കൊല്ലം: ജില്ലയില്‍ എലിപ്പനി ബാധിച്ചതായി സംശയിക്കപ്പെടുന്ന ഒരാള്‍ മരിക്കുകയും വിവിധ ഭാഗങ്ങളില്‍ എട്ടുപേരില്‍ രോഗം സ്ഥിരീകരിക്കുകയും ചെയ്ത സാഹചര്യത്തില്‍ പ്രതിരോധ ചികിത്സാ സംവിധാനങ്ങള്‍ വിപുലീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വി. വി. ഷേര്‍ളി അറിയിച്ചു. രോഗം ബാധിച്ചതായി സംശയിക്കപ്പെടുന്ന പരവൂര്‍ നെടുങ്ങോലം കൂനയില്‍ രാജിഭവനില്‍ സുജാത (55) ആണ് ഇന്നലെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ മരിച്ചത്. നെടുമണ്‍കാവ്, പത്തനാപുരം, അഞ്ചല്‍, പടിഞ്ഞാറേക്കല്ലട, പാലത്തറ മേഖലകളിലായാണ് എട്ട് പേരില്‍ രോഗം സ്ഥിരീകരിച്ചത്.
ജില്ലാ ആശുപത്രി, കരുനാഗപ്പള്ളി, കൊട്ടാരക്ക, പുനലൂര്‍, ശാസ്താംകോട്ട താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രികള്‍, കടയ്ക്കല്‍, നീണ്ടകര താലൂക്ക് ആശുപത്രികള്‍ എന്നിവിടങ്ങളില്‍ ആറ് കിടക്കകളുള്ള എലിപ്പനി വാര്‍ഡ് ആരംഭിച്ചു. ഇവിടെ ഫിസിഷ്യന്‍, പീഡിയാട്രിഷ്യന്‍, അനസ്തറ്റിസ്റ്റ് എന്നിവരടങ്ങുന്ന വിദഗ്ധ സംഘത്തെ പ്രത്യേകമായി നിയോഗിച്ചിട്ടുണ്ട്. ഈ ആശുപത്രികളിലെല്ലാം അവശ്യ മരുന്നുകളായ ഡോക്സിസൈക്ലിന്‍, ഇന്ജക്ഷന് സി. പി., ഇന്ജക്ഷന് സെഫ്ട്രിയാക്സോണ് എന്നിവ ലഭ്യമാണ്.
എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും സജ്ജമാക്കിയിട്ടുള്ള ഡോക്സി കോര്‍ണറുകളിലും ഡോക്സിസൈക്ലിന്‍ ലഭ്യമാക്കിയിട്ടുണ്ട്. പഞ്ചായത്തുതലത്തില്‍ ആശാ, ആരോഗ്യ പ്രവര്‍ത്തകരുടെ സേവനം പ്രയോജനപ്പെടുത്തി പ്രളയ മേഖലകളില്‍ രക്ഷാദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവരെ കണ്ടെത്തി പ്രതിരോധ മരുന്ന് നല്കിവരുന്നു. രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായ എല്ലാ മത്സ്യത്തൊഴിലാളികള്‍ക്കും ഡോക്സിസൈക്ലിന്‍ നല്‍കിക്കഴിഞ്ഞു.
ജില്ലാ ആശുപത്രിയിലും കരുനാഗപ്പള്ളി, നീണ്ടകര ആശുപത്രികളിലും നിലവില്‍ രണ്ട് ഷിഫ്റ്റുകളില്‍ ലഭ്യമായ ഡയാലിസിസ് സൗകര്യം മൂന്ന് ഷിഫ്റ്റുകളാക്കാന്‍ നടപടി സവീകരിച്ചിട്ടുണ്ട്. എല്ലാ സ്വകാര്യ ആശുപത്രികളും ചികിത്സാ മാര്‍ഗരേഖ പാലിച്ചുതന്നെ എലിപ്പനി ചികിത്സ നടത്തണമെന്നും എലിപ്പനി സംശയിക്കുന്നതോ സ്ഥിരികരിച്ചതോ ആയ കേസുകള്‍ അതത് ദിവസംതന്നെ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അവശ്യ മരുന്നുകളായ ഡോക്സിസൈക്ലിന്‍, ഇന്ജെക്ഷന് സി.പി., സെഫ്ട്രിയാക്സോണ് എന്നിവ സ്റ്റോക്കുണ്ടാകണമെന്നും ഇതുമായി ബന്ധപ്പെട്ട് എല്ലാ സ്വകാര്യ ആശുപത്രികളിലും പരിശോധന നടത്തുമെന്നും ഡി.എം.ഒ. അറിയിച്ചു.