ഇടുക്കി: 2019ല്‍ നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ഔദ്യോഗിക ഒരുക്കങ്ങള്‍ ആരംഭിച്ചു. കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. ഇതില്‍ പേര് വിട്ടുപോയവര്‍ക്കും, പുതുതായി പേര് ചേര്‍ക്കേണ്ടവര്‍ക്കും നവംബര്‍ 15 വരെ ആക്ഷേപങ്ങളും അവകാശങ്ങളും ഉന്നയിക്കാം. താലൂക്ക് ഓഫീസ്, വില്ലേജ് ഓഫീസ്, പഞ്ചായത്ത് ഓഫീസ് എന്നിവിങ്ങളിലും ബിഎല്‍ഒമാരുടെ പക്കലും വോട്ടര്‍ പട്ടിക പരിശോധനക്ക് ലഭ്യമാണ്. അന്തിമ വോട്ടര്‍ പട്ടിക 2019 ജനുവരി നാലിന് പ്രസിദ്ധീകരിക്കും.
വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം
18 തികഞ്ഞവര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം. 2019 ജനുവരി 1ന് 18 വയസ്സ് തികയുന്നവര്‍ക്കും പേര് ചേര്‍ക്കാം. nv-sp.in വെബ്സൈറ്റ് മുഖേനയാണ് പേര് ചേര്ക്കേണ്ടണ്ത്. പേര് രേഖപ്പെടുത്തിയിട്ടുള്ള ജനന സര്‍ട്ടിഫിക്കറ്റ്, സ്കൂള്‍ അഡ്മിഷന് രജിസ്റ്ററിന്റെ പകര്‍പ്പ്, എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, ഡ്രൈവിംഗ് ലൈസന്‍സിന്റെ പകര്‍പ്പ്, വിലാസം രേഖപ്പെടുത്തിയ റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്, പാസ്പോര്‍ട്ടിന്റെ പകര്‍പ്പ് തുടങ്ങിയ രേഖകള്‍ ഉപയോഗിച്ച് നെറ്റ് കണക്ഷനുള്ള ഒരു സ്മാര്‍ട്ട് ഫോണിന്റെ സഹായത്തോടെ വളരെ എളുപ്പത്തില്‍ ചെയ്യാം. അല്ലെങ്കില്‍ അക്ഷയ സെന്റര്‍ വഴി രജിസ്റ്റര്‍ ചെയ്യാം. ഫോറം 6ല്‍ ആണ് അപേക്ഷ നല്‍കേണ്ടണ്‍ത്.
ജില്ലയില്‍ 995 ബൂത്തുകള്‍
പോളിംഗ് സ്റ്റേഷന് പുനഃക്രമീകരണത്തിന്റെ ഭാഗമായി ജില്ലയില്‍ ഉടുമ്പന്‍ചോല നിയോജക മണ്ഡലത്തില്‍ പുതിയതായി 17 പോളിംഗ് ബൂത്തുകള്‍ രൂപവല്‍ക്കരിച്ചു. മറ്റ് നിയോജക മണ്ഡലങ്ങളില്‍ ബൂത്തുകളുടെ എണ്ണത്തില്‍ വര്‍ദ്ധന ഇല്ല.
ഇതുവരെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാത്ത 18 വയസ്സ് കഴിഞ്ഞവര്‍, വോട്ടവകാശമുള്ള മറ്റുള്ളവര്‍ എന്നിവരെ ചേര്‍ക്കാനുള്ള ശ്രമത്തിലാണ് ജില്ലയിലെയും താലൂക്കുകളിലെയും ഇലക്ഷന് വിഭാഗം. കോളേജുകള്‍, ആദിവാസി മേഖലകള്‍ എന്നിവിങ്ങളില്‍ നിന്ന് പുതിയ വോട്ടര്‍മാരെ കെണ്ടത്താന്‍ ഇലക്ഷന് ഡെപ്യൂട്ടി കളക്ടര്‍ ജോസ് ജോര്‍ജിന്റെ നേതൃത്വത്തില്‍ ഊര്‍ജ്ജിത ശ്രമം നടത്തിവരുന്നു. ദേവികുളം നിയോജക മണ്ഡലത്തിലെ ഇടമലക്കുടിയില്‍ ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തില്‍ സന്ദര്‍ശനം നടത്തി. പുതുതായി വോട്ടര്‍മാരെ വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കുകയും വോട്ടവകാശം സംബന്ധിച്ച് വിപുലമായി പ്രചാരണം നല്‍കുകയും ഉണ്ടായി. കോളേജുകളില്‍ എന്‍.എസ്.എസ്. വോളണ്ടിയര്‍മാരുടെയും ഇലക്ടറര്‍ ലിറ്ററസി ക്ലബ്ബുകളുടെയും സേവനം ഉപയോഗിച്ചാണ് പേര് ചേര്‍ക്കല്‍ നടത്തുന്നത്.
ബൂത്ത് അടിസ്ഥാനത്തില്‍ ഭിന്നശേഷിക്കാരുടെ വോട്ടവകാശം ഉറപ്പിക്കും. ഇവര്‍ക്ക് സഹായകമാകും വിധത്തില്‍ ബൂത്തുകളില്‍ റാമ്പ് നിര്‍മ്മിക്കും. തിരഞ്ഞെടുപ്പ് ദിവസം ഇവരെ സൗജന്യമായി ബൂത്തില്‍ എത്തിക്കാനുള്ള ക്രമീകരണങ്ങളും ഏര്‍പ്പെടുത്തും. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന്റെ പുരോഗതി ജില്ലാ കളക്ടര്‍ ജീവന് ബാബുവിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിലയിരുത്തി.