വാഷിംഗ്ടൺ: മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ പോൾ അലൻ (65) അന്തരിച്ചു. കാൻസർ ബാധയേത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. 2009ൽ കാൻസർ ബാധിച്ച ഇദ്ദേഹം ചികിത്സയിലൂടെ ജീവിതത്തിലേക്ക് തിരിച്ചുവരുന്നതിനിടെയാണ് രോഗം വീണ്ടും മൂർച്ഛിച്ചത്. 1975ലാണ് ബിൽഗേറ്റ്സിനൊപ്പം ചേർന്ന് അദ്ദേഹം മൈക്രോസോഫ്റ്റിന് രൂപം നൽകിയത്.
പോൾ അലന്റെ വിയോഗം ഹൃദയ ഭേദകമാണെന്നും തനിക്ക് ഏറ്റവും പ്രിയപ്പെട്ട സുഹൃത്തിനെയാണു നഷ്ടപ്പെട്ടതെന്നും ബിൽഗേറ്റ്സ് പ്രതികരിച്ചു. മൈക്രോസോഫ്റ്റിനും വ്യവസായ മേഖലയ്ക്കും അദ്ദേഹം നൽകിയ സംഭാവനകൾ ഒഴിച്ചുകൂടാൻ പറ്റാത്തതാണെന്ന് മൈക്രോസോഫ്റ്റ് സിഇഒ സത്യ നാഥെല്ല അഭിപ്രായപ്പെട്ടു. 2013ൽ ലോകത്തിലെ ഏറ്റവും വലിയ ധനികനായ അവിവാഹിതനായി അലനെ വെൽത്ത് എക്സ് തെരഞ്ഞെടുത്തിരുന്നു.