തിരുവനന്തപുരം: ശ്രീകാര്യത്തിനടുത്ത് മണ്‍വിളയില്‍ പ്ലാസ്റ്റിക് നിര്‍മാണശാലയിലുണ്ടായ തീപിടിത്തത്തിനു പിന്നില്‍ അട്ടിമറി സാധ്യത സംശയിക്കുന്നുവെന്ന് ഫാമിലി പ്ലാസ്റ്റിക്സ് അധികൃതര്‍. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് അറിയിച്ചു. വ്യവസായ മന്ത്രി ഇ.പി.ജയരാജനുമായി കൂടിയാലോചിച്ച ശേഷമായിരിക്കും അന്വേഷണം പ്രഖ്യാപിക്കുക. തീപിടിത്തത്തില്‍ 400 കോടി രൂപയുടെ നഷ്ടമുണ്ടായതായാണു പ്രാഥമിക വിലയിരുത്തല്‍. പ്ലാസ്റ്റിക് കത്തി വന്‍തോതില്‍ വിഷപ്പുക പടര്‍ന്നതിനാല്‍ ഒരു കിലോ മീറ്റര്‍ ചുറ്റളവിലുള്ള ആളുകള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൊച്ചുകുട്ടികളും പ്രായമായവരും സൂക്ഷിക്കണം. ശ്വാസകോശ രോഗത്തിനു സാധ്യതയുണ്ട്. പരിസരവാസികള്‍ പരമാവധി അകലം പാലിക്കാനും നിര്‍ദേശം നല്കി. ഫാമിലി പ്ലാസ്റ്റിക് കന്പനിയുടെ നിര്‍മാണ യൂണിറ്റും ഗോഡൗണും ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതിനാല്‍ പ്ലാസ്റ്റിക് ഉത്പന്നങ്ങളും അസംസ്കൃത വസ്തുക്കളും ഇവിടെയുണ്ടായിരുന്നു. ബുധനാഴ്ച രാത്രി ഏഴോടെയാണ് ഫാമിലി പ്ലാസ്റ്റിക്സ് നിര്‍മാണ സംഭരണ ശാലയില്‍ തീപിടിത്തമുണ്ടായത്.
വ്യാഴാഴ്ച മുഖ്യമന്ത്രി പങ്കെടുക്കാനിരുന്ന സമ്മേളന വേദിക്ക് സമീപമായിരുന്നു തീപിടിത്തം. തീ നിയന്ത്രണ വിധേയമാക്കാന്‍ അഗ്നിശമന സേനയ്ക്ക് ഏഴു മണിക്കൂര്‍ പ്രയത്നിക്കേണ്ടിവന്നു. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെയും വിഎസ്എസ്സിയിലെയും ഫയര്‍ യൂണിറ്റുകളും തിരുവനന്തപുരം ജില്ലയിലെ എല്ലാ ഫയര്‍ യൂണിറ്റുകളും രക്ഷാപ്രവര്‍ത്തനത്തിനെത്തി. കൊല്ലം ജില്ലയില്‍നിന്നുള്ള ഫയര്‍ യൂണിറ്റുകളും രക്ഷാപ്രവര്‍ത്തനത്തിനായി എത്തിച്ചു. സമീപവാസികളെ അടിയന്തരമായി ഒഴിപ്പിക്കാന്‍ കലക്ടര്‍ ഡോ. കെ വാസുകി നിര്‍ദേശം നല്കി. കെട്ടിടം പൂര്‍ണമായി കത്തിനശിച്ചു. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ വിഷപ്പുക ശ്വസിച്ച് രണ്ടു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൺവിള സ്വദേശി ജയറാം രഘു(18), കോന്നി സ്വദേശി ഗിരീഷ് (21) എന്നിവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
തീപിടുത്തതിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. മണ്‍വിള, കുളത്തൂര്‍ വാര്‍ഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് തിരുവനന്തപുരം ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചത്.
ചിറയിന്‍കീഴ് സ്വദേശി സിന്‍സണ്‍ ഫെര്‍ണാണ്ടസിന്റെ ഉടമസ്ഥതയിലുള്ളതാണ് ഫാക്ടറി.