തിരുവനന്തപുരം: സ്നേഹത്തിൻ്റെ മാതൃകയായി പാങ്ങോട് ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങള്‍. മുതുവിളയില്‍ പ്രവര്‍ത്തിക്കുന്ന സ്നേഹതീരം ചാരിറ്റബിള്‍ ട്രസ്റ്റിലെ അശരണരായ നൂറോളം സ്തീകള്‍ക്കും ഒരു പെണ്‍കുഞ്ഞിനും പുത്തന്‍ വസ്ത്രങ്ങള്‍ സമ്മാനിച്ചാണ് കുടുംബശ്രീ അംഗങ്ങള്‍ സ്നേഹസാന്നിദ്ധ്യമറിയിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് ഗീതയും കുടുംബശ്രീ ചെയര്‍പേഴ്സണ്‍ സുനിതയും ചേര്‍ന്നാണ് വസ്ത്രങ്ങളും പുതപ്പുകളുമടങ്ങിയ സ്നേഹപ്പൊതി നല്‍കിയത്.
സ്നേഹതീരത്തിലെ അന്തേവാസികള്‍ക്കു പുറമെ പ്രളയ ബാധിത പ്രദേശമായ റാന്നിയിലേക്കും 100 ബെഡ്ഷീറ്റുകളും 150 നൈറ്റികളും കുടുംബശ്രീ അംഗങ്ങള്വാങ്ങി നല്കി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് കുടുംബശ്രീ പ്രവര്‍ത്തകരുടെ ഒരാഴ്ചത്തെ സമ്പാദ്യം നല്‍കിയും ഇവര്‍ മാതൃകയായി. 96,025 രൂപയാണ് പ്രവര്‍ത്തകര്‍ ശേഖരിച്ച് നല്‍കിയത്. ദുരിതാശ്വാസ ഫണ്ടിലേക്കായി പണം ശേഖരിക്കുന്നത് തുടരുന്നതായും ഇവര്‍ പറഞ്ഞു.