ആലപ്പുഴ: ആലപ്പുഴയുടെ ജലമാമാങ്കത്തിന് ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. പ്രളയത്തിനും കവര്‍ന്നെടുക്കാനാവാത്ത ആവേശത്തിര വിതറി പുന്നമടയില്‍ നെഹ്റു ട്രോഫി വള്ളംകളിക്ക് വിസില്‍ മുഴങ്ങുമ്പോള്‍ വിദേശ രാജ്യങ്ങളില്‍ നിന്നടക്കമെത്തുന്ന ആയിരകണക്കിന് ജലോത്സവ പ്രേമികളുടെ ആവേശം വാനോളം ഉയരും.. കാണികള്‍ക്കും തുഴച്ചില്കാര്ക്കുമൊപ്പം വള്ളംകളിയെ ഹരം കൊള്ളിക്കാന്‍ തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ അല്ലു അര്ജുന് എത്തി. കൂടെ താരത്തിന്റെ ഭാര്യ സ്നേഹ റെഡ്ഢിയുമുണ്ട്. കായിക പ്രേമികള്‍ക്ക് ഇരട്ടി മധുരമായി കേരള ബ്ലാസ്റ്റേഴ്സ് എഫ്.സിയുടെ മുഴുവന്‍ ടീം അംഗങ്ങളും ഓളപരപ്പിലെത്തും. മഞ്ഞപ്പടയും അല്ലു അര്‍ജ്ജുനും കാണികള്‍ക്ക് ആവേശം പകര്‍ന്ന് ബോട്ടില്‍ കാണികള്‍ക്ക് അടുത്തെതും.
ഗവര്‍ണര്‍ പി.സദാശിവം, കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, ധനമന്ത്രി തോമസ് ഐസക്ക്, പൊതുമരാമത്ത് രജിസ്ട്രേഷന് വകുപ്പ് മന്ത്രി ജി.സുധാകരന്, ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി പി. തിലോത്തമന്, ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനടക്കം സംസ്ഥാനത്തെ മന്ത്രിമാരുടേയും പ്രമുഖരുടേയും ഒരു നിര തന്നെ ജലമേളയുടെ ആവേശത്തില്‍ പങ്ക് ചേരാനെത്തും. കൂടാതെ മലയാളം-തമിഴ് തെന്നിന്ത്യന്‍ ചലച്ചിത്ര താരങ്ങളും ജലരാജാക്കന്മാരെ കാണാനും വള്ളംകളി പ്രേമികള്‍ക്ക് ആവേശം പകരാനും പുന്നമടയിലേക്ക് എത്തുന്നുണ്ട്.
നെഹ്രുട്രോഫിയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും അധികം വള്ളങ്ങള്‍ പങ്കെടുക്കുന്നു എന്നതാണ് 66- ാമത് നെഹ്റു ട്രോഫി വള്ളം കളിയുടെ പ്രത്യേകത. 25 ചുണ്ടന് വള്ളങ്ങളും 56 കളിവള്ളങ്ങളുമാണ് ഓളപ്പരപ്പിലെ ഒളിംപിക്സില്‍ ഇത്തവണ മാറ്റുരക്കുന്നത്. രാവിലെ 11 മണിക്ക് ചെറുവള്ളങ്ങളുടെ മത്സരങ്ങളോടെ ജലമേളയുടെ ട്രാക്കുണരും.
വിപുലമായ സുരക്ഷാ സന്നാഹങ്ങളാണ് വള്ളംകളിക്കായി ഒരുക്കിയിരിക്കുന്നത്. ജില്ലാ പോലീസ് മേധാവി എസ്. സുരേന്ദ്രന്റെ നേതൃത്വത്തില്‍ 2086 പൊലീസുകാരാണ് ജലമേളയുടെ സുരക്ഷാ ക്രമീകരണങ്ങള്‍ നിയന്ത്രിക്കുന്നത്. ഗതാഗത തടസ്സമടക്കമുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കാനായി പുന്നമടയെയും നഗരത്തെയും രണ്ടായി തിരിച്ചുള്ള സുരക്ഷയാണ് ക്രമീകരിച്ചിരിക്കുന്നത്. പുന്നമടയെ 15 ഡി.വൈ.എസ്.പിമാരുടെ നേതൃത്വത്തില്‍ 15 മേഖലകളായി തിരിക്കും. എല്ലാ പവലിയനുകളിലും സി.സി.ടി.വി നിരീക്ഷണത്തിന് പ്രത്യേക കണ്ട്രോള് റൂമും ഒരുക്കിയിട്ടുണ്ട്. വി.ഐ.പി. സുരക്ഷയ്ക്കായി കമാന്‍ഡോ ഉദ്യോഗസ്ഥരേയും നിയോഗിച്ചിട്ടുണ്ട്.
കൂടാതെ ഡോഗ്സ്ക്വാഡ്, ഇന്റലിജന്‍സ്, എന്നിവിടങ്ങളില്‍ നിന്ന് 200 ഉദ്യോഗസ്ഥരുടെ സേവനവും ഉറപ്പുവരുത്തിയിട്ടുണ്ട്. കായല്‍ പെട്രോളിംഗ് ഡ്യൂട്ടിക്ക് 25 ബോട്ടുകള്‍, കായലിലെ സുരക്ഷയ്ക്ക് നീന്തല്‍ പരിശീലനം നേടിയ 48 ഉദ്യോഗസ്ഥര്‍ എന്നിവരെയും നിയോഗിച്ചിട്ടുണ്ട്. പൂര്‍ണ്ണമായും ആധുനിക സാങ്കേതിക വിദ്യയിലൂന്നിയ സ്റ്റാര്‍റ്റിങ്, ഫിനിഷിങ് സംവിധാനങ്ങളാണ് ജലമേളയില്‍ നടപ്പാക്കുക. മുഹമ്മ സ്വദേശി ഋഷികേഷ് വികസിപ്പിച്ച സ്റ്റാര്‍ട്ടിങ് സംവിധാനവും ഇതില്‍ ഉള്‍പ്പെടും. വള്ളങ്ങള്‍ക്ക് 10 ശതമാനം അധികം ബോണസാണ് ഇത്തവണ പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ ആദ്യ പത്തു സ്ഥാനങ്ങളില്‍ എത്തുന്ന വള്ളങ്ങള്‍ക്ക് അധിക പ്രൈസ് മണിയും നല്‍കും. ദൂരദര്‍ശനില്‍ ജലമേള തത്സമയം കാണാം.