24
Saturday
October 2020

ആധുനിക സുരക്ഷാ സംവിധാനങ്ങള്‍; വ്യാജലോട്ടറിക്ക് താഴ്

Google+ Pinterest LinkedIn Tumblr +

കണ്ണൂര്‍ : വ്യാജലോട്ടറി തടയുന്നതിനും ലോട്ടറികളുടെ വിശ്വാസ്യത ഉറപ്പ് വരുത്തുന്നതുമായി സര്‍ക്കാര്‍ നടപ്പിലാക്കിയത് നിരവധി ആധുനിക സുരക്ഷാ സംവിധാനങ്ങള്‍. മൈക്രോ പ്രിന്റിംഗ്, ഗില്ലോച്ച് പാറ്റേണ്‍, അദൃശ്യമായ എഴുത്ത്, ത്രിമാനദൃശ്യം തുടങ്ങിയ സംവിധാനങ്ങള്‍ ലോട്ടറി ചൂഷകര്‍ക്ക് വെല്ലുവിളിയായി. ഭാഗ്യക്കുറി ടിക്കറ്റിന്റെ കളര്‍ ഫോട്ടോകോപ്പി, സ്‌കാന്‍ ചെയ്ത കോപ്പി, പ്രിന്റ് മുതലായവയെടുത്ത് വ്യാജ ടിക്കറ്റ് നല്‍കി ഏജന്റുമാരെയും വില്‍പ്പനക്കാരെയും കബളിപ്പിച്ച് സമ്മാനത്തുക കൈക്കലാക്കുന്ന സാമൂഹ്യവിരുദ്ധര്‍ക്ക് ഈ സുരക്ഷാ സംവിധാനങ്ങള്‍ തിരിച്ചടിയാണ്.

സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് സിഡിറ്റുമായി ചേര്‍ന്ന് ആറ് സുരക്ഷാ സംവിധാനങ്ങളാണ് ടിക്കറ്റില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ഇതില്‍ രണ്ടെണ്ണം ലോട്ടറി വകുപ്പിന് മാത്രമേ അറിയുകയുള്ളൂ. ബാക്കി നാല് സംവിധാനങ്ങളിലൂടെ ടിക്കറ്റ് ഒറിജിനലാണോ വ്യാജമാണോ എന്ന് പൊതുജനങ്ങള്‍ക്കും ഏജന്റുമാര്‍ക്കും അനായാസേന തിരിച്ചറിയാം.ജില്ലയില്‍ 2018-19 വര്‍ഷത്തില്‍ 303.41 കോടി രൂപയാണ് ഭാഗ്യക്കുറിയുടെ വിറ്റുവരവ്. 2016-17 വര്‍ഷത്തില്‍ 281.59 കോടിയും 2017-18 വര്‍ഷത്തില്‍ 352.25 കോടിയുമാണ് വിറ്റുവരവ്.ജില്ലയില്‍ 3.72 കോടി രൂപയുടെ ധനസഹായമാണ് ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായുള്ളവര്‍ക്ക് നല്‍കിയത്. കണ്ണൂര്‍, തലശ്ശേരി, തളിപ്പറമ്പ് താലൂക്കുകളിലായി 4,335 പേരാണ് ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായുള്ളത്. 2017 മുതല്‍ 2019 വരെ 35 പേര്‍ക്ക് വിവാഹധനസാഹായമായി 1,75,000 രൂപ നല്‍കി. 20 പേര്‍ക്ക് പ്രസവശുശ്രൂഷക്കായി ഒരു ലക്ഷം രൂപ ചെലവഴിച്ചു. 55 പേര്‍ക്ക് 26.50 ലക്ഷം രൂപ മരണാനന്തര സഹായമായി നല്‍കി.

നവകേരള നിര്‍മ്മിതിക്കായി ഏര്‍പ്പെടുത്തിയ നവകേരള ഭാഗ്യക്കുറിയിലൂടെ ജില്ലയില്‍ 58.04 ലക്ഷം രൂപയാണ് സമാഹരിച്ചത്. 1,04,020 ടിക്കറ്റുകള്‍ വിറ്റു. ജില്ലയില്‍ കാരുണ്യ പദ്ധതിയിലൂടെ കാന്‍സര്‍, വൃക്കരോഗം, ഹൃദ്രോഗം, മസ്തിഷ്‌ക രോഗം എന്നിവ ബാധിച്ച സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 13,547 പേര്‍ക്ക് 151.08 കോടി രൂപയാണ് ധനസഹായമായി നല്‍കിയത്. 23 പേര്‍ക്ക് മുച്ചക്രവാഹനം വിതരണം ചെയ്തു. ഇതിനു പുറമെ അടിമുടി മാറ്റങ്ങളാണ് ലോട്ടറി വകുപ്പില്‍ നടപ്പിലാക്കിയിട്ടുള്ളത്. ഓഡിറ്റ് സംബന്ധമായ ജോലികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിനായി കോഴിക്കോട് ആസ്ഥാനമാക്കി നിര്‍മ്മിച്ച റീജിയണല്‍ ഓഡിറ്റ് ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു. എല്ലാ ലോട്ടറി ഓഫീസുകളിലും സിസിടിവി ക്യാമറ സ്ഥാപിച്ചു. സാങ്കേതിക പരിജ്ഞാനമുള്ളവരെ ഉള്‍പ്പെടുത്തിക്കൊണ്ട് വെര്‍ച്വല്‍ ഐടി കാഡര്‍ രൂപീകരിച്ചു.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com