30
Monday
November 2020

ജാഗിയുടെ മരണത്തിലെ ദുരൂഹത നീക്കാന്‍ അമ്മയെ ചോദ്യം ചെയ്യും

Google+ Pinterest LinkedIn Tumblr +

തിരുവനന്തപുരം: അവതാരകയും മോഡലുമായ ജാഗി ജോണിന്റെ (45) മരണത്തിലെ ദുരൂഹത മാറ്റാന്‍ അമ്മയെ ചോദ്യം ചെയ്യും. ഇവരെ ചോദ്യം ചെയ്യാന്‍ മെഡിക്കല്‍ സംഘത്തിന്റെ സേവനം തേടി പോലീസ് കത്തു നല്‍കി. പത്തു വര്‍ഷം മുമ്പു വാഹനാപകടത്തില്‍ മകനും ഭര്‍ത്താവും മരിച്ച ശേഷം അമ്മ പരസ്പര വിരുദ്ധമായാണ് സംസാരിക്കുന്നത്. അതിനാല്‍ മനഃശാസ്ത്രജ്ഞരെ സംഘത്തില്‍ ഉള്‍പ്പെടുത്തണമെന്നാണ് പോലീസിന്റെ ആവശ്യം.

അടുക്കളയില്‍ വീണു കിടക്കുന്ന നിലയിലാണ് ജാഗി ജോണിന്റെ മൃതദേഹം കണ്ടെത്തിയത്. തലയ്ക്കു പിന്നിലേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. അമ്മയും ജാഗിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പുറത്തു നിന്നും ആളുകള്‍ വരാന്‍ സാധ്യത കുറവായതിനാല്‍ അമ്മയെ ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിയു. ബലപ്രയോഗം നടന്നതിന്റെ ലക്ഷണങ്ങള്‍ മുറിയില്‍ കണ്ടെത്താനായിട്ടില്ല. ശരീരത്തില്‍ മുറിവുകളില്ലായിരുന്നു. കുഴഞ്ഞു വീണതാണോ ബലപ്രയോഗത്തിലൂടെ തള്ളിയിട്ടതാണോ എന്ന കാര്യത്തില്‍ വ്യക്തത വരുത്താന്‍ ജാഗിയുടെ അമ്മയില്‍ നിന്ന് വിവരങ്ങള്‍ ലഭിക്കേണ്ടതുണ്ട്.

കുറവന്‍കോണം ഹില്‍ ഗാര്‍ഡന്‍സിലെ വീട്ടിലാണ് അമ്മയ്‌ക്കൊപ്പം ജാഗി കഴിഞ്ഞിരുന്നത്. ജാഗിയെ ഫോണില്‍ കിട്ടുന്നില്ലെന്ന് ഒരു സുഹൃത്ത് അറിയിച്ചതിനെത്തുടര്‍ന്ന് കുടുംബ സുഹൃത്തായ ഡോക്ടര്‍ വീട്ടിലെത്തി. പൂട്ടിയ ഗേറ്റിന് ഉള്ളില്‍ നില്‍ക്കുകയായിരുന്നു അമ്മ. ഡോക്ടര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പൊലീസെത്തി വീടിനുള്ളില്‍ പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

Share.

Comments are closed.

Social Media Auto Publish Powered By : XYZScripts.com