16
Friday
April 2021

കാലാവസ്ഥാ വ്യതിയാനത്തിനെതിരെ ജാഗ്രത പാലിക്കണം; മുഖ്യമന്ത്രി

Google+ Pinterest LinkedIn Tumblr +

തിരുവനന്തപുരം: കാലാവസ്ഥാ വ്യതിയാനം ഉണ്ടാക്കുന്ന ഒട്ടേറെ പ്രശ്‌നങ്ങൾ നാട് നേരിടേണ്ടിവരുന്നതായും അതേപ്പറ്റി സമൂഹം വലിയതോതിലുള്ള ജാഗ്രത കാണിക്കണം എന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അതിനു പൊതുസമൂഹത്തെ ബോധവത്കരിക്കേണ്ടത് ഏറെ പ്രധാനമാണ്. പല രീതിയിലുള്ള പ്രകൃതിദുരന്തങ്ങൾ, ഭൗമാന്തർഭാഗ പ്രതിഭാസങ്ങൾ ഇതെല്ലാം നാം നേരിടേണ്ടിവരുന്നു. കൂടുതൽ ആപത്തിലേക്കു പോകാതിരിക്കാൻ ഇതു സംബന്ധിച്ച് ഒട്ടേറെ വിവരങ്ങൾ പൊതുജനങ്ങളിലേക്കു എത്തിക്കേണ്ടതായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ പുതിയ ആസ്ഥാനമന്ദിരം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രളയം പോലൊരു ആപത്ത് ഉണ്ടായപ്പോൾ ആരുടേയും നിർദേശം കാത്തുനിൽക്കാതെ സഹജീവികളെ രക്ഷിക്കാനുള്ള ഇടപെടൽ നാടിന്റെ ഭാഗത്തുനിന്നുണ്ടായി. അവർക്ക് ഒരു ദുരന്തസമയത്ത് എങ്ങനെ ഇടപെടണം എന്നതിനുള്ള സാമൂഹികസന്നദ്ധതാ പരിശീലനം വിവിധ വകുപ്പുകളുടെ സഹകരണത്തോടെ നൽകുന്നുണ്ട്. തമിഴ്‌നാട്ടിൽ ഗജ ചുഴലിക്കാറ്റുണ്ടായപ്പോൾ ഈ വിദഗ്ധരാണ് സന്നദ്ധപ്രവർത്തനം നടത്തിയത്. ദുരന്തങ്ങളുണ്ടായാൽ ഇറങ്ങി പ്രവർത്തിക്കാൻ എല്ലാ പ്രദേശത്തും ഇത്തരം സന്നദ്ധപ്രവർത്തകരുണ്ടാവുക പ്രധാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മഹാപ്രളയം നാടിനെ വിഴുങ്ങാൻ ശ്രമിച്ചപ്പോൾ വലിയ പ്രവർത്തനമാണ് ദുരന്തനിവാരണ അതോറിറ്റി നടത്തിയത് എന്ന്് മുഖ്യമന്ത്രി പറഞ്ഞു. അതോറിറ്റിയുടെ പ്രവർത്തനം എല്ലാ സീമകളും കടന്ന് വലിയ തോതിലുള്ള പ്രശംസ പിടിച്ചുപറ്റി. പ്രളയത്തിനുശേഷം നാടിന്റെ പുനർനിർമാണത്തിലാണ് ശ്രദ്ധിക്കുന്നത് എന്ന് മുഖ്യമന്ത്രി പറഞ്ഞു. കൂടുതൽ മികവോടെ പുതിയ കേരളം സൃഷ്ടിച്ചെടുക്കുന്നതും നാടിനെ വികസിപ്പിക്കുന്നതും പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.

റവന്യൂ, ദുരന്തനിവാരണ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. അടിയന്തരഘട്ട കാര്യനിർവഹണകേന്ദ്രത്തിന്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. വരുംകാലങ്ങളിൽ ഏതൊരു പ്രതിസന്ധിയെയും പ്രതിരോധിക്കാനാവശ്യമായ ഇടമായി അതോറിറ്റി മാറുമെന്ന് മന്ത്രി പറഞ്ഞു. ഏതുതരം ദുരന്തത്തെയും നേരിടാൻ അതോറിറ്റിക്കു കഴിയും. അതിനാവശ്യമായ പ്രവർത്തനങ്ങൾ നടക്കും. അതോറിറ്റി ഓഫീസ് ഉദ്ഘാടനം കൃഷിമന്ത്രി അഡ്വ.വി.എസ്.സുനിൽകുമാർ നിർവഹിച്ചു. ഏതു ദുരന്തത്തെയും അതിജീവിക്കാനുള്ള കെല്പ് കേരളത്തിനുണ്ട് എന്ന് അതോറിറ്റി തെളിയിച്ചതായി മന്ത്രി പറഞ്ഞു.

ജില്ലാ കളക്ടർമാർക്കുള്ള ഉപഗ്രഹഫോൺ വിതരണം ഇടുക്കി കളക്ടർ കെ.ജീവൻബാബുവിന് ഫോൺ നൽകി ചീഫ് സെക്രട്ടറി ടോം ജോസ് നിർവഹിച്ചു. റവന്യൂ ദുരന്തനിവാരണവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച് കുര്യൻ റിപ്പോർട്ട് അവതരിപ്പിച്ചു. മേയർ വി.കെ.പ്രശാന്ത്, ദേശീയദുരന്തനിവാരണ അതോറിറ്റി അംഗം കമൽകിഷോർ, ദക്ഷിണവ്യോമസേന മേധാവി അഡ്മിറൽ ബി.സുരേഷ്, പാങ്ങോട് മിലിട്ടറി സ്്‌റ്റേഷൻ കമാൻഡർ ബ്രിഗേഡിയർ സി.ജി.അരുൺ, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ഡോ. ശേഖർ എൽ.കുര്യാക്കോസ്, എന്നിവർ സംസാരിച്ചു. ദുരന്തനീവാരണവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യൻ, മന്ദിരത്തിന്റെ രൂപകല്പന നിർവഹിച്ച് ജി.ശങ്കർ, നിർമാണപ്രവൃത്തികൾക്ക് മേൽനോട്ടം വഹിച്ചവർക്കും മന്ത്രി ഇ.ചന്ദ്രശേഖരൻ ഉപഹാരം നൽകി.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com