കാസര്‍കോട്: സഹകരണമേഖലയിലുള്ള ശക്തമായ ചുവടുവയ്പ്പായ കേരള ബാങ്കിന്റെ നടപടിക്രമങ്ങള്‍ 2019 മാര്‍ച്ച് 31 നകം പൂര്‍ത്തീകരിക്കുമെന്നും ഉടന്‍ തന്നെ ബാങ്ക് യാഥാര്‍ത്ഥ്യമാവുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു. 65ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷ പരിപാടിയില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളീയ സമൂഹത്തിന്റെ സുസ്ഥിരസാമ്പത്തിക അഭിവൃദ്ധി മാത്രമാണ് സര്‍ക്കാര്‍ ഗൗരവ പൂര്‍ണമായി സമീപിക്കുന്ന ബൃഹത്തായ പദ്ധതി ലക്ഷ്യം വെക്കുന്നത്. എല്ലാ ആധുനിക സങ്കേതങ്ങളും ഉള്‍ക്കൊള്ളുന്ന നൂതന സംവിധാനമായ കേരള ബാങ്കില്‍ എന്‍ആര്‍ഐ നിക്ഷേപമടക്കം സ്വീകരിക്കാനുള്ള സൗകര്യമേര്‍പ്പെടുത്തും, മന്ത്രി പറഞ്ഞു. ‘ന്യൂജന്‍’ ബാങ്കുകളും മറ്റും ഇടപാടുകാരെ കൊള്ളയടിക്കുന്ന സ്ഥിതി വിശേഷമാണ് നിലവിലുള്ളത്. ഇത്തരം സാഹചര്യങ്ങളില്‍ സഹകരണ ഏജന്‍സികള്‍ക്ക് വളരെയേറെ പ്രാധാന്യമുണ്ട്.
സംസ്ഥാനത്ത് ഉടലെടുക്കുന്ന അടിയന്തര ഘട്ടങ്ങളില്‍ സഹകരണ പ്രസ്ഥാനങ്ങള്‍ കേരളീയ സമൂഹത്തിന് സ്തുത്യര്‍ഹമായ സേവനമാണ് നല്‍കിയിട്ടുള്ളത്. പ്രളയദുരന്തത്തെ തുടര്‍ന്ന് നവകേരള നിര്‍മിതിക്കായി പ്രവാസി സമൂഹം ഒന്നിച്ച് നിന്ന് മലയാളിപ്പെരുമയുടെ സത്ത ഉയര്‍ത്തിപ്പിടിച്ചതായും അദ്ദേഹം പറഞ്ഞു.
കേരള ബാങ്ക് പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ സംസ്ഥാനത്തെ സഹകരണ മേഖലയുടെ ശാക്തികരണത്തിനു വഴിവയ്ക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. മികച്ച പ്രവര്‍ത്തനം നടത്തുന്ന ജില്ലാ സഹകരണ ബാങ്കുകളും സംസ്ഥാന സഹകരണ ബാങ്കുകളും കേരള ബാങ്കിന്റെ ഭാഗമായി മാറും. സംസ്ഥാനത്തിന്റെ പൊതു ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് കേരളത്തിന്റേതായ ഒരു ബാങ്ക് യഥാര്‍ഥ്യമാകുന്നതോടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. കാസര്‍കോട് മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരള ബാങ്ക് വരുന്നത് പ്രാഥമിക സഹകരണ ബാങ്കുകള്‍ക്കാണ് ഏറെ മെച്ചമുണ്ടാക്കുക. ജില്ലാ സഹകരണ ബാങ്കുകളുടെ കീഴില്‍ മാത്രം 800 ബ്രാഞ്ചുകളാണുള്ളത്. പ്രാഥമിക സഹകരണ ബാങ്കുകള്‍ക്ക് കേരള ബാങ്കുമായി നേരിട്ട് പ്രവര്‍ത്തിക്കാന്‍ കഴിയും. ഇടപാടുകള്‍ വര്‍ധിക്കുന്നതിനൊപ്പം ഇടപാടുകാര്‍ക്ക് കൂടുതല്‍ മികച്ച സൗകര്യങ്ങളൊരുക്കുവാനും കഴിയും. കേരള ബാങ്കിന് പ്രാഥമികാനുമതിയാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. അതനുസരിച്ചുള്ള വ്യവസ്ഥകള്‍ പാലിച്ചുകൊണ്ടാണ് മുന്നോട്ടു പോകുന്നത്. അന്തിമാനുമതി ലഭിക്കുന്നതോടെ പ്രവര്‍ത്തനം തുടങ്ങുവാന്‍ കഴിയും. എന്‍ആര്‍ഐ അക്കൗണ്ടിനുള്ള അനുമതികൂടി ലഭിച്ചാല്‍ പ്രവാസികള്‍ക്ക് വലിയ സഹായമാകും. നിലവില്‍ പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണം അയക്കുന്നതിന് ചില പ്രയാസങ്ങളുണ്ട്.
ലോകത്ത് എവിടെ നിന്നും വേഗത്തില്‍ കേരള ബാങ്കിലേക്ക് പണം അയക്കുന്നതിനും പ്രാദേശിക സഹകരണ ബാങ്കുകളിലൂടെ നാട്ടിലുള്ള ബന്ധുകള്‍ക്കും വ്യക്തികള്‍ക്കും അത് ഉടന്‍തന്നെ ലഭ്യമാക്കുന്നതിനും കഴിയും. നാടിന്റെ ആവശ്യം കണ്ടറിഞ്ഞു പ്രവര്‍ത്തിക്കാന്‍ കേരള ബാങ്കിനാകും. കേരള ബാങ്കിന്റെ കാര്യത്തില്‍ ഒരു ആശങ്കയ്ക്കും അടിസ്ഥാനമില്ലെന്നതിന് തെളിവാണ് മറ്റ് സംസ്ഥാനങ്ങള്‍ ഈ മാതൃക പിന്തുടരുവാന് തീരുമാനിച്ചിരിക്കുന്നത്. മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങള്‍ കേരള മാതൃകയുമായി മുന്നോട്ടുപോകുകയാണെന്നും അദ്ദേഹം പറഞ്ഞു.