കൊല്ലം: റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി മോട്ടോര്‍ വാഹന വകുപ്പ് ജില്ലയില്‍ നടത്തിയ പരിശോധനയില്‍ വിവിധ നിയമലംഘനങ്ങള്‍ക്ക് 186 വാഹന ഉടമകള്‍ക്കെതിരെ കേസടുക്കുകയും 1,31,000 രൂപ പിഴയിനത്തില്‍ ഈടാക്കുകയും ചെയ്തു.
ഹെല്‍മെറ്റില്ലാതെ ഇരുചക്ര വാഹനം ഓടിച്ചതിന് 25, അനുമതിയില്ലാതെ വാഹനങ്ങളില്‍ മാറ്റം വരുത്തിയതിന് 16, നമ്പര്‍ പ്ലേറ്റുകള്‍ ശരിയായി പ്രദര്‍ശിപ്പിക്കാത്തതിന് 16, ഇന്‍ഷ്വറന്‍സ് ഇല്ലാതെ വാഹനം നിരത്തിലിറക്കിയതിന് 15, ലൈസന്‍സ് ഇല്ലാത്തതിന് 16, അമിത വേഗം 5, അശ്രദ്ധമായി വാഹനം ഓടിച്ചതിന് 7, എയര്‍ ഹോണ്‍ ഉപയോഗിച്ചതിന് 13 എന്നിങ്ങനെയാണ് വിവിധ വിഭാഗങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം.അമിത വേഗത്തിന് കാമറയില്‍ പതിഞ്ഞ കേസുകളില്‍ കുറ്റം ആവര്‍ത്തിക്കുന്നവരില്‍ നിന്ന് പിഴ ഈടാക്കുന്നതിന് പുറമെ ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്റ് ചെയ്യുമെന്നും റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.