3
Thursday
December 2020

നിലയ്ക്കലില്‍ പുതിയ ആശുപത്രി സ്ഥാപിക്കും

Google+ Pinterest LinkedIn Tumblr +

ശബരിമല: ആരോഗ്യപ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തി നിലയ്ക്കലില്‍ പുതിയ ആശുപത്രി സ്ഥാപിക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഇവിടെ ചികില്‍സയ്ക്ക് സ്ഥിരസംവിധാനം വേണമെന്ന ആവശ്യം പരിഗണിച്ചാണിത്. പാര്‍ക്കിങ് സൗകര്യവും നിലയ്ക്കലില്‍ വിപുലമാക്കും.

പ്രതിസന്ധികളെ അതിജീവിച്ചാണ് മണ്ഡലമഹോത്സവം കടന്നുപോയത്. ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കാന്‍ ബോധപുര്‍വ്വമായ ശ്രമം നടന്നു. എന്നാല്‍ തൊഴാന്‍ വന്നവര്‍ക്ക് സര്‍ക്കാര്‍ സൗകര്യങ്ങള്‍ ഒരുക്കിയത് സഹായകമായി. പ്രളയം നേരത്തെ ഒരുക്കിയിരുന്ന തീര്‍ത്ഥാടന സൗകര്യങ്ങളെ തകിടം മറിച്ചു. കേവലം ഒന്നരമാസം കൊണ്ടാണ് പ്രളയത്തിനുശേഷം തീര്‍ത്ഥാടന സൗകര്യങ്ങള്‍ വീണ്ടും സജ്ജമാക്കിയത്. ഇത് സര്‍ക്കാര്‍ സംവിധാനങ്ങളുടെ വിജയമാണ് തെളിയിക്കുന്നത്.

പമ്പാ ബേസ്‌ക്യാമ്പായിരുന്നത് നിലയ്ക്കലിലേക്ക് മാറ്റി പമ്പയില്‍ ആയിരംപേര്‍ക്ക് വിരിവെക്കാവുന്നത് നിലയ്ക്കലില്‍ 6000പേര്‍ക്ക് എന്നാക്കി. നിലവില്‍ പമ്പയില്‍ നിലനിന്നിരുന്ന ചില പോരായ്മകള്‍ പരിഹരിച്ചുവരുന്നു. പമ്പയ്ക്ക് പുനര്‍ജീവനം നല്‍കുന്നതിന് മണല്‍വാരല്‍ ഉള്‍പ്പടെ നടപടികള്‍ എടുക്കുന്നതിന് കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍ വേണം. പമ്പയില്‍ വെള്ളം കുറയുന്നത് പരിഹരിക്കാന്‍ ഡാം തുറന്ന് വിടേണ്ടിവരും. മണല്‍ വാരി മാറ്റിയാല്‍ മാത്രമെ ജലലഭ്യത ഉറപ്പാക്കാനാവു. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് നേരിട്ട് ഇടപെടാന്‍ നിയമതടസ്സം ഉണ്ട്.

ശബരിമലയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചവര്‍ അപവാദങ്ങള്‍ നിരത്തി. ഏറ്റവും ഒടുവില്‍ ബാരിക്കേഡുകളെ ചൊല്ലിയായിരുന്നു പ്രശ്‌നങ്ങള്‍, ഇപ്പോള്‍ അതിനും വഴിയില്ലാതായി. പ്രചരിച്ച അപവാദങ്ങളെ തുടര്‍ന്ന് ഭക്തരുടെ വരവില്‍ കുറവുണ്ടായി. അക്രമപ്രവര്‍ത്തനങ്ങള്‍ അരങ്ങേറിയതിനാല്‍ ഭക്തരുടെ സുരക്ഷയെ കരുതി സര്‍ക്കാരിന് 144 പ്രഖ്യാപിക്കേണ്ടി വന്നു. കാണിക്ക ഇടാനേ പാടില്ല എന്ന പ്രചാരണം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വ്യാപകമായി നടപ്പാക്കിയത് ഭക്തരുടെ വരവ് കുറച്ചു. ഇത് ഭണ്ഡാരത്തെയും ബാധിച്ചതായി മന്ത്രി ചൂണ്ടിക്കാട്ടി.

എന്നാല്‍ ശബരിമലയില്‍ വന്നുകൊണ്ടിരുന്നവര്‍ ഇക്കൊല്ലവും എത്തുമെന്നാണ് പ്രതീക്ഷ. എത്ര ഭക്തര്‍ വന്നാലും ഉള്‍ക്കൊള്ളാവുന്നവിധം സംവിധാനങ്ങള്‍ ഒരുക്കും. നിലവില്‍ കണ്ടെത്തിയ കുറവുകള്‍ പരിഹരിച്ച് മകരവിളക്ക് ഉത്സവം സുഗമമാക്കാന്‍ എല്ലാവരും സഹകരിക്കണമെന്നും മന്ത്രി അറിയിച്ചു.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com