6
Thursday
May 2021

രോഗ പ്രതിരോധ, ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് കുടുംബശ്രീ നേതൃത്വം നല്‍കും

Google+ Pinterest LinkedIn Tumblr +

കല്‍പ്പറ്റ: കാലവര്‍ഷക്കെടുത്തിക്ക് ശേഷമുള്ള ജില്ലയിലെ രോഗപ്രതിരോധ – ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്കും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കും കുടുംബശ്രീ നേതൃത്വം നല്‍കും. ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ശുചിത്വ മിഷനും ഹരിത കേരള മിഷനും നടത്തുന്ന പരിപാടികള്‍ക്ക് പ്രാദേശിക തലത്തില്‍ കുടുംബശ്രീ നേതൃത്വം നല്‍കണമെന്ന് നിര്‍ദ്ദേശിച്ചു. പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കാന്‍ ആരോഗ്യ വകുപ്പും തദ്ദേശഭരണ സ്ഥാപനങ്ങളുമായി സഹകരിച്ചുള്ള ആരോഗ്യ രോഗപ്രതിരോധ ബോധവല്‍ക്കരണ പരിപാടികള്‍ക്കും വ്യാഴാഴ്ച തുടക്കമായി. ജില്ലയിലെ എല്ലാ സി.ഡി.എസുകളില്‍ നിന്നും ഓരോ റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്. ഇവരുടെ നേതൃത്വത്തില്‍ എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലും ബോധവര്‍ക്കരണ ക്ലാസുകള്‍ നടത്തും. അതത് സി.ഡി.എസുകള്‍ക്ക് കീഴിലുള്ള മുഴുവന്‍ അയല്‍ക്കൂട്ടങ്ങളിലെയും പ്രസിഡന്റിനോ സെക്രട്ടറിക്കോ പരിശീലനം നല്‍കും. മെഡിക്കല്‍ ഓഫീസര്‍മാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവരാണ് ക്ലാസുകള്‍ നയിക്കുന്നത്. പരിശീലനം ലഭിച്ചവര്‍ തൊട്ടടുത്ത അയല്‍ക്കൂട്ട യോഗത്തില്‍ ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ അംഗങ്ങളെ അറിയിക്കണം. വെള്ളപ്പൊക്കം ബാധിക്കാത്ത ഇടങ്ങളിലും പകര്‍ച്ച വ്യാധികള്‍ക്ക് സാധ്യതയുള്ളതിനാല്‍ എല്ലാ തദ്ദേശഭരണ സ്ഥാപന തലത്തിലും ബോധവല്‍ക്കരണം നടത്താനാണ് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.

ജില്ലയില്‍ 9250 അയല്‍ക്കൂട്ടങ്ങളിലായി 1.27 ലക്ഷം അംഗങ്ങളാണുള്ളത്. പരമാവധി അംഗങ്ങളെ പങ്കെടുപ്പിക്കണമെന്ന് സി.ഡി.എസുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതിനാല്‍ വിവരങ്ങള്‍ പരമാവധി താഴെത്തട്ടില്‍ വേഗത്തിലെത്തുമെന്നാണ് പ്രതീക്ഷ. അതോടൊപ്പം വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലെല്ലാം വ്യാഴാഴ്ച മുതല്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കമാവും. ഒരു വാര്‍ഡില്‍ നിന്നും 50 കുടുംബശ്രീ അംഗങ്ങള്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകണമെന്നാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. പല സ്ഥലങ്ങളിലും ഇതിനകം തന്നെ കുടുംബശ്രീ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വീടുകളും ക്യാമ്പുകളും ശുചീകരിക്കുന്നതിന് തുടക്കമിട്ടിട്ടുണ്ട്. ഹരിത കര്‍മ്മസേനയുടെയും സി.ഡി.എസ് കമ്മിറ്റിയുടെയും നേതൃത്വത്തിലാണ് നിലവില്‍ ശുചീകരണം. കൂടാതെ പല അയല്‍ക്കൂട്ടാംഗങ്ങളും സ്വന്തം നിലയിലും സന്നദ്ധ പ്രവര്‍ത്തകരോടൊത്തും ശുചീകരണം നടത്തുന്നുണ്ട്. എന്നാല്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കേണ്ടതുണ്ടെന്നും കൂടുതല്‍ സംഘടിതമായി നടത്തണമെന്നും നിര്‍ദ്ദേശം വന്നതിനാല്‍ പഞ്ചായത്ത് തല കോര്‍ഡിനേഷന്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ മുഴുവന്‍ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കും. അതത് വാര്‍ഡ് അംഗങ്ങളുടെ നേതൃത്വത്തിലായിരിക്കും തദ്ദേശ ഭരണ സ്ഥാപനതലത്തില്‍ ശുചീകരണം നടത്തുക. നിലവില്‍ കുടുംബശ്രീ നടത്തി വരുന്ന ആരോഗ്യ ജാഗ്രത കാമ്പയിന്റെ തുടര്‍ച്ചയായാണ് ഈ പ്രവര്‍ത്തനങ്ങളെല്ലാം നടത്തുകയെന്ന് ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി. സാജിത പറഞ്ഞു.

ജില്ലയിലെ എല്ലാ കുടുംബശ്രീ അംഗങ്ങളും ഈ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കുടുംബശ്രീ സംസ്ഥാന തലത്തില്‍ സ്വരൂപിക്കുന്ന തുകയിലേക്കുള്ള ജില്ലയുടെ വിഹിതം ഉടന്‍ കൈമാറും. കുടുംബശ്രീ അംഗങ്ങളുടെ ജെ.എല്‍.ജി, ലിങ്കേജ് വായ്പകള്‍ക്കും മൊറൊട്ടോറിയം ബാധകമാക്കണമെന്ന് സംസ്ഥാന മിഷനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. കാര്‍ഷിക, സംരംഭ മേഖലകളില്‍ കുടുംബശ്രീ അംഗങ്ങള്‍ക്കുണ്ടായ നഷ്ടം സംബന്ധിച്ച കണക്കുകള്‍ ക്രോഡീകരിച്ച് നല്‍കുന്നതിന് സി.ഡി.എസുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കല്‍പ്പറ്റ നഗരസഭയിലുള്‍പ്പെടെ ചില സി.ഡി.എസ് ഓഫീസുകളില്‍ തന്നെ വെള്ളം കയറിയത് മൂലം ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട്. ഇവ സംബന്ധിച്ച പൂര്‍ണ്ണമായ കണക്ക് ശേഖരിച്ച് സംസ്ഥാന മിഷന് റിപ്പോര്‍ട്ട് നല്‍കുമെന്നും കോ- ഓര്‍ഡിനേറ്റര്‍ അറിയിച്ചു.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com