24
Tuesday
November 2020

നേപ്പാളില്‍ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടില്‍ എത്തിക്കുന്നത് വൈകിയേക്കും

Google+ Pinterest LinkedIn Tumblr +

തിരുവനന്തപുരം: നേപ്പാളില്‍ മരിച്ച മലയാളി കുടംബങ്ങളുടെ മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ വൈകുമെന്ന് സൂചന. മരണപ്പെട്ട എട്ട് പേരുടേയും മൃതദേഹങ്ങള്‍ നാളെ തന്നെ നാട്ടില്‍ എത്തിക്കാന്‍ സാധിക്കുമെന്നാണ് കരുതിയത്.

നേപ്പാള്‍ പോലീസിന്റെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാകാനുള്ളതിനാല്‍ മൃതദേഹങ്ങള്‍ വ്യാഴാഴ്ച മാത്രമേ നാട്ടിലെത്തിക്കാനാവൂ എന്നാണ് കാഠ്മണ്ഡുവിലെ ഇന്ത്യന്‍ എംബസി നല്‍കുന്ന വിവരം.

മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ നാളെ തന്നെ എത്തിക്കാന്‍ പരമാവധി ശ്രമിക്കുന്നുണ്ടെന്നും എന്നാല്‍ ഇതിനു സാധ്യത കുറവാണെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.നാളെ മൂന്ന് മണിക്ക് മുമ്പ് നടപടികള്‍ തീര്‍ത്ത് പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കിയാല്‍ മാത്രമേ നേപ്പാളില്‍ നിന്ന് കൊണ്ടുവരാനാകൂ.

മരിച്ചവരുടെ മൃതദേങ്ങള്‍ നാളെ വൈകുന്നേരത്തിന് മുമ്പ് എത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ ഉറപ്പുനല്‍കിയതായി കോഴിക്കോട് എംപി എം കെ രാഘവന്‍ പറഞ്ഞു.

ഇന്ന് രാവിലെയാണ് നേപ്പാളിലെ ദമനിലെ ഒരു റിസോര്‍ട്ടില്‍ വിനോദസഞ്ചാരികളായ എട്ട് മലയാളികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രവീണ്‍ കുമാര്‍ നായര്‍(39), ശരണ്യ(34), ടി ബി രഞ്ജിത്ത് കുമാര്‍(39), ഇന്ദു രഞ്ജിത്ത്(35), ശ്രീഭദ്ര(ഒന്‍പത്), അഭിനഭ് സൂര്യ (ഒന്‍പത്), അഭി നായര്‍(ഏഴ്), വൈഷ്ണവ് രഞ്ജിത്ത്(രണ്ട്) എന്നിവരാണ് മരിച്ചത്.

വിനോദസഞ്ചാരത്തിനായി നേപ്പാളില്‍ എത്തിയ 15 അംഗസംഘത്തോടൊപ്പം ഇന്നലെ ദമനിലെ ഒരു റിസോര്‍ട്ടിലാണ് ഇവര്‍ തങ്ങിയത്. റിസോര്‍ട്ടിലെ നാല് മുറികളിലായാണ് ഇവര്‍ താമസിച്ചത്. ഇതില്‍ ഒരു മുറിയുടെ രണ്ട് ഭാഗത്തായാണ് പ്രവീണിന്റേയും രഞ്ജിത്തിന്റേയും കുടുംബങ്ങള്‍ താമസിച്ചിരുന്നത്.

രാവിലെ വാതില്‍ തുറക്കാതായപ്പോള്‍ ഒപ്പമുണ്ടായിരുന്നവര്‍ ഇവരെ വിളിച്ചു. പ്രതികരണം ഇല്ലാതെ വന്നതോടെ ഹോട്ടല്‍ അധികൃതരെ വിവരമറിയിച്ചു. തുടര്‍ന്ന് ഹോട്ടല്‍ അധികൃതര്‍ മുറി തുറന്നപ്പോള്‍ എട്ട് പേരെയും അബോധാവസ്ഥയില്‍ കണ്ടെത്തി. തുടര്‍ന്ന് പോലീസെത്തി, ഹോട്ടലില്‍ നിന്ന് ഹെലികോപ്റ്റര്‍ മാര്‍ഗം ഇവരെ കാഠ്മണ്ഡുവിലെ എച്ച്എഎംഎസ് ആശുപത്രിയിലെത്തിച്ചു. ആശുപതിയിലെത്തിക്കും മുമ്പ് തന്നെ എട്ട് പേരും മരിച്ചിരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു.

ദമനിലെ കടുത്ത തണ്ണുപ്പില്‍ നിന്നും രക്ഷനേടാന്‍ ഇവര്‍ റൂമിലെ ഹീറ്റര്‍ ഓണ്‍ ചെയ്തിരുന്നുവെന്നാണ് വിവരം. വാതിലുകളും ജനാലകളും അടച്ചാണ് ഇവര്‍ രാത്രി ഉറങ്ങിയത്. ഇതിനിടയില്‍ മുറിക്കകത്തെ ഹീറ്ററിന്റെ ഗ്യാസ് ഹീറ്റര്‍ ലീക്കായതാവാം ദുരന്തത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം.

Share.

Comments are closed.

Social Media Auto Publish Powered By : XYZScripts.com