3
Wednesday
March 2021

വന്ധ്യതാ ചികിത്സയിലെ ലൈഫ് ലൈൻ മാതൃക

Google+ Pinterest LinkedIn Tumblr +

അടൂർ: പത്തനംതിട്ടയിലെ മങ്ങാട് കാലായിൽ സഖറിയായുടെയും ശോശാമ്മയുടെയും ആറുമക്കളിൽ മൂത്തയാളായ പാപ്പച്ചന് പഠിച്ച് ഡോക്ടറാകാനായിരുന്നു ആഗ്രഹം. അയൽക്കാരനായ ഡോ.ദാമോധരനായിരുന്നു അതിനു പ്രചോദനമായത്. ഡോക്ടറുടെ ശാന്തമായ സ്വഭാവവും രോഗികളോടുള്ള സൗമ്യമായ പെരുമാറ്റവും കുഞ്ഞു പാപ്പച്ചനെ ആകർഷിച്ചു. സ്വപ്നത്തിന് ചിറകു നൽകി. അപ്പച്ചനോട് ആഗ്രഹം പറഞ്ഞു. മക്കളുടെ പഠനകാര്യത്തിന് അതീവശ്രദ്ധ പുലർത്തിയിരുന്നു ആ പിതാവ് മറിച്ചൊന്നും പറഞ്ഞില്ല. മകനെ ഓർത്ത് അഭിമാനിച്ചു.

പഠിക്കാൻ മിടുക്കനായിരുന്നു പാപ്പച്ചൻ. പഠിച്ച ക്ലാസ്സുകളിലെല്ലാം ഒന്നാം സ്ഥാനത്ത്. 1975 ൽ ബിഎസ്സി സുവോളജി റാങ്കോടെയാണ് പാസായത്. മെഡിക്കൽ എൻട്രൻസ് കടമ്പ അനായാസം കടന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എംബിബിഎസിന് പ്രവേശനം ലഭിച്ചു. പക്ഷെ, പഠനകാലത്ത് വെറുമൊരു മെഡിക്കൽ വിദ്യാർത്ഥി മാത്രമായി ഒതുങ്ങിക്കൂടാൻ പാപ്പച്ചന് കഴിഞ്ഞില്ല, രോഗികളോട് ചേർന്നുനിന്ന് അവരുടെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കി. മരുന്നിനേക്കാൾ രോഗികൾക്കു വേണ്ടത് ഡോക്ടറുടെ സ്‌നേഹപൂർണമായ സമീപനമാണെന്ന തിരിച്ചറിവാണ് അതിൽ നിന്നും പാപ്പച്ചന് ലഭിച്ചത്.

ജനങ്ങൾക്കിടയിലേക്ക്

എംബിബിഎസിനുശേഷം ഗൈനക്കോളജിയിൽ ഉപരിപഠനത്തിനു ചേർന്നു. സുഹൃത്തുക്കൾ പോലും അമ്പരന്നു. സ്ത്രീകളുടെ കുത്തകയായ ഗൈനക്കോളജിയിൽ ഒരു പുരുഷനോ? ആദ്യമൊക്കെ ബന്ധുക്കളും സുഹൃത്തുക്കളും നിരുത്സാഹപ്പെടുത്തി. പക്ഷെ, തീരുമാനത്തിൽ പാപ്പച്ചൻ ഉറച്ചുനിന്നു. വഷളായിക്കൊണ്ടിരിക്കുന്ന സ്ത്രീകളുടെ ആരോഗ്യസ്ഥിതി മാത്രമായിരുന്നു അപ്പോൾ പാപ്പച്ചൻ്റെ മുന്നിൽ. സാധ്യമായത് ചെയ്യുക.

പഠനം പൂർത്തിയാക്കി 1984 ൽ ഡോ.പാപ്പച്ചൻ സർക്കാർ സർവ്വീസിൽ പ്രവേശിച്ചു. കോന്നി താലൂക്ക് ആശുപത്രിയിലായിരുന്നു ആദ്യ നിയമനം. തീർത്തും ഗ്രാമ പ്രദേശം. കർഷകരായ ജനങ്ങൾ. സ്നേഹസമ്പന്നർ. അവരുടെ ആരോഗ്യപ്രശ്നങ്ങളിൽ സജീവമായി ഇടപെട്ടു. നാട്ടിലെ ആശുപത്രിയിൽ ഗൈനക്കോളജിസ്റ് എത്തിയത് നാട്ടുകാർക്ക് ഉപകാരപ്രദമായി. അധികം വൈകാതെ കോന്നിക്കാരുടെ പ്രീയപ്പെട്ട ഡോക്ടറായി പാപ്പച്ചൻ.

ജനസംഖ്യ നിയന്ത്രണത്തിനായി സർക്കാർ ആവിഷ്‌ക്കരിച്ച വന്ധ്യംകരണ പദ്ധതിയിൽ ഡോക്ടർ പാപ്പച്ചൻ സജീവ സാന്നിധ്യമായി. ജനസംഖ്യാ വളർച്ച പിടിച്ചുനിർത്തേണ്ട ആവശ്യകത ജനങ്ങളെ ബോധ്യപ്പെടുത്തി. അതിനായി ക്യാമ്പുകൾ സംഘടിപ്പിച്ചു. പദ്ധതിയുടെ ഭാഗമായി അൻപതിനായിരത്തോളം വന്ധ്യംകരണ ശസ്ത്രക്രീയകൾ നടത്തി വാർത്തകളിൽ ഇടംനേടി. സർക്കാർ സംവിധാനങ്ങളുടെ പരിമിതിക്കുള്ളിൽ നിന്നുകൊണ്ടായിരുന്നു അദ്ദേഹം ഈ നേട്ടം കൈവരിച്ചത്. റാന്നി, പത്തനംതിട്ട തുടങ്ങിയ സ്ഥലങ്ങളിലും ഡോക്ടർ സേവനമനുഷ്ഠിച്ചു.

