ന്യൂ ഡൽഹി: നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നതിന് മുന്നോടിയായുള്ള നടപടികള്‍ തിഹാര്‍ ജയില്‍ അധികൃതര്‍ തുടങ്ങി. നാല് കുറ്റവാളികള്‍ക്കും അന്ത്യാഭിലാഷങ്ങള്‍ ആരാഞ്ഞുകൊണ്ടുള്ള നോട്ടീസ് നല്കി. എന്നാല്‍ നോട്ടീസിന് പ്രതികള്‍ ഇതുവരെ മറുപടി നല്‍കിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
ശിക്ഷ നടപ്പാക്കുന്നതിന് മുമ്പ് കുടുംബാംഗങ്ങളെ കാണണമെന്ന് ആഗ്രഹമുണ്ടോ, സ്വത്ത് കൈമാറ്റം ആഗ്രഹിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് ജയില്‍ അധികൃതര്‍ നോട്ടീസില്‍ ആരാഞ്ഞിട്ടുള്ളത്.
ജയില്‍ ചട്ടപ്രകാരം വധശിക്ഷ നടപ്പാക്കുന്നതിന് മുമ്പ് കുറ്റവാളി ആവശ്യപ്പെട്ടാല്‍ കുടുംബാംഗങ്ങളെ അവസാനമായി കാണാന്‍ അനുമതി നല്‍കണമെന്നാണ് നിയമം. അവരുടെ സ്വത്തുവകകള്‍ ആര്‍ക്ക് കൈമാറണമെന്ന് അറിയിക്കാനും അവകാശമുണ്ട്. പ്രതികള്‍ക്ക് പ്രാര്‍ത്ഥന നടത്താന്‍ മതപുരോഹിതനെ ആവശ്യമുണ്ടെന്ന് അറിയിച്ചാല്‍ അതിനുള്ള സൗകര്യവും ഏര്‍പ്പാടാക്കി നല്‍കണം.
ഫെബ്രുവരി ഒന്നിന് രാവിലെ ആറ് മണിക്കാണ് പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നത്. നേരത്തെ ജനുവരി 22 ന് വധശിക്ഷ നടത്താനായിരുന്നു ഉദ്ദേശിച്ചത്. എന്നാല്‍, കേസിലെ പ്രതികളിലൊരാളായ മുകേഷ് സിങ് ദയാഹര്‍ജി നല്‍കിയതോടെ ശിക്ഷ നടപ്പാക്കുന്നത് നീണ്ടുപോവുകയായിരുന്നു.
മുകേഷിൻ്റെ ദയാഹര്‍ജി രാഷ്ട്രപതി തള്ളിയതോടെയാണ് ഫെബ്രുവരി ഒന്നിന് വധശിക്ഷ നടപ്പാക്കാനുള്ള പുതിയ മരണ വാറണ്ട് കോടതി പുറപ്പെടുവിച്ചത്. സംഭവം നടക്കുമ്പോൾ പ്രായ പൂര്‍ത്തിയായിരുന്നില്ലെന്ന് കാട്ടി പ്രതികളിലൊരാളായ പവന് ഗുപ്ത നല്കിയ അപ്പീലും സുപ്രീംകോടതി തള്ളിയിരുന്നു.
….