തനിക്കും കുടുംബത്തിനും കോവിഡ് പോസിറ്റീവ് ആയിരുന്നതായി ഹോളിവുഡ് താരം ഡ്വെയ്ന്‍ ജോണ്സണ്. നടനൊപ്പം ഭാര്യ ലോറെന്, മക്കളായ ജാസ്മിന് , ടിയാന തുടങ്ങിയവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരുന്നത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലാണ് ഇക്കാര്യം മുന്‍ ഡബ്യൂഡബ്യൂഇ താരം കൂടിയായ ഡ്വെയ്ന്‍ ആരാധകരെ അറിയിച്ചത്. അതേസമയം ഇപ്പോള്‍ താനും കുടുംബവും രോഗമുക്തരായെന്നും അദ്ദേഹം അറിയിച്ചു. കുടുംബ സുഹൃത്തുക്കളില്‍ നിന്നുമാണ് ഡ്വെയ്നും കുടുംബത്തിനും വൈറസ് പകര്‍ന്നത്.
കോവിഡിനെ അഭിമുഖീകരിക്കേണ്ടി വന്നത് ജീവിതത്തിലെ എറ്റവും പ്രയാസം നിറഞ്ഞ സമയമായിരുന്നു എന്ന് ഡ്വെയ്ന്‍ ജോണ്സണ് പറയുന്നു. മക്കള്‍ക്ക് കാര്യമായ ബുദ്ധിമുട്ടൊന്നും ഇല്ലായിരുന്നെങ്കിലും തനിക്കും ഭാര്യയ്ക്കും വല്ലാത്ത മനപ്രയാസം അനുഭവിക്കേണ്ടി വന്നതായും നടന് പറഞ്ഞു. കുടുംബത്തിലുളളവരെയും പ്രിയപ്പെട്ടവരെയും സംരക്ഷിക്കുക എന്നതിന് താന്‍ ഏറെ പ്രാധാന്യം നല്‍കുന്നുണ്ട്. അതിനാല്‍ തനിക്ക് മാത്രം രോഗം വന്നിരുന്നുവെങ്കില്‍ എന്ന് ആഗ്രഹിച്ചിരുന്നതായും റോക്ക് പറഞ്ഞു.
കൂടാതെ മാസ്ക് ധരിച്ചും സാമൂഹിക അകലം പാലിച്ചും കോവിഡിനെതിരെ ജാഗരൂകരാകാന്‍ നടന് ആരാധകരോട് ആവശ്യപ്പെട്ടു. തനിക്ക് എന്നും പ്രഥമ പരിഗണന കുടുബത്തിന്റെ സുരക്ഷയാണെന്നും മുന്‍പ് പലതരം മുറിവുകളും ഒടിവുകളും വന്നിട്ടുണ്ടെങ്കിലും കോവിഡ് പോസിറ്റീവ് ആയത് വ്യത്യസ്തമായ അനുഭവമായിരുന്നു എന്നും നടന് വീഡിയോയില്‍ പറഞ്ഞു.
ഹോളിവുഡില്‍ എറ്റവും കൂടുതല്‍ താരമൂല്യമുളള നടന്മാരില് ഒരാളാണ് ഡ്വെയ്ന്‍ ജോണ്സണ്. ദ റോക്ക് എന്ന വിളിപ്പേരിലും അറിയപ്പെടുന്ന നടന് ലോകമെമ്ബാടുമായി ആരാധകരും ഏറെയാണ്. പ്രൊഫഷണല്‍ റെസ്ലര് ആയി തിളങ്ങിയ ശേഷമാണ് സിനിമയിലേക്കും ഡ്വെയ്ന്‍ ജോണ്സണ് എത്തിയത്. ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് സീരീസ്, റാംപേജ്, ദ സ്കോര്‍പിയന്‍ കിംഗ്, ദ ഗെയിം പ്ലാന്‍, സാന്‍ ആന്‍ഡ്രിയാസ് തുടങ്ങിയ ഡ്വെയന്‍ ജോണ്സണിന്റെതായി ശ്രദ്ധിക്കപ്പെട്ട സിനിമകളാണ്.
കഴിഞ്ഞ വര്‍ഷമാണ് 2007 മുതല്‍ തന്റെ കാമുകിയായ ലോറെയ്ന്‍ ഹാഷിയാനെ നടന് വിവാഹം കഴിച്ചത്. ഹവായില്‍ വെച്ച് നടന്ന വിവാഹ ചടങ്ങിന്റെ ചിത്രങ്ങള്‍ ഡ്വെയ്ന്‍ തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ചിരുന്നു. ഡാനി ഗ്രേസിയ ആണ് റോക്കിന്റെ മുന്‍ഭാര്യ. 1997ല്‍ വിവാഹിതരായ ഇരുവരും 2007ല്‍ വിവാഹ മോചിതരാവുകയായിരുന്നു. തുടര്‍ന്നാണ് തന്റെ രണ്ട് മക്കളുടെ അമ്മ കൂടിയായ ലോറെയ്നെ ഡ്വെയ്ന്‍ വിവാഹം കഴിച്ചത്.