31
Saturday
October 2020

പ്രളയക്കെടുതിയിൽ കെ.എസ്.ആർ.ടി.സി; ഓണത്തിനു ബോണസില്ല

Google+ Pinterest LinkedIn Tumblr +

തിരുവനന്തപുരം: പ്രളയക്കെടുതിയുടെ ദുരിതക്കയത്തിൽ മുങ്ങിത്താഴുകയാണ് കെ.എസ്.ആർ.ടി.സി. കാലവർഷത്തെ തുടർന്നുള്ള വെള്ളപ്പൊക്കം കാരണം സർവീസുകളും ഷെഡ്യൂളുകളും നിർത്തി വയ്ക്കേണ്ടി വന്നതിലൂടെ പ്രതിദിനം നാലു കോടിയുടെ നഷ്ടമാണ് കെ.എസ്.ആർ.ടി.സിക്ക് സംഭവിച്ചിരിക്കുന്നത്. ഈയൊരു പശ്ചാത്തലത്തിൽ ഓണക്കാലത്ത് നൽകിവരുന്ന ബോണസും ഫെസ്റ്റിവൽ അലവൻസും ഇത്തവണ നൽകാൻ കഴിയുന്ന കാര്യം സംശയത്തിലാണ്.

വെള്ളപ്പൊക്കം കാരണം സർവീസുകൾ മുടങ്ങിയതിന്‍റെ പിന്നാലെ സംസ്ഥാനത്ത് നേരിട്ട ഡീസൽ ദൗർലഭ്യം കാരണം 25 ശതമാനം ഷെഡ്യൂളുകളും വെട്ടിച്ചുരുക്കാനും മാനേജ്മെന്‍റ് തീരുമാനിച്ചിരിക്കുകയാണ്. ഇതോടെ ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്ന ഓണക്കാലത്ത് ഷെഡ്യൂളുകൾ കുറയ്ക്കുന്നതോടെ കെ.എസ്.ആർ.ടി.സിയുടെ നഷ്ടം വർധിക്കാനും സാദ്ധ്യതയേറെയാണ്.

വൻതുക കടബാധ്യതയുള്ള കെ.എസ്.ആർ.ടി.സിക്ക് വീണ്ടും കടം നൽകാനാവില്ലെന്ന് ഇന്ധന കമ്പനികളും ടയർ കമ്പനികളും നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. അതേസമയം, പ്രതിസന്ധി മറികടക്കാൻ സർക്കാരിനോട് 95 കോടി ആവശ്യപ്പെട്ടിരുന്നു എങ്കിലും ലഭിച്ചത് 20 കോടി രൂപ മാത്രമെന്നും കോർപറേഷൻ അറിയിച്ചു.

ചെങ്ങന്നൂർ, റാന്നി, എറണാകുളം, തൃശൂർ ഡിപ്പോകളിലെ സർവീസുകളാണ് വെള്ളപ്പൊക്കം കാരണം കെ.എസ്.ആർ.ടി.സിക്ക് ഏറ്റവും കൂടുതൽ റദ്ദാക്കേണ്ടി വന്നത്. ഇതിനോടൊപ്പം കാലവർഷത്തിൽ ഏറെക്കുറെ തകർന്ന റോഡുകളിലൂടെ സർവീസ് നടത്തുന്നത് ദുഷ്കരമാണെന്ന് ഡ്രൈവർമാരും പറയുന്നു.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com