24
Saturday
October 2020

ഖാദി തൊഴിലാളികള്‍ക്ക് മിനിമം കൂലിപരിഷ്‌കരണം നടപ്പിലാക്കും

Google+ Pinterest LinkedIn Tumblr +

തിരുവനന്തപുരം:  ഖാദി മേഖലയില്‍ 1700 ഓളം പേര്‍ക്ക് പുതുതായി തൊഴിലവസരം ലഭ്യമാക്കിയിട്ടുണ്ടെന്നും ഇപ്പോള്‍ നിലവില്‍ ഖാദി ക്ഷേമനിധി ബോര്‍ഡിലെ അംഗത്വ പ്രകാരം 14733  തൊഴിലാളികള്‍ ഖാദിമേഖലയില്‍ ജോലി ചെയ്തുവരുന്നുണ്ടെന്നും വ്യവസായമന്ത്രി ഇ.പി ജയരാജന്‍ നിയമസഭയില്‍ അറിയിച്ചു. ഖാദി തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച മിനിമം കൂലി പരിഷ്‌കരണം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് സി. കൃഷ്ണന് എം.എല്‍.എ ഉന്നയിച്ച സബ്മിഷനു മറുപടി പറയുകയായിരുന്നു മന്ത്രി. അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായി വിവിധ ജില്ലകളില്‍ പുതിയ ഖാദി ഉല്‍പ്പാദന യൂണിറ്റുകള്‍, പുതിയ റെഡിമെയ്ഡ് പാവ് നിര്‍മ്മാണ യൂണിറ്റുകള്‍ ആരംഭിക്കുകയും, തൊഴിലാളികള്‍ക്ക് ആവശ്യമായ ചര്‍ക്കകളും തറികളും വിതരണം ചെയ്തു വരികയുമാണ്. തൊഴിലാളികളുടെ ഉത്സവബത്ത തൊള്ളായിരത്തില്‍ നിന്നും ആയിരത്തഞ്ഞൂറായി ഈ സര്‍ക്കാര്‍ വര്‍ധിപ്പിച്ചു നല്‍കി. സംസ്ഥാന സര്‍ക്കാര്‍ സംസ്ഥാനത്തെ ഖാദി തൊഴിലാളികളുടെ മിനിമം വേതനം ആഗസ്റ്റ് ആറുമുതല്‍ പ്രാബല്യം നല്‍കി പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം 26 മേഖലകളിലെ പതിനഞ്ചു ലക്ഷത്തില്‍ അധികംവരുന്ന തൊഴിലാളികളുടെ മിനിമം വേതനം പരിഷ്‌കരിച്ചു നല്‍കി.  ഖാദി തൊഴിലാളികള്‍ക്ക് പുതുക്കിയ നിരക്കനുസരിച്ചു പീസ് റേറ്റ് വിഭാഗം തൊഴിലാളികള്‍ക്ക് നിലവിലുള്ള 266.30 രൂപ യില്‍ നിന്നും 400.60 രൂപയായും ദിവസവേതന തൊഴിലാളികള്‍ക്ക് 283.46 രൂപയില്‍ നിന്നും 425 രൂപയായും വര്‍ദ്ധിക്കും. അടിസ്ഥാന വേതനത്തിന് പുറമെ ജീവിതവിലസൂചികയുടെ അടിസ്ഥാനത്തില്‍ എല്ലാ വിഭാഗം തൊഴിലാളികള്‍ക്കും ക്ഷാമബത്തക്കും അര്‍ഹത ഉണ്ടായിരിക്കും. ഇതുവഴി മാസ ശമ്പളക്കാരുടെ കുറഞ്ഞ വേതനം 5214.50 രൂപയില്‍ നിന്നും 11098 രൂപയായി വര്‍ധിക്കും. മാസ ശമ്പളക്കാര്‍ക്കു 112.85 ശതമാനവും പീസ് റേറ്റ്  തൊഴിലാളികള്‍ക്ക്  52.71 ശതമാനവും, ദിവസവേതനക്കാര്‍ക്കു 49.90 