കോഴിക്കോട്: ധനകാര്യ സ്ഥാപന ഉടമയെ പട്ടാപ്പകല്‍ സ്ഥാപനത്തില്‍ കയറി പെട്രോളൊഴിച്ച് തീകൊളുത്തി കൊന്ന കേസില്‍ പ്രതി പൊലീസ് പിടിയില്‍. കൈതപ്പൊയിലിലെ മലബാര്‍ ഫിനാന്‍സിയേഴ്സ് ഉടമയും പുതുപ്പാടി കുപ്പായക്കോട് സ്വദേശിയുമായ ഇളവക്കുന്നേല്‍ സജി എന്ന പി.ടി. കുരുവിളയെ (53) കൊലപ്പെടുത്തിയ സംഭവത്തില്‍ ആലപ്പുഴ കടുവിനാല്‍ വള്ളിക്കുന്നം സുമേഷ് ഭവനത്തില്‍ സുമേഷ്കുമാറിനെ (40) ആണ് റൂറല്‍ എസ്.പിയുടെ പ്രത്യേക സംഘം ഞായറാഴ്ച പുലര്‍ച്ച തിരൂര്‍, തലക്കടത്തൂരില്നിന്ന് പിടികൂടിയത്.
മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലൂടെയാണ് അറസ്റ്റ്. ആക്രമണം നടത്തി വൈകീട്ടോടെ ഒളിവില്‍പോയ പ്രതി നേരത്തേ പ്ലംബിങ് ജോലിയെടുത്ത കോഴിക്കോട് ബീച്ചിനടുത്തുള്ള ഫ്ലാറ്റിലെത്തുകയായിരുന്നു. പുലര്‍ച്ച വരെ അവിടെ ചെലവഴിച്ചു. പിന്നീട് ബൈക്കില്‍ കയറി തലക്കടത്തൂരിലെത്തി. ഞായറാഴ്ച പുലര്‍ച്ച മൂന്നുമണിയോടെ തിരൂരിലെത്തിയ െപാലീസ് സംഘമാണ് പിടികൂടിയത്. പൊലീസ് പിടികൂടാതിരിക്കാന്‍ ലോഡ്ജില്‍ മുറിയെടുക്കാതെ കോണിച്ചരുവില് കിടന്നുറങ്ങുകയായിരുന്നു.
ഞായറാഴ്ച ഉച്ചയോടെ പ്രതിയെ കൈതപ്പൊയിലില്‍ സംഭവസ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. പ്രതി കുറ്റം സമ്മതിച്ചതായി റൂറല്‍ എസ്.പി ജി. ജയദേവ് മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചക്ക് രണ്ടേകാലോടെയാണ് ആക്രമണം നടന്നത്. പ്ലംബിങ് കോണ്‍ട്രാക്ടറായിരുന്ന പ്രതി രണ്ടുലക്ഷം രൂപയുടെ ആവശ്യത്തിനാണ് ഫിനാന്‍സ് സ്ഥാപനത്തിലെത്തിയത്. എന്നാല്‍, ആവശ്യത്തിന് ഈടുനല്കാനുള്ള സ്വര്‍ണമോ മറ്റോ ഇയാളുടെ പക്കലുണ്ടായിരുന്നില്ല. ഈടില്ലാതെ തന്നെ രണ്ടുലക്ഷം രൂപ വേണമെന്നായിരുന്നു ആവശ്യം.
പണം കൊടുക്കുമെന്നോ ഇല്ലെന്നോ കുരുവിള പ്രതിയോട് പറഞ്ഞില്ല. ഇക്കാരണത്താല്‍ നിരവധി തവണ പ്രതി കുരുവിളയെ സമീപിച്ചിരുന്നു. നിരന്തരം ആവശ്യപ്പെട്ടിട്ടും പണം ലഭിക്കാതെ വന്നതോടെയാണ് വെള്ളിയാഴ്ച രണ്ടുകുപ്പി പെട്രോള്‍ കൈയില്‍ കരുതി പ്രതി വീണ്ടും സ്ഥാപനത്തിലെത്തിയത്. ഏറെ നേരം ഇവിടെ ചെലവഴിച്ച പ്രതി പണം കിട്ടില്ലെന്ന് കണ്ടതോടെ കൈയില്‍ കരുതിയ പെട്രോള്‍ കുരുവിളയുടെ ശരീരത്തില്‍ ഒഴിച്ച് തീ കൊടുക്കുകയുമായിരുന്നു. കുരുവിള പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സക്കിടെ മരിച്ചു.
