പത്തനംതിട്ട: ജനറല്‍ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ നെഞ്ചുവേദനയെ തുടര്‍ന്ന് പ്രവേശിപ്പിച്ച 52കാരന് കാത്ത്ലാബ് തുണയായി. ഹൃദയാഘാതമാണെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് രോഗിയുടെ അവസ്ഥ ഗുരുതരമാണെന്ന് മനസിലാക്കി ഉടന്‍ തന്നെ കാത്ത് ലാബില്‍ പ്രവേശിപ്പിച്ചു. ഹൃദയധമനിയില്‍ 100 ശതമാനം അടവുണ്ടായിരുന്ന രക്ത കുഴലില്‍ സ്റ്റെന്‍ഡ് നിക്ഷേപിച്ച് ആന്‍ജിയോപ്ലാസ്റ്റി ചികിത്സ വിജയകരമായി പൂര്‍ത്തിയാക്കി. അതീവ ഗുരുതരാവസ്ഥയിലായിരുന്ന രോഗി ഇപ്പോള്‍ ഐസിയുവില്‍ സുഖം പ്രാപിച്ചു വരുന്നു.
ജനറല്‍ ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ധരായ ഡോ. എം. സി. ജോണ്‍, ഡോ. ജോസ് പൈകട, കാത്ത് ലാബ് സ്റ്റാഫ് നഴ്സ്മാരായ സൂര്യ, ജോണ്‍, അനീഷ് എന്നിവരാണ് ചികിത്സയ്ക്കു നേതൃത്വം നല്‍കിയത്. കാത്ത് ലാബ് പ്രവര്‍ത്തനം ആരംഭിച്ച ശേഷം പതിനഞ്ചോളം രോഗികള്‍ക്കു കാത്ത് ലാബില്‍ സേവനം നല്കി കഴിഞ്ഞു. എറണാകുളം ജനറല്‍ ആശുപത്രി, പാലക്കാട് ജില്ലാ ആശുപത്രി എന്നീ സ്ഥാപനങ്ങള്ക്കുശേഷം ആരോഗ്യ വകുപ്പില്‍ ഈ സേവനം നല്കി വരുന്ന മൂന്നാമത്തെ സ്ഥാപനമാണ് പത്തനംതിട്ട ജനറല്‍ ആശുപത്രി.
ഹൃദയാഘാതം വന്ന 52കാരന് കാത്ത്ലാബ് തുണയായി
Share.