റാഞ്ചി: ദേശീയ ജൂനിയര്‍ അത്ലറ്റിക്സില് കേരളത്തിൻ്റെ തുടക്കം മൂന്ന് സ്വര്‍ണത്തോടെ. റാഞ്ചിയില്‍ നടക്കുന്ന മീറ്റിന്റെ ആദ്യദിനം മൂന്ന് സ്വര്‍ണവും ഒരു വെള്ളിയും രണ്ട് വെങ്കലവുമാണ് കേരളം നേടിയത്.
അണ്ടര്‍ 18 പെണ്‍കുട്ടികളുടെ ലോങ് ജംപിൽ ആന്‍സി സോജനും അണ്ടര്‍ 20 ആണ്‍കുട്ടികളുടെ ലോങ് ജംപിൽ നിര്‍മല്‍ സാബുവുമാണ് സ്വര്‍ണം നേടിയത്. അണ്ടര്‍ 20 പെണ്‍കുട്ടികളുടെ പോള്‍വോള്‍ട്ടില്‍ വാശിയേറിയ മത്സരത്തിനൊടുവില്‍ ദിവ്യ മോഹന്‍ പൊന്നണിഞ്ഞു.
അണ്ടര്‍ 18 പെണ്‍കുട്ടികളുടെ പോള്‍വോള്‍ട്ടില്‍ കേരളത്തിൻ്റെ ബ്ലെസി കുഞ്ഞുമോന് വെള്ളി നേടി. തമിഴ്നാടിൻ്റെ പവിത്രയ്ക്കാണ് സ്വര്‍ണം. അണ്ടര്‍ 20 പെണ്‍കുട്ടികളുടെ ഷോട്ട്പുട്ടില്‍ മേഘ മറിയം മാത്യു വെങ്കലം നേടി. ഉത്തര്‍പ്രദേശിൻ്റെ അനാമിക ദാസാണ് സ്വര്‍ണം നേടിയത്.
അണ്ടര്‍ 20 ആണ്‍കുട്ടികളുടെ കേരളത്തിൻ്റെ മുഹമ്മദ് ഫായിസും സാബിന് ടി സത്യനും ഫൈനലില്‍ കടന്നു. പെണ്‍കുട്ടികളുടെ 100 മീറ്റില്‍ മൃദുല മരിയ ബാബു, അണ്ടര്‍ 18 പെണ്‍കുട്ടികളുടെ 100 മീറ്ററില്‍ അപര്‍ണ റോയ് എന്നിവരും ഫൈനലിലേക്ക് മുന്നേറി. ഇന്ന് 40 ഫൈനലുകള്‍ അരങ്ങേറും.