ഡിവൈ.എസ്.പി പി.സി. സജീവന്, സി.ഐ ടി.എ. അഗസ്റ്റിന് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്. എസ്.ഐ സായൂജ്കുമാര്‍, ക്രൈംസ്ക്വാഡ് അംഗങ്ങളായ എ.എസ്.ഐ രാജീവ് ബാബു, സി.പി.ഒമാരായ ഷിബില്‍ ജോസഫ്, ഹരിദാസന്, ഷഫീഖ് നീലിയാനിക്കല്‍ എന്നിവരാണ് പ്രതിയെ തിരൂരിലെത്തി പിടികൂടിയത്.
പ്രതിയെ കുടുക്കിയത് പൊലീസിെന്റ തന്ത്രപരമായ നീക്കം
സജി കുരുവിളയെ തീയിട്ട് കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതിയെ കുടുക്കിയത് പൊലീസിെന്റ തന്ത്രപരമായ നീക്കം. പ്രതി സുമേഷ് ശനിയാഴ്ച രാത്രി വൈകിയാണ് പൊലീസിെന്റ അവസരോചിത ഇടപെടലിലൂടെ പിടിയിലാവുന്നത്. വെള്ളിയാഴ്ച ഉച്ചക്ക് കൃത്യം നടത്തിയതിനുശേഷം കെട്ടിടത്തിെന്റ പിറകുവശത്തുകൂടിയായിരുന്നു ഇയാള്‍ രക്ഷപ്പെട്ടത്. തുടര്‍ന്ന് താമസിച്ചിരുന്ന അടിവാരത്തെ ലോഡ്ജിലേക്ക് പോയി വൈകുന്നേരം നാലോടെ ബൈക്കില്‍ കോഴിക്കോട്ടേക്ക് തിരിച്ചു. നഗരത്തിലെത്തിയ ഇയാള്‍ ബീച്ചിനടുത്ത് നേരത്തേ പ്ലംബിങ് നടത്തിയ ഫ്ലാറ്റില്‍ താമസിച്ചു. ശനിയാഴ്ച പുലര്‍ച്ചയോടെ റെയില്‍വേ സ്റ്റേഷനിലേക്ക് പുറപ്പെട്ടു. പൊലീസ് പിന്തുടരുമോ എന്ന് ഭയന്ന് ബൈക്കുമായി തിരൂരിലേക്ക് തിരിച്ചു. തിരൂരില്‍ ചുറ്റിക്കറങ്ങിയ ശേഷം വൈകീട്ട് മദ്യപിക്കുകയും ടൗണിലെ തിയറ്ററില്‍ സിനിമക്ക് കയറി. പൊലീസിനെ ഭയന്ന് ലോഡ്ജില്‍ റൂമെടുക്കാതെ നേരത്തേ ജോലി ചെയ്ത ഒരു ഫ്ലാറ്റിെന്റ കോണിക്കൂട്ടില്‍ കയറി നിലത്ത് കിടന്നുറങ്ങുകയായിരുന്നു. ഈ അവസരത്തിലാണ് പൊലീസ് പിടികൂടുന്നത്.
മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് ശാസ്ത്രീയ അന്വേഷണം നടത്തിയ പൊലീസ് പ്രതിയുടെ ഓരോ നീക്കങ്ങളും പിന്തുടരുന്നുണ്ടായിരുന്നു. തിരൂരില്‍ നിന്നും പുലര്‍ച്ചയോടെ മുംബൈക്ക് കടക്കാനായിരുന്നു പ്രതി ഉദ്ദേശിച്ചിരുന്നത്. ഇയാളുെട ബന്ധുക്കള്‍ അവിടെ ജോലി ചെയ്യുന്നുണ്ട്. രണ്ടുമാസത്തോളമായി ഭാര്യയും മകനുമായി അകന്നാണ് പ്രതി കഴിഞ്ഞിരുന്നത്. ഇതേ തുടര്‍ന്ന് നേരത്തേ താമസിച്ചിരുന്ന വാടക വീട്ടില്‍ നിന്നും ലോഡ്ജിലേക്ക് താമസം മാറ്റുകയായിരുന്നു. ഫ്ലാറ്റുകളിലും മറ്റുകെട്ടിടങ്ങളിലും പ്ലംബിങ് ജോലികള്‍ കരാറടിസ്ഥാനത്തില്‍ ഏറ്റെടുത്തു നടത്തിവരുകയായിരുന്നു ഇയാള്‍. നേരത്തേ മറ്റു സംസ്ഥാനങ്ങളിലൊക്കെ ജോലിചെയ്ത പരിചയവും ഇയാള്‍ക്കുണ്ടെന്ന് പൊലീസ് പറഞ്ഞു.