28
Wednesday
October 2020

പ്രളയ പുനരധിവാസത്തിന് കൈത്താങ്ങുമായി കുടുംബശ്രീ; 50,000 പേര്‍ക്ക് സൗജന്യ തൊഴില്‍ പരിശീലനം

Google+ Pinterest LinkedIn Tumblr +

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രളയക്കെടുതിയില്‍ ഉപജീവന മാര്‍ഗങ്ങള്‍ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് വരുമാന മാര്‍ഗം കണ്ടെത്തി നല്‍കുന്നതിന്റെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ 50,000 പേര്‍ക്ക് സൗജന്യ സ്വയംതൊഴില്‍ പരിശീലനം നല്‍കുന്നു. ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന എറൈസ് എന്ന പേരിലുള്ള മൂന്ന് മാസ സ്വയംതൊഴില്‍ പരിശീലന പരിപാടിയുടെ ക്യാംപെയിനിന് തുടക്കമായി.
ഡാറ്റാ എന്‍ട്രി, പഌബിങ്ങ്, ഇലക്‌ട്രോണിക് റിപ്പയറിങ്ങ്, ഇലക്ട്രിക്കല്‍ ജോലികള്‍, കൃഷി അനുബന്ധ ജോലികള്‍, ലോണ്‍ട്രി ആന്‍ഡ് അയണിങ്ങ്, സെയില്‍സ്, ഹൗസ് കീപ്പിങ്ങ്, ഡേ കെയര്‍ എന്നിങ്ങനെ പത്തോളം മേഖലകളിലാണു പരിശീലനം നല്‍കുന്നത്.
പ്രളയം ബാധിക്കാത്ത മേഖലകളില്‍ കഴിയുന്ന സ്വയംതൊഴില്‍ ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ക്കും പരിശീലന പദ്ധതിയില്‍ ചേരാം. കുടുംബശ്രീ വനിതകള്‍ക്ക് പുറമേ കുടുംബശ്രീ കുടുംബാംഗങ്ങളായ പുരുഷന്‍മാര്‍ക്കും പരിപാടിയില്‍ പങ്കെടുക്കാം. പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യുന്ന എല്ലാവര്‍ക്കും പരിശീലനം ലഭ്യമാക്കും. ഡിസംബര്‍ 15 മുതല്‍ ജനുവരി ഒന്നു വരെയുള്ള സി.ഡി.എസുകള്‍ മുഖേനയാണു പേര് രജിസ്റ്റര്‍ ചെയ്യേണ്ടത്. ജനുവരി ഒന്നു മുതല്‍ മാര്‍ച്ച് 31 വരെയുള്ള കാലയളവിലാണ് പരിശീലനം.
സര്‍ക്കാര്‍ അംഗീകൃത തൊഴില്‍ പരിശീലന സ്ഥാപനങ്ങള്‍ വഴിയും കുടുംബശ്രീ എംപാനല്‍ ചെയ്തിട്ടുള്ള പരിശീലക ഏജന്‍സികള്‍ മുഖേനയുമായിരിക്കും പരിശീലനം. അഞ്ച് മുതല്‍ ഇരുപത്തിയൊന്ന് ദിവസം വരെ ദൈര്‍ഘ്യമുളള പരിശീലനമാണ് നല്‍കുക. പരിശീലനത്തിനു ശേഷം സൂക്ഷ്മ സംരംഭങ്ങള്‍ ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കാവശ്യമായ സാമ്പത്തിക പിന്തുണയും തുടര്‍പരിശീലനവും കുടുംബശ്രീ നല്‍കും. കോഴ്‌സുകളില്‍ ചേരാന്‍ പ്രായപരിധി നിശ്ചയിച്ചിട്ടുണ്ട്.
സ്വയംതൊഴില്‍ പരിശീലന ക്യാമ്പെയ്‌ന്റെ ഭാഗമായി തയ്യാറാക്കിയ പോസ്റ്റര്‍ തദ്ദേശ സ്വയംഭരണ മന്ത്രി എ. സി. മൊയ്തീന്‍ കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എസ്. ഹരികിഷോറിന് നല്‍കി പ്രകാശനം ചെയ്തു. കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍മാരായ നിരഞ്ജന എന്‍. എസ്., അമൃത ജി. എസ്., സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ സുചിത്ര എന്നിവര്‍ പങ്കെടുത്തു. എല്ലാ ജില്ലകളിലും പദ്ധതിക്കുള്ള ക്യാമ്പെയ്ന്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com