ശതമാനവുമാണ് വര്‍ധന ഉണ്ടായിട്ടുള്ളത്. സ്ഥാപനങ്ങളെ വിറ്റുവരവിന്റെ അടിസ്ഥാനത്തില്‍ മൂന്നു കാറ്റഗറിയായി തിരിച്ചാണ് മാസവേതനം നിശ്ചയിക്കുന്നത്. ഏഴര കോടിക്ക്  മുകളില്‍ വിറ്റുവരവുള്ള സ്ഥാപനങ്ങള്‍ ‘എ’ വിഭാഗത്തിലും, ഒന്നര കോടി മുതല്‍ ഏഴര കോടിവരെ വിറ്റുവരവുള്ള സ്ഥാപനങ്ങള്‍ ‘ബി’ വിഭാഗത്തിലും, ഒന്നര കോടിവരെ വിറ്റുവരവുള്ള സ്ഥാപനങ്ങള്‍ ‘സി’ വിഭാഗത്തിലും ഉള്‍പ്പെടുന്നു. അഞ്ചുവര്‍ഷമോ അതില്‍ കൂടുതലോ സേവനകാലം ഒരു തൊഴിലുടമയുടെ കീഴില്‍ പൂര്‍ത്തിയാക്കിയ തൊഴിലാളിക്ക് പൂര്‍ത്തിയാക്കിയ ഓരോ അഞ്ചുവര്‍ഷത്തേക്കും ഒരു ഇന്‍ക്രിമെന്റ് എന്നനിലയില്‍ പരമാവധി മൂന്ന് ഇന്‍ക്രെമെന്റ് സര്‍വീസ് വെയിറ്റേജ് അനുവദിക്കാനും ശുപാര്‍ശ ചെയ്തിട്ടുണ്ട്.  ഖാദി കമ്മീഷന്‍ പ്രഖ്യാപിച്ച കോസ്ററ് ചാര്‍ട്ട് പ്രകാരമുള്ള വേതനവും പരിഷ്‌കരിച്ച മിനിമംവേതനവും തമ്മില്‍ വലിയ അന്തരം നിലനില്‍ക്കുകയാണ്. സര്‍ക്കാര്‍ ഇന്‍കം സപ്പോര്‍ട്ട് പദ്ധതി പ്രകാരം നല്‍കിവരുന്ന തുക ഉപയോഗിച്ചാണ് നിലവില്‍ ഖാദി തൊഴിലാളികള്‍ക്ക്  മിനിമം വേതനം ലഭ്യമാക്കുന്നത്. ഈ സര്‍ക്കാര്‍ 2016-17 മുതല്‍ ഇതേവരെയായി ഇന്‍കം സപ്പോര്‍ട്ട്  ഇനത്തില്‍ 75.94 കോടി രൂപയും പ്രൊഡക്ഷന്‍ ഇന്‍സെന്റീവ് ഇനത്തില്‍ 11.24 കോടി രൂപയും അനുവദിച്ചു നല്‍കിയിട്ടുണ്ട്. 2018 ജൂലൈ മാസം വരെയുള്ള മിനിമം വേതനം നിലവിലുള്ള നിരക്കില്‍ തൊഴിലാളികള്‍ക്ക് നല്‍കി. പരിഷ്‌കരിച്ച നിരക്കില്‍ മിനിമം വേതനം തൊഴിലാളികള്‍ക്ക് നല്‍കുന്നതിന് സര്‍ക്കാര്‍ ഖാദി ബോര്‍ഡുമായും ഇതര ഖാദി സ്ഥാപനങ്ങളുമായും ആലോചിച്ചു നടപടികള്‍ സ്വീകരിക്കും. വിജ്ഞാനപ്രകാരമുള്ള മിനിമം വേതനം ഖാദി മേഖലയിലെ എല്ലാ തൊഴിലാളികള്‍ക്കും ഉറപ്പുവരുത്താന്‍ ഖാദി ബോര്‍ഡും മറ്റിതര ഖാദി സ്ഥാപനങ്ങളും ബാധ്യസ്ഥരാണ്. ഈ കാര്യം ഉറപ്പുവരുത്താനായി തൊഴില്‍ വകുപ്പ് മുഖേന ഖാദി സ്ഥാപന പരിശോധനകളും വീഴ്ച  വരുത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ പരാതിയുടെ അടിസ്ഥാനത്തില്‍  നോട്ടീസ് നല്‍കി ക്ലെയിം പെറ്റീഷന്‍ ഫയല്‍ ചെയ്യുന്നതുള്‍പ്പെടെയുള്ള നിയമപരമായ നടപടികളും സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com