10
Saturday
April 2021

ഇനി ശ്രദ്ധിക്കേണ്ടത് ദുരിതാശ്വാസം ; മുഖ്യമന്ത്രി

Google+ Pinterest LinkedIn Tumblr +

തിരുവനന്തപുരം: രക്ഷാപ്രവര്‍ത്തനത്തില്‍ നിന്ന് ദുരിതാശ്വാസ പ്രവര്‍ത്തനത്തിലേക്ക് തിരിയേണ്ട ഘട്ടമായതായി മുഖ്യമന്ത്രി പിണറായി. ജീവന്‍രക്ഷാ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണ്. ദുരിതത്തിനിരയായവരെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരേണ്ടതുണ്ട്. ഇതിനനുസരിച്ചുള്ള പദ്ധതിയാണ് സര്‍ക്കാര്‍ തയ്യാറാക്കുന്നത്. ക്യാമ്പുകളില്‍ നിന്ന് തിരികെ വീട്ടിലേക്ക് മടങ്ങുമ്പോള്‍ അവര്‍ക്ക് ഒന്നിനും മുട്ടുണ്ടാകാതിരിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കും. വെള്ളം, വൈദ്യുതി, ഭക്ഷണം തുടങ്ങിയ അടിസ്ഥാനാവശ്യങ്ങള്‍ക്കുള്ള സൗകര്യം ഒരുക്കേണ്ടതുണ്ട്. ഏറ്റവും പ്രധാനം ശുദ്ധജലം ലഭ്യമാക്കുകയാണ്. മലിനീകരിക്കപ്പെട്ട ജലസ്രോതസുകള്‍ പൂര്‍ണമായി ശുദ്ധീകരിക്കാനാവണം. പൊട്ടിയ പൈപ്പ് ലൈനുകള്‍ നന്നാക്കണം. ഇതിനാവശ്യമായ നടപടികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ സ്വീകരിച്ച് നടപ്പാക്കും. പുനരധിവാസത്തിന് ആവശ്യമായ എല്ലാവരുടെയും സഹായം ഉറപ്പാക്കും. ക്യാമ്പുകളിലേക്ക് പോകാതെ വീടുകളില്‍ ഒറ്റപ്പെട്ട് കഴിയുന്നവര്‍ക്ക് ഭക്ഷണം എത്തിക്കാന്‍ ഫലപ്രദമായ നടപടി സ്വീകരിച്ചിട്ടുണ്ട്.
ദുരിതാശ്വാസ ക്യാമ്പുകളില്‍ വനിതാ പോലീസിൻ്റെ സാന്നിധ്യം ഉറപ്പാക്കും. വൈദ്യുതി തകര്‍ച്ച പുനസ്ഥാപിക്കുക പ്രധാനമാണ്. ഇതില്‍ സുരക്ഷയുടെ പ്രശ്‌നം നിലനില്‍ക്കുന്നു. വീടുകളില്‍ പരിശോധന നടത്തി മാത്രമേ വൈദ്യുതി ബന്ധം പുനസ്ഥാപിക്കാനാവൂ. എന്നാല്‍ തെരുവ് വിളക്കുകള്‍ പ്രകാശിപ്പിക്കുന്നതിനും കുടിവെള്ള പമ്പുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുമായി വൈദ്യുതി ബന്ധം സ്ഥാപിക്കും. തദ്ദേശസ്ഥാപനങ്ങള്‍ വീടുകളില്‍ പ്രാഥമിക പരിശോധനയും നടത്തും.
ശുചീകരണം ഫലപ്രദമായി നടത്തുന്നതിന് മാലിന്യ വിമുക്ത പ്രോട്ടോകോള്‍ നടപ്പാക്കും. ആരോഗ്യ, തദ്ദേശസ്വയംഭരണ വകുപ്പുകളുടെ അഡീഷണല്‍ ചീഫ് സെക്രട്ടറിമാരുടെ നേതൃത്വത്തിലുള്ള ഉപസമിതി ഇത്തരം കാര്യങ്ങളുടെ മേല്‍നോട്ടവും ആസൂത്രണവും നിര്‍വഹിക്കും.
വെള്ളം ഇറങ്ങുമ്പോള്‍ ശുചീകരണ പ്രവര്‍ത്തനം ആരംഭിക്കും. നല്ല ശുചിത്വം പാലിച്ചില്ലെങ്കില്‍ പകര്‍ച്ചവ്യാധികള്‍ ഉണ്ടാവും. മാലിന്യ നിര്‍മാര്‍ജനവുമായി ബന്ധപ്പെട്ട് ഹരിത കേരള മിഷന്റെ യോഗം ചേര്‍ന്നിരുന്നു. തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ജനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും സഹായത്തോടെ മാലിന്യ നിര്‍മാര്‍ജനം നടത്തും. ഇതിനായി ധാരാളം സന്നദ്ധ പ്രവര്‍ത്തകര്‍ വേണ്ടി വരും. താത്പര്യമുള്ളവര്‍ക്കെല്ലാം ഇതില്‍ പങ്കാളികളാവാം. ഓരോ വില്ലേജിലും ഇതിന് നേതൃത്വം നല്‍കാന്‍ ഒരു ഉദ്യോഗസ്ഥനുണ്ടാവും. സന്നദ്ധപ്രവര്‍ത്തകര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശം നല്‍കാന്‍ എല്ലായിടത്തും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരുണ്ടാവും. ഒരു പഞ്ചായത്തില്‍ ആറ് വീതം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരുണ്ടാവും. വകുപ്പിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് പുറമെ കരാര്‍ അടിസ്ഥാനത്തില്‍ ആളുകളെ എടുക്കും. ഫയര്‍ഫോഴ്‌സിനും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായക പങ്ക് വഹിക്കാനാവും.

