5
Friday
March 2021

എന്റെ വോട്ട്, എന്റെ അവകാശം ‘ അട്ടത്തോടും അരയാഞ്ഞിലിമണ്ണിലും തെരുവുനാടകം സംഘടിപ്പിച്ചു

Google+ Pinterest LinkedIn Tumblr +

പത്തനംതിട്ട: ആദിവാസി മേഖലയില്‍ നിന്നുള്ളവരെ വോട്ടിംഗ് കേന്ദ്രങ്ങളിലെത്തിക്കുന്നതിനുള്ള വിപുലമായ വോട്ടര്‍ ബോധവത്ക്കരണ പ്രചാരണ പരിപാടികളുടെ (സ്വീപ്പ്) ഭാഗമായി ജില്ലയിലെ പട്ടികവര്‍ഗ കോളനികളായ അട്ടത്തോട്, അരയാഞ്ഞിലിമണ്ണ് എന്നിവിടങ്ങളില്‍ തെരുവുനാടകം അവതരിപ്പിച്ചു. മുന്‍ വര്‍ഷങ്ങളില്‍ ആദിവാസി മേഖലയില്‍ വോട്ടിംഗ് ശതമാനം കുറഞ്ഞ സാഹചര്യത്തിലാണ് സംസ്ഥാന ചീഫ് ഇലക്ടറല്‍ ഓഫീസറുടെ നേതൃത്വത്തില്‍ സ്വീപ്പിന്റെ ഭാഗമായി ആദിവാസികള്‍ക്കിടയില്‍ വിപുലമായ ബോധവത്കരണം നടത്തുന്നത്. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലെ പട്ടികവര്‍ഗ ഊരുകള്‍ കേന്ദ്രീകരിച്ചാണ് തെരുവുനാടകങ്ങള്‍ നടത്തുന്നത്.
നിലയ്ക്കലിന് കിഴക്ക് മാറി ശബരിമല വനത്തിനുളളിലുള്ള ആദിവാസി കോളനിയാണ് അട്ടത്തോടും, അരയാഞ്ഞിലിമണ്ണും. മലമ്പണ്ടാരം വിഭാഗത്തില്‍ പെടുന്ന ആ്വിവാസികളാണിവിടെ ഉള്ളവരില്‍ ഏറെയും. 186 ആദിവാസി കുടുംബങ്ങള്‍ അട്ടത്തോടും, 196 കുടുംബങ്ങള്‍ അരയാഞ്ഞിലിമണ്ണിലുമായി താമസിക്കുന്നു. കുടുംബശ്രീയുടെ കലാവിഭാഗമായ രംഗശ്രീ ട്രൂപ്പാണ് ഏഴ് മിനിട്ട് ദൈര്‍ഘ്യമുള്ള തെരുവുനാടകം അവതരിപ്പിച്ചത്. കുടുംബശ്രീയുടെ നേതൃത്വത്തില്‍ 2015 ല്‍ ആരംഭിച്ചതാണ് രംഗശ്രീ ട്രൂപ്പ്. സ്ത്രീകളുടെ കലാകായിക കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനാണ് രംഗശ്രീ ട്രൂപ്പ് പ്രാധാന്യം നല്‍കുന്നത്.
ഷേര്‍ളി ഷൈജു, മായാ അമൃതകുമാര്‍, ഹേമലത, സുധാ സുരേന്ദ്രന്‍, ഉഷ തോമസ്, ഗീത രാജന്‍ എന്നിങ്ങനെ ആറു പേരടങ്ങുന്നതാണ് കുടുംബശ്രീ രംഗശ്രീ കമ്മ്യൂണിറ്റി തീയറ്റര്‍. ‘എന്റെ വോട്ട് എന്റെ അവകാശം’ എന്ന നാടകമാണ് ഇവര്‍ അവതരിപ്പിക്കുന്നത്. ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ടീക്കാറാം മീണയാണ് നാടകത്തിന്റെ സ്‌ക്രിപ്റ്റ് തയാറാക്കിയിരിക്കുന്നത്. നമ്മുടെ ആവശ്യങ്ങള്‍ നടപ്പാക്കാന്‍ ആഗ്രഹിക്കുന്ന ഭരണാധികാരിയെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം വിനിയോഗിക്കുക, വോട്ടിംഗ് മേഖലയിലെ ആദിവാസി സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പാക്കുക എന്ന സന്ദേശമാണ് നാടകം നല്‍കുന്നത്. വോട്ടിംഗ് മെഷീന്‍ പരിചയപ്പെടുത്തല്‍, വിവിപാറ്റ്, വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കേണ്ടതെങ്ങനെ തുടങ്ങിയ കാര്യങ്ങളും തെരുവ് നാടകത്തിലൂടെ പരിചയപ്പെടുത്തുന്നുണ്ട്. വോട്ടിന്റെ പ്രാധാന്യം മനസിലാക്കി നല്‍കുന്നതിനൊപ്പം സമ്മര്‍ദമില്ലാതെ വോട്ടു ചെയ്യാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നതാണ് ഈ നാടകം. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നത് എങ്ങനെ എന്നും നാടകത്തിലൂടെ ദൃശ്യവല്‍കരിക്കുന്നു. ആദിവാസി വോട്ടര്‍മാരെ തെറ്റായ രീതിയില്‍ സ്വാധീനിക്കുവാന്‍ ശ്രമിക്കുന്നവര്‍ക്കെതിരേ കമ്മിഷന്‍ ശക്തമായ നടപടിയെടുക്കും. ആദിവാസികള്‍ക്ക് തെരഞ്ഞെടുപ്പ് പ്രക്രിയ സംബന്ധിച്ച സംശയങ്ങള്‍ ദൂരീകരിക്കാന്‍ ടോള്‍ഫ്രീ നമ്പര്‍ (1950) ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ, വോട്ടിംഗ് മെഷീന്‍, വിവി പാറ്റ് എന്നിവയുടെ പ്രവര്‍ത്തനം താലൂക്ക് തല ഉദ്യോഗസ്ഥര്‍ പ്രദേശവാസികള്‍ക്ക് പരിചയപ്പെടുത്തി. എ.ഡി.സി ജനറലും സ്വീപ്പ് നോഡല്‍ ഓഫീസറുമായ കെ.കെ വിമല്‍രാജ്, റാന്നി തഹസില്‍ദാര്‍ എന്‍.ബാലസുബ്രഹ്മണ്യം, ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ.ജഹാംഗീര്‍, തുരുത്തിക്കാട് ബി.എ.എം കോളജ് കാമ്പസ് അമ്പാസഡര്‍ ഇ.ജെ. ഷിജിന്‍, സ്വീപ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com