6
Thursday
May 2021

കൊല്ലം ബൈപാസ് പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

Google+ Pinterest LinkedIn Tumblr +

കൊല്ലം: ജില്ലയുടെ ഗതാഗത വികസനത്തിന് പുതിയ മാനം പകര്‍ന്ന് കൊല്ലം ബൈപാസ് പ്രധാനമന്ത്രി നരേന്ദ്ര മോഡി നാടിന് സമര്‍പ്പിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക പങ്കാളിത്തവും സഹകരണവും ചേരുന്ന പദ്ധതി വളരെ ഫലപ്രദമായി നടപ്പിലാക്കിയതിന്റെ സന്തോഷം പങ്കിട്ടാണ് പ്രധാനമന്ത്രി ഉദ്ഘാടന പ്രസംഗം നടത്തിയത്. ദൈവത്തിന്റെ സ്വന്തം നാട്ടിലെ സന്ദര്‍ശനത്തിലൂടെ താന്‍ അനുഗ്രഹീതനായിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്കുള്ള സഞ്ചാരസാധ്യത വികസിപ്പിച്ച് നടപ്പിലാക്കുന്ന പില്‍ഗ്രിമേജ് ടൂറിസം പദ്ധതിയില്‍ കേരളത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുമെന്നും അത്തരത്തില്‍ ഒന്നാണ് തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട് തുടങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു. വിനോദസഞ്ചാര മേഖലയ്ക്ക് പ്രാമുഖ്യം നല്‍കിയുള്ള പദ്ധതികളാണ് രാജ്യവ്യാപകമായി നടപ്പിലാക്കുന്നത്. ഇ-വിസ സൗകര്യവും സ്വദേശ് ദര്‍ശനും പ്രസാദ് പദ്ധതിയും വലിയ മാറ്റത്തിനിടയാക്കും. ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന വിനോദസഞ്ചാര മേഖലയാണ് ഇവിടുത്തേത്. വിദേശസഞ്ചാരികളുടെ എണ്ണത്തിലെ വര്‍ധനയാണ് ഇതിന് തെളിവ്. ഈ നേട്ടത്തിന്റെ ഫലമായി വിദേശനാണ്യ വിനിമയത്തില്‍ ഇരട്ടി വര്‍ധനയും ഉണ്ടായി.

യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ദേശീയപാതകളുടെ നിലവാരം ഉയര്‍ത്തുകയാണ്. മുംബൈ-കന്യാകുമാരി ഇടനാഴി യാഥാര്‍ത്ഥ്യമാക്കും. ഭൗതികസാഹചര്യ വികസനം നടപ്പാക്കുക വഴി തൊഴില്‍ അവസരങ്ങള്‍ വര്‍ധിപ്പിക്കാനുമായി. പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നതിലെ കാലതാമസം ഒഴിവാക്കുന്നതിനുള്ള നടപടികളും സ്വീകരിക്കുകയാണ്. ഗ്രാമീണ മേഖലയില്‍ റോഡ് വികസനം ഉള്‍പ്പടെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ വലിയ കുതിപ്പാണ് സാധ്യമാക്കിയത് – പ്രധാനമന്ത്രി പറഞ്ഞു. ഭദ്രദീപം കൊളുത്തി ചടങ്ങ് ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി ശിലാഫലകവും അനാച്ഛാദനം ചെയ്തു.

ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിച്ചു. ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം, കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ, വനം വകുപ്പ് മന്ത്രി കെ. രാജു, എം.പി. മാരായ എന്‍. കെ. പ്രേമചന്ദ്രന്‍, കെ. സോമപ്രസാദ്, സുരേഷ്‌ഗോപി, വി. മുരളീധരന്‍, എം. എല്‍. എ മാരായ എം. മുകേഷ്, എന്‍. വിജയന്‍പിള്ള, ഒ. രാജഗോപാല്‍ പങ്കെടുത്തു. പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ പദ്ധതി വിശദീകരണവും നടത്തി.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com