പ്രായമായവരും വിവിധ രോഗങ്ങളുള്ളവരുമൊക്കെ ദുരിതത്തിനിരയായിട്ടുണ്ട്. ഇവര്‍ക്ക് ആവശ്യമായ സഹായവും ചികിത്‌സയും ലഭ്യമാക്കാന്‍ ആരോഗ്യ വകുപ്പ് നടപടി സ്വീകരിക്കും. ക്യാമ്പുകളില്‍ ഡോക്ടര്‍മാര്‍ എത്തുന്നുണ്ട്. പഞ്ചായത്തുകള്‍ ആവശ്യമെങ്കില്‍ പ്രത്യേകം മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തും. മറ്റു സംസ്ഥാനങ്ങളും മരുന്നു കമ്പനികളും മരുന്നുകള്‍ എത്തിക്കുന്നുണ്ട്. ഇതിൻ്റെ ഏകോപനത്തിന് നോഡല്‍ ഓഫീസറെ നിയോഗിക്കും. തെലുങ്കാനയില്‍ നിന്ന് സംസ്ഥാന ആഭ്യന്തര മന്ത്രി നേരിട്ടെത്തി സഹായം നല്‍കി. ബംഗാള്‍ മുഖ്യമന്ത്രി പത്ത് കോടി രൂപയുടെ സഹായം നല്‍കുമെന്ന് അറിയിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലോകം മുഴുവന്‍ ശ്രദ്ധിച്ച ദുരന്തമാണിത്. പലതിലും മാതൃക സൃഷ്ടിച്ച കേരളീയര്‍ ദുരന്തം നേരിടുന്നതിലും മാതൃകയാവേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പ്രളയക്കെടുതിയില്‍ സംസ്ഥാനത്തെ സഹായിച്ച എല്ലാ മേഖലയിലുള്ളവര്‍ക്കും മുഖ്യമന്ത്രി പിണറായി വിജയന്‍ നന്ദി രേഖപ്പെടുത്തി. രക്ഷാപ്രവര്‍ത്തനത്തിൻ്റെ ആദ്യഘട്ടം നല്ലരീതിയില്‍ പൂര്‍ത്തികരിക്കുമ്പോള്‍ നമ്മുടെ നാട്ടിലെ മനുഷ്യസ്‌നേഹത്തിൻ്റെയും ത്യാഗസന്നദ്ധതയുടെയും സേവനതത്പരതയുടെയും അടിത്തറയാണ് സമാനതകളില്ലാത്തപ്രതിസന്ധിയെ മറികടക്കാന്‍ കരുത്തായത്. അപൂര്‍വം ചില സ്ഥലങ്ങളില്‍ രക്ഷാ പ്രവര്‍ത്തനം തുടരേണ്ടിവരും.
രക്ഷാപ്രവര്‍ത്തനത്തിന് വിവിധതരം സഹായങ്ങളാണ് കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത്. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും കേരളം സന്ദര്‍ശിച്ച് അടിയന്തര സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്. കൂടുതല്‍ സഹായങ്ങള്‍ നല്‍കാമെന്ന ഉറപ്പും നല്‍കിയിട്ടുണ്ട്. രക്ഷാ പ്രവര്‍ത്തനത്തിന് സംസ്ഥാനത്തെ സഹായിക്കുന്നതിന് എല്ലാ തലത്തിലുമുള്ള സഹായവും ഗവര്‍ണറുടെ ഭാഗത്തുനിന്നുണ്ടായി.

