25
Thursday
February 2021

ആദിവാസി ഊരുകളുടെ വികസനത്തിന് നബാര്‍ഡിന്റെ സഹായത്തോടെ പുതിയ പദ്ധതി

Google+ Pinterest LinkedIn Tumblr +

മലപ്പുറം: ആദിവാസി ഊരുകളുടെ വികസനത്തിനായി നബാര്‍ഡിന്റെ സഹായത്തോടെ പുതിയ പദ്ധതി ആരംഭിക്കുന്നു. ജില്ലയിലെ ഊര്‍ങ്ങാട്ടിരി, ചാലിയാര്‍ പഞ്ചായത്തുകളിലായാണ് പദ്ധതി. ഊര്‍ങ്ങാട്ടിയിലെ പത്ത് ഊരുകളിലും ചാലിയാറിലെ ഏഴ് ഊരുകളിലുമായി 500 കുടുംബങ്ങള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. നബാര്‍ഡിന്റെ ട്രൈബല്‍ ഡെവലപ്പ്മെന്റ് ഫണ്ട് ഉപയോഗിച്ചാണ് ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പദ്ധതി നടപ്പാക്കുന്നത്.

ഇന്റഗ്രേറ്റഡ് റൂറല്‍ ടെക്നോളജി സെന്ററാണ് (ഐ.ആര്‍.ടി.സി) പദ്ധതി നടപ്പാക്കുന്നത്. സ്ത്രീ ശാക്തീകരണം, മണ്ണ്-ജല സംരക്ഷണം, കൃഷി തുടങ്ങിയ മേഖലകള്‍ക്ക് ഊന്നല്‍ നല്‍കിയുള്ള പദ്ധതി കുടുംബശ്രീ, ഹരിതകേരളം, ഐ.ടി.ഡി.പി, വനം വകുപ്പ് തുടങ്ങിയവയുടെ സഹകരണത്തോടെയാകും നടപ്പാക്കുക. അഞ്ചു വര്‍ഷം കൊണ്ടാണ് പദ്ധതി പൂര്‍ത്തീകരിക്കുക. പാലക്കാട് അട്ടപ്പാടി പുത്തൂരില്‍ 2015 ല്‍ ആരംഭിച്ച പദ്ധതിയുടെ മാതൃകയിലാണ് ജില്ലയിലും ഇത് ആരംഭിക്കുന്നത്.

ഓരോ കുടുംബത്തിനും അഞ്ച് വര്‍ഷത്തേക്ക് ഒരു ഏക്കര്‍ ഭൂമിക്ക് 55000 രൂപ നല്‍കും. ഈ ഭൂമിയില്‍ ജാതി, കാപ്പി, കുരുമുളക് തുടങ്ങിയ വിളകള്‍ കൃഷി ചെയ്യാം. ഭൂമിയുടെ അതിര്‍ത്തിയില്‍ മഹാഗണി, തേക്ക് പോലുള്ള മരങ്ങള്‍ നട്ട് പരിപാലിക്കും. ഇടക്കാല വിളകളും ഭൂമിയില്‍ കൃഷി ചെയ്യും. 20 സെന്റില്‍ കുറഞ്ഞ ഭൂമിയുള്ളവര്‍ക്കായി ആടുവളര്‍ത്തല്‍, പോത്തുവളര്‍ത്തല്‍ തുടങ്ങിയവയ്ക്കായും പണം നല്‍കും. കൃഷിചെയ്തുണ്ടാക്കുന്ന വിളകള്‍ തൊട്ടടുത്ത വി.എഫ്.പി.സി.കെ കേന്ദ്രങ്ങളില്‍ എത്തിക്കും. പാല്‍ മില്‍മക്കും കൈമാറും.

പദ്ധതി ആരംഭിക്കുന്നതിന്റെ ആദ്യപടിയായി പ്രാഥമിക സര്‍വ്വേ അടുത്തമാസം ആരംഭിക്കും. ഇത് സംബന്ധിച്ച് കളക്ടറേറ്റില്‍ നടന്ന ആലോചനാ യോഗത്തില്‍ ജില്ലാ കളക്ടര്‍ അമിത് മീണ അദ്ധ്യക്ഷത വഹിച്ചു. നിലമ്പൂര്‍ (നോര്‍ത്ത്) ഡി.എഫ്.ഒ വാര്‍ക്കഡ് യോഗേഷ് നീല്‍ഖണ്ഡ്, ഡെപ്യൂട്ടി കളക്ടര്‍മാരായ ഡോ. ജെ.ഒ അരുണ്‍, നിര്‍മലാകുമാരി, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, ഐ.ആര്‍.ടി.സി പങ്കെടുത്തു.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com