തിരുവനന്തപുരം: എന്ത് പ്രകോപനമുണ്ടായാലും നടക്കാന്‍ പാടില്ലാത്ത സംഭവമാണ് കാസര്‍കോട് നടന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. സിപിഎം പ്രവര്‍ത്തകര്‍ അക്രമങ്ങൾ നടത്തരുതെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി പരസ്യമായി ആഹ്വാനം ചെയ്തിട്ടുണ്ട്. ഇതിന് വിരുദ്ധമായി പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും കോടിയേരി ആവശ്യപ്പെട്ടു. എന്ത് സംഭവം നടന്നാലും എന്തിന്റെ പേരിലായാലും മനുഷ്യരെ കൊല്ലുന്നത് പ്രാകൃത നിലപാടാണ്. ഇത്തരം സംസ്കാരം പാര്‍ട്ടി ഉപേക്ഷിക്കണം. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ആസന്നമായ സന്ദര്‍ഭത്തില്‍ നടന്ന അക്രമം എതിരാളികള്‍ക്ക് ആയുധമാകുകയാണ് ചെയ്തത്.
സമാധാനം പുലര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരെ പാര്‍ട്ടി സംരക്ഷിക്കില്ലെന്നും കര്‍ശന നടപടി എടുക്കുമെന്നും കോടിയേരി വ്യക്തമാക്കി. സിപിഎമ്മിന്റെ യാതൊരു വിധ സംരക്ഷണവും പ്രതികള്‍ക്ക് കിട്ടില്ല. പ്രസ്ഥാനം ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടിവരുന്ന സാഹചര്യമാണെന്നും അക്രമികളെ ഒരു കാരണവശാലും ന്യായീകരിക്കില്ലെന്നും കോടിയേരി ബാലകൃഷ്ണന് പറഞ്ഞു.
പ്രതികള്‍ക്കെതിരെ പൊലീസ് ശക്തമായ നടപടി എടുക്കണം. പ്രതികളെ ആരെയും രക്ഷപ്പെടാന്‍ അനുവദിക്കാതെ പൊലീസ് പഴുതടച്ച അന്വേഷണം നടത്തണമെന്നും കോടിയേരി ആവശ്യപ്പെട്ടു. ആക്രമണത്തിന് പിന്നില്‍ പ്രാദേശിക നേതൃത്വത്തിന് പങ്കുണ്ടെങ്കില്‍ അതും അന്വേഷിക്കണം. ആരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അത് പാര്‍ട്ടിയും അന്വേഷിക്കും. കര്‍ശന നടപടികള്‍ ഉണ്ടാകുമെന്ന് ഉറപ്പാണെന്നും കോടിയേരി ബാലകൃഷ്ണന് പറഞ്ഞു.