പ്രവാസികള്‍ വലിയ സഹായവും സംഭാവനയുമാണ് ദുരിതാശ്വാസത്തിന് നല്‍കിയിട്ടുള്ളത്. അവരുടെ സ്‌നേഹസമ്പൂര്‍ണമായ സഹായത്തിന് നന്ദി രേഖപ്പെടുത്തുന്നു. വസ്ത്രങ്ങളും മറ്റും അവിടെ നിന്ന് അയക്കുന്നതിന് പലരും സന്നദ്ധത അറിയിക്കുന്നുണ്ട്. എന്നാല്‍ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിക്കൊണ്ട് ഈ പ്രവര്‍ത്തനത്തില്‍ പങ്കാളികളാവുകയാണ് ചെയ്യേണ്ടത്.
കേരളത്തിൻ്റെ ദുരന്തം തങ്ങളുടെ സഹോദരങ്ങള്‍ക്ക് സംഭവിച്ച ദുരിതമാണെന്ന കാഴ്ചപ്പാടോടെയാണ് സഹായഹസ്തവുമായി വിവിധ സംസ്ഥാനസര്‍ക്കാരുകളും സംഘടനകളും എത്തിയത്. അവരെയും സ്‌നേഹത്തിൻ്റെ ഭാഷയില്‍ അഭിവാദ്യം ചെയ്യുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

ഈ ദുരന്തത്തിൻ്റെ വിവിധ വശങ്ങളെ സൂചിപ്പിക്കുകയും ജനങ്ങള്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന തരത്തിലും സര്‍ക്കാരിൻ്റെ ഇടപെടലുകളെ ജനങ്ങളിലെത്തിക്കുന്നതിലും മാധ്യമങ്ങള്‍ മികച്ച പങ്ക് വഹിച്ചു. കേരളത്തിനകത്തും പുറത്തുമുള്ള മാധ്യമങ്ങളുടെ സഹായത്തെ നന്ദിയോടെ സര്‍ക്കാര്‍ സ്മരിക്കുന്നു. പുനരധിവാസ പ്രവര്‍ത്തനത്തിന് പ്രത്യേകിച്ച് ശുചിത്വം, ആരോഗ്യം എന്നീ മേഖലകളില്‍ അവബോധം സൃഷ്ടിക്കുന്നതിനും ജനങ്ങളില്‍ ആത്മവിശ്വാസം ഉണ്ടാക്കുന്നതിനും മാധ്യമങ്ങളില്‍നിന്ന് ഏറെ സഹായം സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതായി പറഞ്ഞു. മഹാദുരന്തം ഉണ്ടായപ്പോള്‍ അതിജീവിക്കാന്‍ കഴിയുമോ എന്ന ആശങ്കകളെ അസ്ഥാനത്താക്കി നാടിനെ സംരക്ഷിക്കാന്‍ നമുക്കായി. ഈ സാഹചര്യം സൃഷ്ടിച്ചത് രക്ഷാപ്രവര്‍ത്തനത്തില്‍ ഇടപെട്ട വിവിധ മേഖലയില്‍പെട്ടവരായിരുന്നു. അത്തരം പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്ത വിവിധ സേനാവിഭാഗങ്ങളില്‍പെട്ടവരോടും സന്ന പ്രവര്‍ത്തകരോടുമുള്ള കടപ്പാടും നന്ദിയും കേരള സമൂഹത്തിനുവേണ്ടി രേഖപ്പെടുത്തുന്നു.

