കണ്ണൂര്‍: സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്പറേഷന് പുതിയ സംരംഭങ്ങള്‍ക്കായി വായ്പ നല്കുന്നു. വനിതാ ശാക്തീകരണ പദ്ധതിയിലുള്‍പ്പെടുത്തിയാണ് പദ്ധതി. കുടുംബശ്രീ ജില്ലാ മിഷനുമായി ചേര്‍ന്ന് പട്ടിക ജാതിയില്‍പ്പെട്ട അയല്‍ക്കൂട്ടങ്ങള്‍ക്ക് സംരംഭങ്ങള്‍ ആരംഭിക്കുന്നതിനായാണ് മൈക്രോഫിനാന്‍സ് വായ്പ നല്‍കുന്നത്. കണ്ണൂര്‍ ജില്ലയില്‍ പദ്ധതിയുടെ ആദ്യഘട്ടം ധര്‍മ്മടം മണ്ഡലത്തില്‍ നടപ്പിലാക്കും. പദ്ധതിയുടെ പ്രാരംഭഘട്ട പ്രവര്ത്തമെന്നോണം പാലക്കാട് ജില്ലയില്‍ മൂന്ന് അസംബ്ലി നിയോജക മണ്ഡലങ്ങളില്‍ ഇതുവരെ 100 അയല്‍ക്കൂട്ടങ്ങള്‍ക്കായി മൂന്ന് കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇത് വിജയകരമായതിന്റെ അടിസ്ഥാനത്തിലാണ് മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കുന്നത്.
പദ്ധതി പ്രകാരം പട്ടിക ജാതിയില്‍പ്പെട്ട ഒന്നര ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ളവര്‍ അംഗങ്ങളായ കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്കും ആക്ടിവിറ്റി ഗ്രൂപ്പുകള്‍ക്കും അഞ്ച് ശതമാനം പലിശ നിരക്കില്‍ മൂന്ന് ലക്ഷം രൂപ വരെ വായ്പ നല്‍കും. അര്‍ഹരായവര്‍ക്ക് ഒരു ലക്ഷം രൂപ സബ്സിഡിയും ലഭിക്കും. വരുമാന ദായകമായ സംരംഭങ്ങള്‍ക്കാണ് വായ്പ നല്‍കുക.ഇതിന്റെ ഭാഗമായി ധര്‍മ്മടം മണ്ഡലത്തിന് മൈക്രോ ഫിനാന്‍സ് ശില്പശാല സംഘടിപ്പിച്ചു. പിണറായി സര്‍വീസ് സഹകരണ ബാങ്ക് ഹാളില്‍ നടന്ന പരിപാടിയില്‍ മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലന് അധ്യക്ഷനായി. പട്ടികജാതി പട്ടികവര്‍ഗ വികസന കോര്പറേഷന് മാനേജിംഗ് ഡയറക്ടര്‍ ഡോ. എം എ നാസര്‍, കുടുംബശ്രീ ജില്ലാ കോഓര്‍ഡിനേറ്റര്‍ ഡോ. എം സുജിത്ത് എന്നിവര്‍ ക്ലാസ്സെടുത്തു.
പട്ടികജാതി വിഭാഗത്തില്‍ പെട്ട വനിതകള്‍, കുടുംബശ്രീ അയല്‍ക്കൂട്ടം അംഗങ്ങള്‍, കുടുംബശ്രീ എഡിഎസ്, സിഡിഎസ് അംഗങ്ങള്‍, വനിതാ സംഘടന പ്രതിനിധികള്‍, വാര്‍ഡ് മെമ്പര്‍മാര്‍ തുടങ്ങിയവര്‍ ശില്പശാലയിലും ചര്‍ച്ചയിലും പങ്കെടുത്തു. ശില്പശാലയില് വച്ച് മൈക്രോഫിനാന്‍സ് വായ്പയ്ക്ക് ധര്‍മ്മടം മണ്ഡത്തിനകത്തെ 10 അയല്‍ക്കൂട്ടങ്ങള്‍ രജിസ്റ്റര്‍ ചെയ്തു. പഞ്ചായത്ത് പ്രസിഡന്റുമാരായ പി കെ ഗീതമ്മ, കെ കെ ഗിരീശന് എന്നിവര്‍ സംസാരിച്ചു. പട്ടികജാതി പട്ടികവര്‍ഗ വികസന കോര്പറേഷന് ജില്ലാ മാനേജര്‍ ടി വി ഷാജി സ്വാഗതവും കുടുംബശ്രീ അസി.ജില്ലാ മിഷന് കോഓഡിനേറ്റര്‍ വാസു പ്രദീപ് നന്ദിയും പറഞ്ഞു.