24
Sunday
January 2021

മാലിന്യ സംസ്‌കരണത്തിന് തുമ്പൂര്‍മൂഴി മോഡലുമായി മേലുകാവ് ഗ്രാമപഞ്ചായത്ത്

Google+ Pinterest LinkedIn Tumblr +

കോട്ടയം: മേലുകാവ് ഗ്രാമപഞ്ചായത്തില്‍ മാലിന്യ സംസ്‌കരണത്തിന് ഇനി തുമ്പൂര്‍മൂഴി മോഡല്‍. പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഷീബാ മോള്‍ ജോസഫ് നിര്‍വ്വഹിച്ചു. കഴിഞ്ഞ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പഞ്ചായത്ത് പുതിയ മാലിന്യ സംസ്‌കരണപ്ലാന്റ് സ്ഥാപിക്കുന്നത്. മൂന്ന് ലക്ഷത്തോളം രൂപ ചെലവൊഴിച്ചാണ് പദ്ധതി പൂര്‍ത്തീകരിച്ചത്.

ദുര്‍ഗന്ധമില്ലത്തതും ആരോഗ്യ പ്രശ്‌നങ്ങളില്ലാത്തതുമായ തുമ്പൂര്‍മൂഴി മോഡല്‍ ഏറെ പ്രശസ്തമാണ്. മേലുകാവ് ഗ്രാമപഞ്ചായത്തിന്റെ ആദ്യ മാലിന്യ സംസ്‌കരണ പദ്ധതി കൂടിയാണിത്. കരിയിലയും ജൈവ മാലിന്യങ്ങളും പ്രത്യേക അനുപാതത്തില്‍ നിക്ഷേപിച്ചാണ് മാലിന്യത്തെ ജൈവവളമാക്കി മാറ്റുന്നത്. ഇതിനായി കുടുംബശ്രീയുടെ പ്രവര്‍ത്തകരെ നിയമിച്ചിട്ടുണ്ട്. നാല് കമ്പോസ്റ്റ് ബിന്നുകളടങ്ങിയ ഒരു യൂണിറ്റാണ് സ്ഥാപിച്ചിരിക്കുന്നത്.

പദ്ധതിയുടെ ഭാഗമായി ഹരിതകര്‍മ സേനയുടെ നേതൃത്വത്തില്‍ വിവിധ പ്രദേശങ്ങളില്‍ ബോധവല്‍ക്കരണ പരിപാടികള്‍ നടന്നുവരുകയാണ്. വ്യാപാര പൊതുസ്ഥാപനങ്ങളില്‍ നിന്ന് തരം തിരിച്ച മാലിന്യം നിശ്ചിത ഫീസ് ഈടാക്കി പഞ്ചായത്ത് ശേഖരിക്കും. തുമ്പൂര്‍മൂഴി മോഡല്‍ സ്ഥാപിക്കുന്നതോടെ പഞ്ചായത്ത് പരിധിയിലെ മാലിന്യ സംസ്‌കരണത്തിന് പരിഹാരമാകുമെന്ന് പ്രസിഡന്റ് ഷീബാ മോള്‍ ജോസഫ് പറഞ്ഞു.

വൈസ് പ്രസിഡന്റ് അലക്‌സ് റ്റി. ജോസഫ് അദ്ധ്യക്ഷനായി. ബ്ലോക്ക് മെമ്പര്‍ മറിയാമ്മ ഫെര്‍ണാണ്ടസ് മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്തംഗങ്ങളായ കെ.ആര്‍. അനുരാഗ്, ജെറ്റോ ജോസ്, ആലീസ് ജോസ്, ബെറ്റി ബിജു, സന്തോഷ് ജോണ്‍, സുരേഷ് സി. എം., ഷൈനി ബേബി, റീന ഡൊമിനിക്, നിഷ ജോസഫ്, ജെസി ബെന്നി, ജോസ് സെബാസ്റ്റ്ന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com