രാപ്പകലില്ലാതെ രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ച വിവിധ തലങ്ങളില്‍ പ്രവര്‍ത്തിച്ച സര്‍ക്കാര്‍ ജീവനക്കാരുണ്ട്. റവന്യൂ, പോലീസ്, ഫയര്‍ഫോഴ്‌സ്, വൈദ്യുതി ബോര്‍ഡ്, വാട്ടര്‍ അതോറിറ്റി, ആരോഗ്യം തുടങ്ങിയ ഒട്ടേറെ വകുപ്പുകളിലെ സഹപ്രവര്‍ത്തകരെയും നന്ദിയോടെ സ്മരിക്കുന്നതായി അദ്ദേഹം പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഈ ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ നല്ല നിലയില്‍ ജനങ്ങളുമായി ഇടപെട്ട് അവരുടെ ആശങ്കകള്‍ അകറ്റി മുന്‍നിരയില്‍ ഉണ്ടായിരുന്നു. ഇനിയുമേറെ ഉത്തരവാദിത്തങ്ങള്‍ മുമ്പിലുള്ള ഇവരുടെ പ്രവര്‍ത്തനങ്ങളും വിലമതിക്കാനാവാത്തതാണ്. വിവിധ പ്രദേശങ്ങളില്‍ ജനങ്ങള്‍ക്കൊപ്പം നിന്നുകൊണ്ട് ഇടപെട്ട ഭരണ പ്രതിപക്ഷ എം.എല്‍.എമാരും രക്ഷാ പ്രവര്‍ത്തനത്തിന് വലിയ സഹായമാണ് നല്‍കിയത്. വിവിധ മേഖലയിലെ പ്രശ്‌നങ്ങള്‍ ഇവര്‍ സര്‍ക്കാരിൻ്റെ ശ്രദ്ധയില്‍പ്പെടുത്തി. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി വിവിധ സ്ഥാപനങ്ങളും സഹകരിച്ചു. മിനിമം ബാലന്‍സ് ഒഴിവാക്കി ബാങ്കുകള്‍ ഇതുമായി സഹകരിച്ചു. മൊബൈല്‍ സര്‍വീസുകള്‍ നല്‍കുന്ന കമ്പനികള്‍ സഹകരിച്ചിട്ടുണ്ട്.
സേനാവിഭാഗങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിന് നല്‍കിയ സഹായം വിലമതിക്കാനാവാത്തതാണ്. രക്ഷാദൗത്യം പൂര്‍ത്തിയാക്കി മടങ്ങുന്ന വിഭാഗങ്ങള്‍ക്ക് സംസ്ഥാനത്തിൻ്റെ ആതിഥേയ മര്യാദയും സംസ്‌കാരവും ഉയര്‍ത്തിപ്പിടിക്കുംവിധം യാത്രയയപ്പ് നല്‍കും. ഈ ദുരന്തത്തില്‍ സാങ്കേതിക സഹായങ്ങളുടെ പിന്തുണയില്ലാതിരുന്നിട്ടും തങ്ങളുടെ അനുഭവവും മനുഷ്യ സ്‌നേഹവും കരുത്താക്കിയാണ് മത്സ്യത്തൊഴിലാളികള്‍ ഇടപെട്ടതെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.
പ്രളയക്കെടുതിയില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ ആകസ്മികമായ വിയോഗത്തില്‍ അനുശോചനവും ദുഃഖവും രേഖപ്പെടുത്തുന്നു. രക്ഷാപ്രവര്‍ത്തനത്തിനിടെ സ്വന്തം ജീവനേക്കാള്‍ സഹജീവികളുടെ ജീവന് പ്രാധാന്യം നല്‍കവേ ജീവന്‍ നഷ്ടപ്പെട്ടപ്പെട്ടവരുടെ മനുഷ്യസ്‌നേഹത്തെ ആദരവോടെ സര്‍ക്കാര്‍ കാണുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

