23
Friday
April 2021

രാത്രികാല അഭയകേന്ദ്രം ‘എന്റെ കൂട്’ തുറന്നു

Google+ Pinterest LinkedIn Tumblr +

തിരുവനന്തപുരം: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിതത്വം നല്‍കേണ്ടത് സര്‍ക്കാരിന്റെ പ്രഥമ ഉത്തരവാദിത്വമാണെന്നും അതിന് നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ചുനടപ്പാക്കി വരികയാണെന്നും ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. നഗരങ്ങളില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിത താവളങ്ങള്‍ ഒരുക്കുക എന്ന ലക്ഷ്യത്തോടെ സാമൂഹ്യനീതി വകുപ്പ് തിരുവനന്തപുരത്ത് ഒരുക്കുന്ന ‘എന്റെ കൂട്’ പദ്ധതിയുടെ ഉദ്ഘാടനം തമ്പാനൂര്‍ ബസ് ടെര്‍മിനലില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

സ്ത്രീകള്‍ക്കും കുഞ്ഞുങ്ങള്‍ക്കും സുരക്ഷിതമായ വാസസ്ഥലം ഒരുക്കുക എന്ന ആശയത്തിന്റെ സാക്ഷാത്ക്കാരമായാണ് എന്റെ കൂട് പ്രവര്‍ത്തനമാരംഭിക്കുന്നത്. ഓരോ ജില്ലയിലും പദ്ധതി തുടര്‍ന്ന് നടപ്പാക്കും. പലവിധ ആവശ്യങ്ങള്‍ക്ക് നഗരത്തിലെത്തുന്ന സ്ത്രീകള്‍ക്ക് മൂന്നുദിവസം വരെ തുടര്‍ച്ചയായി താമസിക്കാവുന്ന തരത്തിലാണ് ഡോര്‍മിറ്ററി ഒരുക്കിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

നഗരത്തില്‍ നിരാലംബരായി എത്തുന്ന നിര്‍ധനരായ വനിതകള്‍ക്കും കൂടെയുള്ള 12 വയസുവരെയുള്ള കുട്ടികള്‍ക്കും വൈകിട്ട് അഞ്ച് മണി മുതല്‍ രാവിലെ ഏഴ് വരെ സുരക്ഷിതമായ വിശ്രമം സൗജന്യമായി നല്‍കുന്നതാണ് എന്റെ കൂട് പദ്ധതി. 50 പേര്‍ക്കാണ് ഒരേ സമയം ഇവിടെ താമസിക്കാന്‍ സാധിക്കും. സമ്പൂര്‍ണമായും ശീതികരിച്ച മുറികളാണ് താമസത്തിനു നല്‍കുന്നത്. സൗജന്യ ഭക്ഷണവും ടി.വിയും മുഴുവന്‍സമയ സെക്യൂരിറ്റിയും ഉള്‍പ്പെടെ താമസം പൂര്‍ണമായും സൗജന്യമാണ്. ഇതോടൊപ്പം അടുക്കളയും ശുചിമുറികളും ഉണ്ട്. തമ്പാനൂര്‍ ബസ് ടെര്‍മിനലില്‍ എട്ടാം നിലയിലാണ് ഈ രാത്രികാല അഭയകേന്ദ്രം പ്രവര്‍ത്തിക്കുന്നത്.

ഇന്ത്യക്കകത്തും പുറത്തുനിന്നും തൊഴിലന്വേഷിച്ചും മറ്റുമായി എത്തിച്ചേരുന്ന സ്ത്രീകളും കുട്ടികളും നഗരത്തിന്റെ സുരക്ഷിതമല്ലാത്ത ഇടങ്ങളിലാണ് താമസിക്കുന്നത്. റെയില്‍വേ സ്റ്റേഷനിലും കടത്തിണ്ണയിലും ബസ് സ്റ്റാന്റിലും അന്തിയുറങ്ങുന്ന ഇവര്‍ പലതരത്തിലുള്ള ആക്രമങ്ങള്‍ക്കും ഇരയാകുന്നു. ഇത് തടയുക എന്ന ലക്ഷ്യത്തോടെയാണ് ജില്ലാ ഭരണകൂടം, പോലീസ് വകുപ്പ്, വിവിധ സന്നദ്ധ സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെ ജില്ലാ സാമൂഹ്യനീതി ഓഫീസറുടെ മേല്‍നോട്ടത്തില്‍ ഈ പദ്ധതി നടപ്പിലാക്കുന്നത്. സ്വന്തമായി സുരക്ഷിത താവളങ്ങള്‍ ഇല്ലാത്ത സ്ത്രീകള്‍, കുട്ടികള്‍ (ആണ്‍ കുട്ടികള്‍ 12 വയസിനു താഴെ), രാത്രികാലങ്ങളില്‍ നഗരത്തില്‍ ഒറ്റപ്പെടുന്ന സ്ത്രീകള്‍ ഇവര്‍ക്കാണ് ഈ സൗകര്യം ലഭിക്കുന്നത്. രണ്ടു വാച്ച്മാന്‍, മാനേജര്‍, രണ്ടു മിസ്ട്രസ്മാര്‍, ഒരു സ്‌കാവഞ്ചര്‍ എന്നിങ്ങനെ ആറുപേരാണ് മേല്‍നോട്ടവും സുരക്ഷയും ഉറപ്പു വരുത്തുന്നത്.

സാമൂഹ്യനീതി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി ബിജു പ്രഭാകര്‍, വകുപ്പ് ഡയറക്ടര്‍ ജാഫര്‍മാലിക്, സാമൂഹ്യ സുരക്ഷ മിഷന്‍ എക്സി. ഡയറക്ടര്‍ ഡോ.മുഹമ്മദ് അഷീല്‍, സാമൂഹ്യ നീതി വകുപ്പ് അസി. ഡയറക്ടര്‍ സുഭാഷ് കുമാര്‍, ജില്ലാ ഓഫീസര്‍ സബീന ബീഗം പങ്കെടുത്തു.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com