പത്തനംതിട്ട: ജനറല്‍ ആശുപത്രിയില്‍ നിര്‍മാണം പുരോഗമിക്കുന്ന പുതിയ കാത്ത് ലാബ് വീണാജോര്‍ജ്ജ് എംഎല്‍എ സന്ദര്‍ശിച്ചു. ഏറ്റവും കുറഞ്ഞ നിരക്കില്‍ അന്താരാഷ്ട്ര ഗുണമേന്മയുള്ള മികച്ച ചികിത്സാ സൗകര്യമാണ് കാത്ത് ലാബ് നല്‍കുന്നതെന്ന് എംഎല്‍എ പറഞ്ഞു. ആര്‍ദ്രം പദ്ധതിയുടെ ഭാഗമായാണ് സംസ്ഥാന സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയില്‍ കാത്ത് ലാബ് സൗകര്യമൊരുക്കുന്നത്. കേരളത്തിലാകമാനം പത്ത് കാര്‍ഡിയാക് കെയര്‍ യൂണിറ്റും കാത്ത് ലാബ് സൗകര്യവുമാണ് പദ്ധതിയുടെ ഭാഗമായി ഒരുക്കുന്നത്.
ഒരു കാത്ത് ഏകദേശം എട്ട് കോടി രൂപയാണ് നിര്‍മാണ ചിലവ്. തീവ്രപരിചരണ വിഭാഗത്തിലായി കാര്‍ഡിയാക് കെയര്‍ യൂണിറ്റ്, കാത്ത് ലാബ് ഐ.സി.യു എന്നിവ സജ്ജമാക്കുമെന്ന് ജില്ലാ മെഡിക്കല്‍ സീനിയര്‍ സൂപ്രണ്ട് ഡോ.എസ്.ആര് ദിലീപ്കുമാര് പറഞ്ഞു. കാത്ത് ലാബ് പ്രവര്‍ത്തിപ്പിക്കുന്നതിന് 200 കിലോവാട്ട് പവര്‍ ആവശ്യമാണ്. എച്ച്.എല്‍.എല്‍ ലൈഫ്കെയര്‍ വഴി പവര്‍ എത്തിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിച്ച് വരികയാണ്. കാത്ത് ലാബിന് ആവശ്യമായ ഉപകരണങ്ങള്‍ സംസ്ഥാനത്തിന് പുറത്ത് നിന്ന് എത്തിച്ച് പ്രവര്ത്തനസജ്ജമാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
ഡിസംബര്‍ 31നകം എച്ച്.എല്‍.എല്‍ വഴി പവര്‍ കാത്ത് ലാബിലേക്ക് എത്തിച്ച് ലാബ് പ്രവര്‍ത്തനസജ്ജമാക്കും. കാത്ത് ലാബിലെ ഉപകരണങ്ങളുടെ പ്രവര്‍ത്തനം ജനുവരി 15 നകം ആരംഭിക്കും. അടുത്ത വര്‍ഷം ആദ്യത്തോടെ കാത്ത്ലാബ് പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാകുമെന്ന് സീനിയര്‍ സൂപ്രണ്ട് പറഞ്ഞു. അത്യാധുനിക സൗകര്യമുള്ള ലാബുകള്‍, ഡോക്ടേഴ്സ് റൂം, കാര്‍ഡിയോളജി വിഭാഗം, ആന്‍ജിയോ ഗ്രാം, ആന്‍ജിയോ പ്ലാസ്റ്റി എന്നിവയ്ക്കുള്ള സൗകര്യങ്ങളാണ് നിലവില്‍ ജനറല്‍ ആശുപത്രിയില്‍ ഒരുങ്ങുന്നത്. ഒരേ സമയം നാല് രോഗികളെ ചികിത്സിക്കുന്നതിനായി നാല് ബെഡുള്ള ക്രിട്ടിക്കല്‍ കാര്‍ഡിയാക് കെയര്‍ യൂണിറ്റിന്റെ സേവനമാണ് ഇവിടെ ലഭ്യമാക്കുന്നത്. ഏപ്രില്‍ മാസത്തോടെ ഒരേ സമയം എട്ട് പേര്‍ക്ക് ചികിത്സയൊരുക്കുന്നതിനുള്ള ക്രിട്ടിക്കല്‍ കാര്‍ഡിയാക് കെയര്‍ യൂണിറ്റും പൂര്‍ത്തിയാകും.