രക്ഷാപ്രവര്‍ത്തനം: മത്‌സ്യത്തൊഴിലാളികള്‍ക്ക് ഇന്ധനച്ചെലവും ബോട്ടുകള്‍ക്ക് ദിവസേന 3000 രൂപയും നല്‍കും

തദ്ദേശസ്ഥാപനങ്ങള്‍ മുഖേന മത്‌സ്യത്തൊഴിലാളികള്‍ക്ക് സ്വീകരണം നല്‍കും
പ്രളയദുരിതത്തില്‍പ്പെട്ടവരെ രക്ഷിക്കാനെത്തിയ മത്‌സ്യത്തൊഴിലാളികള്‍ക്ക് ഇന്ധനച്ചെലവും ബോട്ടുകള്‍ക്ക് ദിവസേന 3000 രൂപയും നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
രക്ഷാപ്രവര്‍ത്തനത്തിന് വന്ന ബോട്ടുകളില്‍ കേടുപാട് വന്നവയ്ക്ക് ന്യായമായ നഷ്ടപരിഹാരം നല്‍കും. ദുരിതാശ്വാസപ്രവര്‍ത്തനത്തിനായി അവരെ എങ്ങനെ കൊണ്ടുവന്നോ, അതേരീതിയില്‍ തന്നെ തിരികെയെത്തിക്കാനും നടപടി സ്വീകരിക്കും. ആവശ്യം കഴിഞ്ഞാല്‍ അവരെ വഴിയില്‍ ഉപേക്ഷിക്കില്ല. ബോട്ടുടമകളും നല്ല സഹായമാണ് നല്‍കിയത്. മത്‌സ്യത്തൊഴിലാളികളുടെ സഹായവും മനുഷ്യസ്‌നേഹവും ആദരിക്കാനായി തിരികെയെത്തുമ്പോള്‍ നാട്ടില്‍ ഈ സംഘങ്ങള്‍ക്ക് സ്വീകരണം നല്‍കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ വഴി നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രളയദുരന്തത്തില്‍ പാഠപുസ്തകം നഷ്ടപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി പുസ്തകം
പ്രളയദുരന്തത്തില്‍പ്പെട്ട് പാഠപുസ്തകം നഷ്ടപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി പുതിയ പുസ്തകം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇവയുടെ വിതരണം സമയബന്ധിതമായി പൂര്‍ത്തിയാക്കും. 36 ലക്ഷം പാഠപുസ്തകങ്ങള്‍ അച്ചടിപൂര്‍ത്തിയാക്കി തയാറായിട്ടുണ്ട്. ആവശ്യമനുസരിച്ച് വിതരണം ചെയ്യാന്‍ കെ.ബി.പി.എസ് സജ്ജമാണ്. യൂണിഫോം നഷ്ടപ്പെട്ടവര്‍ക്കും പുതിയവ നല്‍കാന്‍ നടപടിയെടുക്കും. കുട്ടികളുടെ ഈ പ്രയാസം കണക്കിലെടുത്താണ് ഓണപ്പരീക്ഷ മാറ്റിവെയ്ക്കാന്‍ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

