27
Tuesday
October 2020

ദുരിതാശ്വാസ ക്യാമ്പുകളില്‍ ആശ്വാസം പകര്‍ന്ന് എംഎല്‍എയ്‌ക്കൊപ്പം സിനിമാ താരങ്ങള്‍

Google+ Pinterest LinkedIn Tumblr +

പത്തനംതിട്ട: ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് ആശ്വാസം പകര്‍ന്ന് വീണാ ജോര്‍ജ് എംഎല്‍എയ്‌ക്കൊപ്പം സിനിമാതാരങ്ങളുടെ സന്ദര്‍ശനം.

റിമാ കല്ലിങ്കല്‍, രമ്യാ നമ്പീശന്‍, പാര്‍വതി, ദര്‍ശന രവീന്ദ്രന്‍, റോഷന്‍ മാത്യു, സിദ്ധാര്‍ഥ് ശിവ തുടങ്ങിയവരാണ് വല്ലന ടികെഎംഎംആര്‍ സ്‌കൂളില്‍ എത്തിയത്. ഇന്നലെ രാവിലെ കളക്ടറേറ്റില്‍ എത്തിയ താരങ്ങള്‍ ജില്ലാ കളക്ടര്‍ പി.ബി. നൂഹുമായും സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ സി.ജെ. ആന്റണിയുമായും കൂടിക്കാഴ്ച നടത്തി. ബാലാവകാശ കമ്മീഷന്റേയും ജില്ലാ ശിശുസംരക്ഷണ യൂണിറ്റിൻ്റെയും ദിശ എന്ന സന്നദ്ധ സംഘടനയുടെയും സംയുക്ത ആഭിമുഖ്യത്തിലാണ് ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് സാന്ത്വനമേകാന്‍ സിനിമാ താരങ്ങള്‍ എത്തിയത്.

ദുരന്തഭീതിയില്‍ അകപ്പെട്ട കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും മാനസിക ഉല്ലാസം പകര്‍ന്നു നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് സിനിമാ താരങ്ങള്‍ എത്തിയത്. കലയിലൂടെ സ്‌നേഹവും പ്രതീക്ഷയും നല്‍കി ദുരിതബാധിതരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ തങ്ങളാല്‍ ആവുന്നത് ചെയ്യുമെന്ന് താരങ്ങള്‍ പറഞ്ഞു. നാടന്‍ പാട്ടുകള്‍ പാടി താരങ്ങള്‍ ചുവടു വച്ചതോടെ ക്യാമ്പിലുണ്ടായിരുന്ന കുട്ടികളും മുതിര്‍ന്നവരും അവരുടെ ദുഃഖങ്ങള്‍ മറന്ന് താരങ്ങള്‍ക്കൊപ്പം ചേര്‍ന്നു. സ്‌ക്രീനില്‍ മാത്രം കണ്ടു പരിചയമുള്ള താരങ്ങളെ നേരില്‍ കണ്ടപ്പോള്‍ പ്രളയ കെടുതിയുടെ ദുരന്തങ്ങള്‍ ഒരു നിമിഷത്തേക്ക് എല്ലാവരും മറന്നു. പ്രളയകെടുതിയില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് പുതിയ പ്രതീക്ഷകള്‍ നല്‍കാന്‍ താരങ്ങളുടെ വരവ് സഹായകമായെന്ന് വീണാ ജോര്‍ജ് എംഎല്‍എ പറഞ്ഞു. പ്രളയബാധിത പ്രദേശങ്ങളിലെ കുട്ടികളുടെ മാനസിക ആരോഗ്യം വീണ്ടെടുക്കുന്നതിന് സംസ്ഥാന ബാലാവകാശ കമ്മീഷൻ്റെയും ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിൻ്റെയും നേതൃത്വത്തില്‍ നടന്നു വരുന്ന കൗണ്‍സലിംഗ് പരിപാടികളുടെ ഭാഗമായാണ് താരങ്ങളുമായി സംവദിക്കാനുള്ള അവസരം ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് ഒരുക്കിയത്. കോഴഞ്ചേരി എം.ജി.എം.ഓഡിറ്റോറിയം, തിരുവല്ല ഗവ.ഗേള്‍സ് ഹൈസ്‌കൂള്‍ എന്നീ ക്യാമ്പുകളില്‍ താരങ്ങള്‍ സന്ദര്‍ശനം നടത്തി. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ എ.ഒ അബീന്‍, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സൂസമ്മ മാത്യു , ദിശ കോ-ഓര്‍ഡിനേറ്റര്‍ ദിനു, ഷാന്‍ രമേശ് ഗോപന്‍, കൃഷ്ണകുമാര്‍, അമ്മുദീപ തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com