലയെ വലിയ തോതിൽ ആഘാതമേൽപിച്ചുവെന്നും ആഘാതങ്ങളെ അതിജീവിക്കുന്നതിനും വിനോദസഞ്ചാരമേഖലയ്ക്ക് കരുത്തുപകരുന്നതിനും കർമപദ്ധതി നടപ്പാക്കുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
പ്രതിവർഷം ശരാശരി പത്തു ലക്ഷം വിദേശീയ വിനോദ സഞ്ചാരികളും ഒന്നരക്കോടിയോളം ആഭ്യന്തര വിനോദ സഞ്ചാരികളും കേരളം സന്ദർശിക്കുന്നുണ്ട്. 2017ൽ 34,000 കോടിരൂപയാണ് ടൂറിസത്തിൽ നിന്ന് കേരളത്തിനു ലഭിച്ച മൊത്ത വരുമാനം. മുൻ വർഷത്തേക്കാൾ 12.56 ശതമാനം കൂടുതൽ വരുമാനമാണ് കവിഞ്ഞ വർഷം ലഭിച്ചത്. എണ്ണായിരം കോടി രൂപയുടെ വിദേശനാണ്യമാണ് സംസ്ഥാനത്തിന് ലഭിക്കുന്നത്. 15 ലക്ഷത്തോളം പേർ ടൂറിസം മേഖലയിൽ ജോലി ചെയ്യുന്നു.
മുൻകാലങ്ങളെ അപേക്ഷിച്ച് ടൂറിസം രംഗത്തിന് കൂടുതൽ പ്രാധാന്യം നൽകുകയും ദീർഘവീക്ഷണത്തോടെ പുതിയ ടൂറിസം പദ്ധതികൾ നടപ്പിലാക്കുകയും ചെയ്ത സാഹചര്യത്തിലാണ്് പ്രതിലോമകരമായ സാഹചര്യങ്ങൾ നേരിടേണ്ടി വരുന്നത്. ഓഖി സമയത്തും നിപയുടെ സമയത്തും വിനോദ സഞ്ചാരമേഖലയ്ക്ക് വൻ പ്രതിസന്ധിയാണുണ്ടായത.് അവയെ മറികടന്നുവന്നപ്പോഴാണ് ഇപ്പോഴത്തെ പ്രളയം. അനുകൂലമല്ലാത്ത സാഹചര്യങ്ങളെ നേരിട്ടുകൊണ്ടാണ് ടൂറിസം മേഖല ഇന്ന് മുന്നോട്ടുപോകുന്നതെന്നും മന്ത്രി പറഞ്ഞു.

പന്ത്രണ്ടു വർഷത്തിനുശേഷം നീലക്കുറിഞ്ഞി പൂക്കുന്ന വേളയിലാണ് ദുരന്തം പ്രളയത്തിന്റെയും ഉരുൾപൊട്ടലിന്റെയും രൂപത്തിൽ വന്നത്. നീലക്കുറിഞ്ഞിവസന്തം സംബന്ധിച്ച് വിപുലമായ പ്രചാരണപരിപാടികൾ രാജ്യത്തിനകത്തും പുറത്തും സംഘടിപ്പിക്കുകയും പത്തു ലക്ഷത്തോളം വിനോദസഞ്ചാരികളെ പ്രതീക്ഷിക്കുകയും ചെയ്തു. കനത്തമഴയും വെള്ളപ്പൊക്കവും ഉരുൾപൊട്ടലും മൂന്നാറിനെ കാര്യമായി ബാധിക്കുകയും അവിടേക്കുള്ള റോഡുകൾ തകരുകയും ചെയ്തു. ടൂറിസം വകുപ്പിന്റെ സമയോചിതമായ ഇടപെടലിലൂടെ ടൂറിസ്റ്റുകൾക്ക് അപായമുണ്ടാകാതെ ദുരന്തബാധിത പ്രദേശങ്ങളിൽ നിന്ന് അവരെ നീക്കാൻ സാധിച്ചു. കഴിഞ്ഞ മാസം സംസ്ഥാനത്തേക്കു വരേണ്ടിയിരുന്ന വിനോദ സഞ്ചാരികളിൽ ഭൂരിഭാഗവും യാത്ര റദ്ദാക്കി. യാത്ര റദ്ദാക്കിയതുകൊണ്ടുണ്ടായ നഷ്ടം മാത്രം 500 കോടിയോളം വരും.

