തിരുവനന്തപുരം: മുഴുനീള സിനിമ നിര്‍മിച്ച രാജ്യത്തെ ആദ്യ സര്‍വകലാശാലയായി മഹാത്മാ ഗാന്ധി സര്‍വകലാശാല. മഹാത്മാ ഗാന്ധി സര്‍വകലാശാല ക്രിയേഷന്‍സ് നിര്‍മിച്ച ചലച്ചിത്രം ‘സമക്ഷം’ അടുത്തമാസം തീയേറ്ററുകളിലെത്തും. ചിത്രത്തിൻ്റെ ആദ്യ പ്രദര്‍ശനം ഓഗസ്റ്റ് 16ന് രാവിലെ 11ന് തിരുവനന്തപുരം കലാഭവന്‍ തീയേറ്ററില്‍ നടക്കും. ഡോക്യുമെന്ററികളും ഹ്രസ്വചിത്രങ്ങളും സര്‍വകലാശാലകള്‍ നിര്‍മിച്ചിട്ടുണ്ടെങ്കിലും അഫിലിയേറ്റഡ് സര്‍വകലാശാലകളുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു സര്‍വകലാശാല ഫീച്ചര്‍ഫിലിം നിര്‍മിക്കുന്നത്. ജൈവകൃഷി രീതികളും ഗാന്ധിയന്‍ ശുചിത്വ സന്ദേശങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനായി കോട്ടയം ജില്ലയിലെ 71 ഗ്രാമപഞ്ചായത്തുകളിലും ആറു നഗരസഭകളിലും പിണറായി, ചിങ്ങോലി, മൂന്നാര്‍, റാന്നി കഞ്ഞിക്കുഴി പഞ്ചായത്തുളിലും മാനന്തവാടി നഗരസഭയിലും സര്‍വകലാശാല വിജയകരമായി നടപ്പാക്കിയ ‘ജൈവം’ പദ്ധതിയുടെ ഭാഗമായാണ് ചലച്ചിത്രം നിര്‍മിച്ചിരിക്കുന്നത്. പരിസ്ഥിതി സൗഹൃദ ജീവിത രീതികളുടെയും ജൈവ ജീവനത്തിൻ്റെയും ആവശ്യകത വ്യക്തമാക്കുന്നതാണ് ചലച്ചിത്രത്തിൻ്റെ പ്രമേയം.
സര്‍വകലാശാല അധ്യാപകരായ ഡോ. അജു കെ. നാരായണനും ഡോ. അന്‍വര്‍ അബ്ദുള്ളയുമാണ് രചനയും സംവിധാനവും നിര്‍വഹിച്ചത്. സര്‍വകലാശാല രജിസ്ട്രാര്‍ എം. ആര്. ഉണ്ണിയാണ് നിര്‍മാണം. ബിനു കുര്യന് ഛായാഗ്രഹണവും എബി സാല്‍വിന്‍ തോമസ് സംഗീതവും നിര്‍വഹിച്ചിരിക്കുന്നു. കൈലാഷ്, ദിലീഷ് പോത്തന്, പി. ബാലചന്ദ്രന്, സിദ്ധാര്‍ഥ ശിവ, എം. ആര്. ഗോപകുമാര്‍, ഗായത്രി കൃഷ്ണ, സോഹന്‍ സിനുലാല്‍, പ്രേംപ്രകാശ്, അക്ഷര കിഷോര്‍ എന്നിവര്‍ മുഖ്യവേഷങ്ങളിലെത്തും. 1.6 കോടി രൂപയാണ് നിര്‍മാണച്ചെലവ് പ്രതീക്ഷിക്കുന്നത്. സെപ്റ്റംബറില്‍ ചിത്രം തീയേറ്ററിലെത്തും. സമക്ഷം ചലച്ചിത്രത്തെ ബിരുദതലത്തില്‍ എണ്‍വിറോണ്‍മെന്റ് സ്റ്റഡീസിൻ്റെ സിലബസില്‍ ഉള്‍പ്പെടുത്താനുള്ള നിര്‍ദേശം അക്കാദമിക് കൗണ്‍സിലിന്റെ പരിഗണനയിലാണെന്നും ഇത് നടപ്പായാല്‍ അഞ്ചുലക്ഷം വിദ്യാര്‍ഥികള്‍ക്ക് ചലച്ചിത്രവും വിഷയവും പഠിക്കാനുള്ള അവസരമൊരുങ്ങുമെന്നും സര്‍വകലാശാല രജിസ്ട്രാര്‍ എം. ആര്. ഉണ്ണി പറഞ്ഞു.