വെള്ളം കയറി മറ്റു രേഖകള്‍ ലഭ്യമാക്കുന്നതിന് അദാലത്തുകള്‍ നടത്തി തീരുമാനമെടുക്കണമെന്ന് നേരത്തേ തന്നെ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഓരോ വകുപ്പിനും പ്രത്യേകം അപേക്ഷകള്‍ നല്‍കി രേഖകളുടെ പകര്‍പ്പ് ലഭ്യമാക്കുന്നതിന് പകരം ഒരു ഐടി അധിഷ്ഠിത സംവിധാനം വഴി ഇത് സാധ്യമാക്കാനാണ് ലക്ഷ്യമിടുന്നത്.

പ്രളയബാധിതര്‍ക്ക് ആശ്വാസമേകി പഞ്ചായത്ത് വകുപ്പിൻ്റെ നേതൃത്വത്തില്‍ ഭക്ഷണമുള്‍പ്പെടെയുള്ള അവശ്യസാധനങ്ങളുടെ വിതരണം സംസ്ഥാനത്ത് പുരോഗമിക്കുന്നു. തിരുവനന്തപുരം പഞ്ചായത്ത് ഡയറക്ടറേറ്റില്‍ പ്രവത്തിക്കുന്ന കളക്ഷന്‍ സെന്റര്‍ കേന്ദ്രീകരിച്ചാണ് അവശ്യസാധനങ്ങള്‍ വിവിധ ക്യാമ്പുകളില്‍ എത്തിക്കുന്നത്. ഇതിനകം ലോറികളിലും ബസുകളിലുമായി ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലേക്ക് 20 ലോഡ് അവശ്യവസ്തുക്കള്‍ എത്തിച്ചു. ജില്ലയിലെ 73 ഗ്രാമപഞ്ചായത്തുകള്‍, സാമൂഹ്യസന്നദ്ധ സംഘടനകള്‍, സര്‍വീസ് സംഘടനകള്‍, വ്യക്തികള്‍ തുടങ്ങിയവയുടെ സഹകരണ ത്തോടെയാണ് കളക്ഷന്‍ സെന്ററില്‍ അവശ്യവസ്തുക്കള്‍ ശേഖരിച്ച് കയറ്റി അയയ്ക്കുന്നത്. വിവിധ ജില്ലാ ഓഫീസുകളില്‍നിന്നും ലഭിക്കുന്ന സ്ഥിതിവിവരത്തെ അടിസ്ഥാനമാക്കി ഏറ്റവും സഹായമാവശ്യമുള്ള ക്യാമ്പുകളിലാണ് സാധനങ്ങള്‍ എത്തിക്കുന്നത്. ശേഖരിക്കുന്നതിനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും ഡയറക്ടറേറ്റില്‍ കണ്‍ട്രോള്‍ റൂം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ട്. ഫോണ്‍: 0471 2786322.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികക്കൊപ്പം വകുപ്പിലെ അയ്യായിരത്തിലധികം ജീവനക്കാരും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ഉള്‍പ്രദേശങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രാദേശികകേന്ദ്രങ്ങളിലെ ആശ്വാസപ്രവര്‍ത്തനങ്ങള്‍ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ ഏകോപിപ്പിക്കുന്നു. ദുരിതമേഖലകളുടെ സമീപമുള്ള ജില്ലകളിലെയും പഞ്ചായത്തുകളിലെയും ജീവനക്കാരെ ഇതിനായി വിന്യസിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ആരംഭിച്ച 2500ഓളം ദുരിതാശ്വാസ ക്യാമ്പുകളില്‍ 420 എണ്ണം ഗ്രാമപഞ്ചായത്തുകളുടെ നിയന്ത്രണത്തില്‍ ആരംഭിച്ചിട്ടുള്ളവയാണ്. ഇവയില്‍ അധികവും വെള്ളപ്പൊക്കം രൂക്ഷമായി അനുഭവപ്പെട്ട പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ റാന്നി, ചെങ്ങന്നൂര്‍, ആറന്മുള മേഖലകളിലാണ്. ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് സംസ്ഥാനത്ത് 941 ഗ്രാമപഞ്ചായത്തുകളിലും 14 ജില്ലാ ഓഫീസുകളിലും കണ്‍ട്രോള്‍ റൂമും ഹെല്‍പ് ഡെസ്‌കും 24 മണിക്കുറും പ്രവത്തിക്കുന്നുണ്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ പഞ്ചായത്തുകളുടെ ഉടമസ്ഥതയിലുള്ള ആംബുലന്‍സുകളുടെ സേവനം ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ ലഭ്യമാക്കിയിട്ടുണ്ട്.

