7
Sunday
March 2021

ഞാനും എന്റെ വിദ്യാലയവും പദ്ധതിക്ക് തുടക്കമായി

Google+ Pinterest LinkedIn Tumblr +

കാസര്‍കോട്: പ്രളയ ദുരിത ബാധിത പ്രദേശങ്ങളിലെ പുനര്‍നിര്‍മാണത്തിനു സാമ്പത്തിക സമാഹാരണം നടത്തുക, ജില്ലയിലെ അജൈവ മാലിന്യങ്ങളുടെ ശാസ്തീയമായ പുന:ചംക്രമണം സാധ്യമാക്കുക, വിദ്യാര്‍ത്ഥികളില്‍ മാലിന്യ പരിപാലനത്തെ സംബന്ധിച്ച അവബോധം വളര്‍ത്തുക എന്നീ ലക്ഷ്യങ്ങളോടെ ജില്ലാ ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപങ്ങളുടെയും പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും സഹകരണത്തോടെ നടത്തുന്ന ‘ഹരിത സ്പര്‍ശത്തിനു ഞാനും എന്റെ വിദ്യാലയവും’ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കുണ്ടംകുഴി ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ് നിര്‍വഹിച്ചു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഡോ: ഗിരീഷ് ചോലയില്‍ മുഖ്യാതിഥിയായി. ബേഡഡുക്ക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ:സി രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ ഇന്‍ ചാര്‍ജ് ഹാഷിം പി സ്വാഗതവും സ്‌കൂള്‍ ഇക്കോ ക്ലബ്ബ് കണ്‍വീനര്‍ പി.കെ.ജയരാജ് നന്ദിയും പറഞ്ഞു. ഹരിത കേരളം മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ എം പി സുബ്രമണ്യന്‍ പദ്ധതി വിശദീകരിച്ചു. ബേഡഡുക്ക ഗ്രാമ പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എം. ധന്യ, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ കെ.രത്‌നാകരന്‍, പി.ടി.എ പ്രസിഡന്റ് എം.രഘുനാഥന്‍, എസ്.എം.സി.ചെയര്‍മാന്‍ ടി.വരദരാജ്, സ്റ്റാഫ് സെക്രട്ടറി കെ.പുഷ്പരാജന്‍ എന്നിവര്‍ സംസാരിച്ചു.

പ്രളയാനന്തര പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി സാമ്പത്തിക സമാഹരണം നടത്തുന്നതിന് ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങളും കേന്ദ്രീകരിച്ച് വിദ്യാര്‍ഥികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍, വ്യാപാരികള്‍, ക്ലബ്ബുകള്‍, വായനാശാലകള്‍, നാഷണല്‍ സര്‍വീസ് സ്‌കീം, ജൂനിയര്‍ റെഡ്‌ക്രോസ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ്, നാഷണല്‍ കേഡറ്റ് കോപ്‌സ്, നെഹ്‌റു യുവകേന്ദ്ര, യുവജനക്ഷേമ ബോര്‍ഡ് തുടങ്ങി വിവിധ തലങ്ങളിലുള്ള വ്യക്തികളേയും സംഘടനകളേയും സ്ഥാപനങ്ങളേയും കൂട്ടിയിണക്കി പാഴ്‌വസ്തുക്കള്‍ ശേഖരിച്ച് അവ പാഴ് വസ്തുവ്യാപാരികള്‍ക്ക് കൈമാറി അതില്‍ നിന്നും ലഭിക്കുന്ന തുക ജില്ലാ കളക്ടര്‍ മുഖാന്തരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നല്‍കുക എന്നതാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്.

പദ്ധതിയുടെ ഭാഗമായി പാഴ് വസ്തുവ്യാപാരികളുടെ യോഗം ജില്ലാകളക്ടറുടെ അധ്യക്ഷതയില്‍ ചേരുകയും പാഴ് വസ്തുക്കള്‍ക്ക് പരമാവധി വില നിശ്ചയിക്കുകയും ചെയ്തു.വിവിധ പഞ്ചായത്തുകളില്‍ വിദ്യാഭ്യാസ സമിതി യോഗങ്ങളും യൂത്ത് കോര്‍ഡിനേഷന്‍ കമ്മിറ്റികളും ചേര്‍ന്ന് പദ്ധതി വിജയിപ്പിക്കാന്‍ തീരുമാനമായി. ശേഖരിച്ച പാഴ് വസ്തുക്കള്‍ ഒക്ടോബര്‍ രണ്ടിന് ഗാന്ധിജയന്തി ദിനത്തില്‍ പാഴ് വസ്തുവ്യാപാരികള്‍ക്ക് കൈമാറുകയും അതില്‍ നിന്നു ലഭിക്കുന്ന തുക ഹെഡ്മാസ്റ്റര്‍ ജില്ലാകളക്ടര്‍ക്ക് കൈമാറുകയും ചെയ്യും. തുടര്‍ന്ന് ജില്ലയിലെ മറ്റു സ്‌കൂളുകളിലേക്ക് പദ്ധതി വ്യാപിപ്പിച്ച് രണ്ടു മാസം കൂടുമ്പോള്‍ ഈ പ്രവര്‍ത്തനം തുടരുകയും ചെയ്യും.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com