വന്ധ്യത എന്ന കണ്ണുനീർ

വന്ധ്യതയുടെ സങ്കടക്കടൽ ഉള്ളിലൊതുക്കി എല്ലാ പ്രതീക്ഷകളും കൈവിട്ട നിരവധി ദമ്പതികളെ ഡോ .പാപ്പച്ചൻ അവിടെ നേരിൽ കണ്ടു. ഗർഭം ധരിക്കാത്തതിന്റെ പേരിൽ വീട്ടിലും നാട്ടിലും ഒറ്റപ്പെട്ട സ്ത്രീകൾ. കുഞ്ഞുങ്ങൾ ഉണ്ടാകാത്തതിന്റെ പേരിൽ ഭർത്താവ് ഉപേക്ഷിച്ചവർ. ഗൈനക്കോളജി ക്ലാസ്സിൽ അറിഞ്ഞതിലും പഠിച്ചതിലും ഏറെ ആശങ്കാജനകമായിരുന്നു വർധിച്ചുവരുന്ന വന്ധ്യതയുടെ കണക്കുകൾ.

കുഞ്ഞിക്കാലുകാണാൻ മോഹിച്ച്, ചികിത്സതേടി എത്തുന്ന ദമ്പതികളുടെ എണ്ണം നാൾക്കുനാൾ ഏറിവന്നു. വന്ധ്യതക്ക് ചികിത്സതേടി എത്തുന്നവർക്ക് മരുന്ന് നൽകി മടക്കി അയക്കേണ്ട ദുഃഖകരമായ അവസ്ഥയായിരുന്നു സർക്കാർ ആശുപത്രികളിൽ. ഒടുവിൽ സർക്കാർ ജോലി ഉപേക്ഷിക്കാൻ തീരുമാനിച്ചു. പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ തുടർന്നു . വന്ധ്യതാ ചികിത്സയിൽ നൂതന സംവിധാനങ്ങൾ കൊണ്ടുവരേണ്ടതിന്റെ ആവശ്യം ഡോ. പാപ്പച്ചൻ തിരിച്ചറിഞ്ഞു.

ജർമ്മനിയിലും ഓസ്‌ട്രേലിയയിലും വന്ധ്യതാ ചികിത്സയിൽ ഉന്നത പഠനം നടത്തി. ഡൽഹി,മുംബൈ,ചെന്നൈ,ആഗ്ര എന്നിവിടങ്ങളിൽ നിന്നും വിദഗ്ദ്ധ പരിശീലനവും നേടി. തിരികെ നാട്ടിലെത്തുമ്പോൾ സ്വന്തമായൊരു വന്ധ്യതാചികിത്സാ കേന്ദ്രം എന്ന ആശയമായിരുന്നു അദ്ദേഹത്തിന്റെ മനസ്സുനിറയെ.

പ്രതീക്ഷയുടെ ലൈഫ് ലൈൻ

2005 ൽ ആ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടു. അത്യാധുനിക വന്ധ്യതാ ചികിത്സാ സംവിധാനങ്ങളുമായി അടൂർ – കായംകുളം റൂട്ടിലെ പതിനാലാം മൈലിൽ ലൈഫ് ലൈൻ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിന് തുടക്കമായി. അന്തരീക്ഷ മലിനീകരണം ഇല്ലാത്ത ഒരിടത്തായിരിക്കണം ആശുപത്രി എന്ന് നേരത്തെ തീരുമാനിച്ചിരുന്നു. അതാണ് ഈ സ്ഥലം തെരഞ്ഞെടുക്കാൻ കാരണം. അഞ്ചു ഡോക്ടർമാർ, അൻപതു കട്ടിലുകൾ പിന്നെ നിശ്ചയദാർഢ്യവും. അതായിരുന്നു ലൈഫ് ലൈൻ ഹോസ്പിറ്റലിന്റെ തുടക്കം.

വന്ധ്യതയുടെ ദുരിതം പേറുന്ന ദമ്പതികൾ ലൈഫ് ലൈനിൽ ഡോ. പാപ്പച്ചനെ തേടിയെത്തി. വർഷങ്ങളായി കുഞ്ഞുങ്ങളില്ലാത്തവർക്ക്‌ ലൈഫ് ലൈനിലെ ചികിത്സയിലൂടെ ഫലം കണ്ടു. ജില്ലകൾക്കപ്പുറത്തേക്ക്‌ ആശുപത്രിയുടെ പേരും പെരുമയും നിറഞ്ഞൊഴുകാൻ അധികകാലം വേണ്ടി വന്നില്ല.

കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ആളുകൾ ചികിത്സതേടി ലൈഫ് ലൈനിൽ എത്താൻ തുടങ്ങിയതോടെ ആശുപത്രിയിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തി. കൂടുതൽ ഡോക്ടർമാർ, അത്യാധുനിക ഉപകരണങ്ങൾ .. ലൈഫ് ലൈൻ ലോകോത്തര നിലവാരത്തിലേക്ക് ഉയരുകയായിരുന്നു… വളരെ വേഗം..

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com