10
Saturday
April 2021

ഉത്തരവാദിത്തം നിർവഹിക്കുന്ന പോലീസ് ഉദ്യോഗസ്ഥരെ അവഹേളിക്കുന്നവർക്കെതിരെ നിയമനടപടി; മുഖ്യമന്ത്രി

Google+ Pinterest LinkedIn Tumblr +

പത്തനംതിട്ട: നിയമപരമായ ഉത്തരവാദിത്തം നിർവഹിക്കുന്ന പോലീസ് ഉദ്യോഗസ്ഥരെ സമൂഹമാധ്യമങ്ങളിൽ അവഹേളിക്കുന്നവരെ നിയമത്തിനുമുന്നിൽ കൊണ്ടുവരാൻ കർശനനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സ്‌പെഷ്യൽ ആംഡ് പോലീസിന്റെ ഇരുപതാമത് ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡിൽ അഭിവാദ്യം സ്വീകരിച്ച് പേരൂർക്കട എസ്.എ.പി ഗ്രൗണ്ടിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പോലീസ് നിയമപരമായി ചെയ്യേണ്ട ഉത്തരവാദിത്തം നിർവഹിക്കാൻ ബാധ്യസ്ഥരാണ്. മതവും വിശ്വാസവും പരിഗണിച്ചല്ല അവർ ജോലി നിർവഹിക്കുന്നത്. അത്തരം ഭീഷണിക്കും സ്വാധീനത്തിനും വഴങ്ങുന്ന ഒരാളും സംസ്ഥാന പോലീസിലില്ല.

നിയമപരമായ ജോലി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥരെ മതത്തിന്റെയും വിശ്വാസത്തിന്റെയും പേരിൽ സമൂഹമാധ്യമങ്ങളിലൂടെ അവഹേളിക്കുന്ന പ്രവണത ശക്തമാണ്. അത്തരം പ്രവണതകളിൽ ഏർപ്പെടുന്നവരെ നിയമത്തിനുമുന്നിൽ കൊണ്ടുവരുന്നതിന് സർക്കാരും പോലീസും നടപടി സ്വീകരിക്കും. പരിശീലനത്തിൽ ലഭിച്ച അറിവുകൾ പ്രായോഗികബുദ്ധിയുടെ പിന്തുണയോടെ പ്രവൃത്തിപഥത്തിൽ എത്തിക്കണം. ജനാധിപത്യസമൂഹത്തിന് അനുഗുണമായി പോലീസിനെ പരിവർത്തനം ചെയ്യുന്ന രീതിയിലാണ് മുന്നോട്ടുപോകുന്നത്. പൊതുജനം പോലീസിൽനിന്ന് പ്രതീക്ഷിക്കുന്നത് സംസ്‌കാരസമ്പന്നമായ പെരുമാറ്റമാണ്. അതിനനുസരിച്ചുള്ള കാലാനുസൃത പരിശീലനം നൽകുകയാണ് സർക്കാർ ലക്ഷ്യം. വകുപ്പിനെക്കുറിച്ചുള്ള സമഗ്രമായ അറിവിനൊപ്പം നാടിന്റെ ചരിത്രം, സംസ്‌കാരം എന്നിവയും പരിശീലനത്തിൽ നൽകിയിട്ടുണ്ട്. താരതമ്യേന മെച്ചപ്പെട്ട സിലബസാണ് നിലവിൽ പരിശീലനത്തിന് ഉപയോഗിക്കുന്നത്. ഇനിയും കാലോചിതമായി പരിഷ്‌കരിക്കും.

ഉന്നതവിദ്യാഭ്യാസമുള്ള ഒട്ടേറെപ്പേർ പോലീസ് സേനയിലേക്ക് കടന്നുവരുന്നുണ്ട്. അവർ ആർജിച്ച വിദ്യാഭ്യാസവും കഴിവും എങ്ങനെ വകുപ്പിനായി ഉപയോഗിക്കാം എന്ന് സമഗ്രമായി പരിശോധിക്കുന്നുണ്ട്. നേരത്തെ നിയമിച്ചവരെയും ആനിലയിൽ ഉപയോഗിക്കുന്നുണ്ട്. പോലീസ് സർക്കാരിന്റെ മുഖമായതിനാൽ നല്ല വിദ്യഭാഭ്യാസമുള്ളവരുടെ കടന്നുവരവ് മുഖച്ഛായ കൂടുതൽ മെച്ചപ്പെടുത്തും. പ്രളയകാലത്ത് രക്ഷാപ്രവർത്തനത്തിന് ആദ്യമേ മുന്നിട്ടിറങ്ങിയതും അവസാനം വരെ രംഗത്തുണ്ടായിരുന്നതും പോലീസാണ്. പുതിയ ട്രെയിനികൾക്കും ഇതിന് അവസരം ലഭിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

പരിശീലനം പൂർത്തിയാക്കിയ ബാച്ചിലെ വരുൺഘോഷായിരുന്നു പരേഡ് കമാൻഡൻറ്. ജിഷ്ണു എസ്.പി ആയിരുന്നു സെക്കൻറ് കമാൻഡൻറ്. പരിശീലനകാലഘട്ടത്തിൽ വിവിധ മേഖലകളിൽ മികവു തെളിയിച്ചവർക്കുള്ള ട്രോഫിയും മുഖ്യമന്ത്രി വിതരണം ചെയ്തു. 251 പേരാണ് പരിശീലനം പൂർത്തിയാക്കി സേനയിൽ പ്രവേശിച്ചത്.

സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, എസ്.എ.പി കമാൻഡൻറ് ടി.എഫ്. സേവ്യർ, മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com