എറണാകുളം: മുത്തൂറ്റ് പോൾ എം. ജോർജ്ജ് വധക്കേസിൽ എട്ട് പ്രതികളുടെ ജീവപര്യന്തം തടവ് ശിക്ഷ ഹൈക്കോടതി റദ്ദാക്കി. ഒന്‍പത് പ്രതികളെ ജീവപര്യന്തം തടവിന് ശിക്ഷിച്ച സിബിഐ കോടതി വിധി റദ്ദാക്കിയാണ് ഹൈക്കോടതിയുടെ ഈ വിധി. 2015 സെപ്റ്റംബറില്‍ തിരുവനന്തപുരം സിബിഐ കോടതിയാണ് പ്രതികള്‍ക്ക് ശിക്ഷ വിധിച്ചത്. ഈ വിധിയാണ് ഇപ്പോള്‍ ഹൈക്കോടതി റദ്ദാക്കിയത്.
ഒന്നാം പ്രതി ജയചന്ദ്രൻ, മൂന്നാം പ്രതി സത്താർ, നാലാം പ്രതി സുജിത്ത്, അഞ്ചാം പ്രതി ആകാശ്, ആറാം പ്രതി സതീഷ് കുമാർ, ഏഴാം പ്രതി രാജീവ് കുമാർ, എട്ടാം പ്രതി ഷിനോ പോൾ, ഒൻപതാം പ്രതി ഫൈസൽ എന്നിവരുടെ ജീവപര്യന്തം തടവ് ശിക്ഷയാണ് റദ്ദാക്കിയത്. കൊലക്കുറ്റം നിലനിൽക്കില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതികളുടെ ശിക്ഷ ഹൈക്കോടതി റദ്ദുചെയ്തത്. രണ്ടാം പ്രതി കാരി സതീശ് അപ്പീൽ നൽകിയിരുന്നില്ല. അപ്പീലിന്റെ അടിസ്ഥാനത്തിലാണ് എട്ട് പ്രതികളുടെ ശിക്ഷ കോടതി റദ്ദാക്കിയത്.
2009 ആഗസ്റ്റ് 21ന് ആലപ്പുഴയ്ക്ക് പോകും വഴി ബൈക്കപകടവുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ പ്രതികള്‍ പോള്‍ എം.ജോര്‍ജ്ജിനെ കൊലപ്പെടുത്തിയെന്നാണ് കേസ്.
മണ്ണഞ്ചേരിയിലെ കുരങ്ങ് നസീര്‍ എന്ന ഗുണ്ടയെ വകവരുത്താന്‍ പോയ ജയചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം വഴിയില്‍ ഉണ്ടായ വാഹനാപകടവുമായി ബന്ധപ്പെട്ട് പോള്‍ മുത്തൂറ്റുമായി തര്‍ക്കത്തിലാവുകയും തുടര്‍ന്ന് സംഘം പോളിനെ കത്തികൊണ്ട് കുത്തി കൊലപ്പെടുത്തുകയുമായിരുന്നു.