പ്രളയബാധിതപ്രദേശങ്ങള്‍ ശുചീകരിക്കാന്‍ വാര്‍ഡ്തലത്തില്‍ സമിതി രൂപീകരിക്കും
പ്രളയബാധിത സ്ഥലങ്ങളിലെ വീടുകളും പരിസരങ്ങളും ജനകീയ പങ്കാളിത്തത്തോടെ ശുചിയാക്കി പൂര്‍വസ്ഥിതിയിലാക്കുന്നതിനു വാര്‍ഡ് തലത്തില്‍ സമിതികള്‍ രൂപീകരിച്ച് പ്രവര്‍ത്തിക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചതായി ഹരിതകേരള മിഷന്‍ വൈസ് ചെയര്‍ പേഴ്‌സണ്‍ ഡോ. ടി.എന്‍. സീമ അറിയിച്ചു. ഹരിതകേരളം, ശുചിത്വ മിഷന്‍, ആരോഗ്യ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവരുടെ സഹകരണത്തോടെ ഇതിനുവേണ്ട പദ്ധതികള്‍ ആവിഷ്‌കരിക്കും.

വീടുകളിലേക്ക് തിരിച്ചെത്തി താമസമാരംഭിക്കുന്നതിന് വന്‍തോതിലുള്ള ശുചീകരണപ്രവര്‍ത്തനങ്ങള്‍ വേണ്ടിവരും. ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വാര്‍ഡുതലത്തില്‍ ആരോഗ്യവകുപ്പിൻ്റെ സാനിറ്റേഷന്‍ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ടീമുകളുണ്ടാക്കും. ശുചീകരണപ്രവര്‍ത്തനങ്ങള്‍ ആവശ്യമുള്ള വീടുകളുടെ കണക്കെടുത്ത് ആവശ്യമായ ശുചീകരണ വസ്തുക്കള്‍, പണിയായുധങ്ങള്‍ എന്നിവ ലഭ്യമാക്കും. തൊഴിലുറപ്പു പ്രവര്‍ത്തകരുടെയും സന്നദ്ധ, യുവജന സംഘടനകളുടെയും സഹകരണം ഈ പ്രവര്‍ത്തനങ്ങളില്‍ ഉറപ്പാക്കുമെന്നും ഹരിതകേരളമിഷന്‍ വൈസ് ചെയര്‍ പേഴ്‌സണ്‍ ഡോ. ടി.എന്‍. സീമ അറിയിച്ചു.

നിലവില്‍ എത്ര സഹായം ലഭിച്ചാലും മതിയാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എല്ലാ സഹായത്തെയും സര്‍ക്കാര്‍ സ്വാഗതം ചെയ്യുന്നു. സംസ്ഥാനത്തിന് പുറത്തു നിന്നുള്ള സഹായങ്ങള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന എന്ന നിലയില്‍ അയയ്ക്കുന്നതാവും സൗകര്യപ്രദം. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് ലഭിക്കുന്ന സാധനങ്ങള്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയാണ് ക്രോഡീകരിക്കുന്നത്. അവര്‍ നിര്‍ദ്ദേശിക്കുന്ന തരത്തിലുള്ള സാധനങ്ങളാണ് ലഭ്യമാക്കേണ്ടത്.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com