ഇപ്പോഴും കേരളം പ്രളയദുരിതത്തിലാണ് എന്ന വിശ്വാസത്തിൽ ഒട്ടേറെപ്പേർ വരാതിരിക്കുന്ന സാഹചര്യവുമുണ്ട്. ഈ പ്രതിസന്ധി മറികടക്കാൻ ശക്തമായ മാർക്കറ്റിംഗ് കാംപെയ്ൻ സംഘടിപ്പിക്കാൻ സർക്കാർ ആലോചിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ദേശീയ, അന്തർദേശീയ മാധ്യമങ്ങളിലൂടെയും റോഡ് ഷോകളിലൂടെയും പ്രാചാരണം നടത്തും. വിദേശത്തും സ്വദേശത്തുമുള്ള ടൂറിസം ട്രേഡ് ഫെയറുകളിൽ കേരളത്തിന്റെ പ്രാതിനിധ്യം ഉറപ്പുവരുത്തും. ഡിജിറ്റൽ പ്രചാരണത്തിന് കൂടുതൽ ഊന്നൽ കൊടുക്കുകയും ഫാം ടൂറുകളിലൂടെയും ബ്ലോഗ് എക്‌സ്പ്രസ് പോലെയുള്ള പരിപാടികളിലൂടെയും കേരള ടൂറിസം ശക്തമായി നിലനിൽക്കുകയാണെന്ന് ലോകത്തെ അറിയിക്കും.

ടൂറിസം കേന്ദ്രങ്ങളൊന്നും പാടേ തകർന്നിട്ടില്ലെന്നും നിലവിലെ പ്രതിസന്ധി നേരിടുന്നതിനും ശക്തമായി തിരിച്ചുവരുന്നതിനും ഒരു കർമപരിപാടി നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കർമപദ്ധതിയുടെ ഭാഗമായി, തകർന്ന റോഡുകൾ അടിയന്തര പ്രാധാന്യത്തോടെ പുനർനിർമിക്കും. ടൂറിസം സേവനങ്ങൾക്ക് സംസ്ഥാനം സജ്ജമാണോ എന്നു വിലയിരുത്താൻ ടൂറിസം ട്രേഡ് സർവേ സംഘടിപ്പിക്കും.

ലോകത്തെങ്ങുമുള്ള ടൂറിസം പങ്കാളികളിൽ കേരളത്തെക്കുറിച്ചുള്ള വിശ്വാസം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ കൊച്ചിയിൽ സെപ്റ്റംബർ 27 മുതൽ 30 വരെ കേരള ട്രാവൽ മാർട്ട് സംഘടിപ്പിക്കും. നവംബർ അഞ്ചു മുതൽ ഏഴു വരെ ലണ്ടനിൽ നടക്കുന്ന ലോക ടൂറിസം മാർട്ടിൽ സജീവമായി പങ്കെടുക്കും. ലോക ടൂറിസം മാർട്ടുമായി ബന്ധപ്പെട്ട് ബ്രിട്ടനിലെ ഇന്ത്യൻ എംബസിയുമായി ചേർന്ന് ലണ്ടനിൽ പത്രസമ്മേളനം നടത്തും. യാത്രാവിവരണ കർത്താക്കൾ, മാധ്യമപ്രവർത്തകർ, ട്രാവൽ ഏജന്റുമാർ എന്നിവർക്കായി ഫാം ടൂറുകൾ സംഘടിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.

വാർത്താസമ്മേളനത്തിൽ ടൂറിസം വകുപ്പ് സെക്രട്ടറി റാണി ജോർജ്, ഡയറക്ടർ പി. ബാലകിരൺ, അഡീഷണൽ ഡയറക്ടർ മൃൺമയി ജോഷി തുടങ്ങിയവർ സംബന്ധിച്ചു.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com