പത്തനംതിട്ട: വരുന്ന ശബരിമല തീര്‍ഥാടന കാലയളവില്‍ നിലയ്ക്കല്‍ ബേസ് ക്യാമ്പായി മാറുന്ന സാഹചര്യത്തില്‍ തീര്‍ഥാടകര്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും നിലയ്ക്കലില്‍ ഒരുക്കുന്നതിനാണ് പ്രാധാന്യം നല്‍കുന്നതെന്ന് ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ പറഞ്ഞു. പന്തളം വലിയകോയിക്കല്‍ ദേവസ്വം ഹാളില്‍ പന്തളത്തെ തീര്‍ഥാടന മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിന് ചേര്‍ന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രസിഡന്റ്. നവംബര്‍ 15ന് മുമ്പ് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാകത്തക്കവിധമാണ് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്.
അമേരിക്കയിലെ ചികിത്സയ്ക്ക് ശേഷം എത്തിയ മുഖ്യമന്ത്രി ആദ്യം വിളിച്ചുചേര്‍ത്ത യോഗം ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ടതായിരുന്നു. ഈ യോഗത്തില്‍ പമ്പയിലെയും നിലയ്ക്കലെയും അടിസ്ഥാന സൗകര്യങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള നടപടികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. പ്രളയത്തിന് ശേഷം ദേവസ്വംബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ പമ്പയില്‍ നടത്തിയ ഊര്‍ജിതമായ പ്രവര്‍ത്തനങ്ങള്‍ മൂലം കന്നിമാസപൂജയ്ക്ക് തീര്‍ഥാടകരെ കടത്തിവിടുവാന്‍ കഴിഞ്ഞു. മുങ്ങിപ്പോയ പാലങ്ങള്‍ ഉള്‍പ്പെടെ വീണ്ടെടുക്കുന്നതിന് ദേവസ്വം ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങളാണ് നടന്നത്. സര്‍ക്കാര്‍ വകുപ്പുകളോടൊപ്പം തീര്‍ഥാടകര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് ദേവസ്വംബോര്‍ഡ് എല്ലാ ക്രമീകരണങ്ങളും നടത്തുമെന്നും പ്രസിഡന്റ് പറഞ്ഞു.