11
Tuesday
May 2021

ടിക്കറ്റില്ല, പകരം ബക്കറ്റ് ; കാരുണ്യയാത്രയൊരുക്കി പ്രൈവറ്റ് ബസ്

Google+ Pinterest LinkedIn Tumblr +

പത്തനംതിട്ട: ബസില്‍ കയറിയ യാത്രക്കാര്‍ക്ക് മുന്നിലേക്ക് ടിക്കറ്റിന് പകരം നീട്ടിയ ബക്കറ്റിലേക്ക് വീണത് കാരുണ്യത്തിൻ്റെ നോട്ടുകള്‍. പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായാണ് കഴിഞ്ഞ ദിവസം ജില്ലയിലങ്ങോളമിങ്ങോളം പ്രൈവറ്റ് ബസുകള്‍ സര്‍വീസ് നടത്തിയത്. ടിക്കറ്റെടുക്കാതെ യാത്രക്കാരും, ടിക്കറ്റ് കൊടുക്കാതെ കണ്ടക്ടര്‍മാരും രചിച്ചത് പുതുചരിത്രം. ബാക്കി പൈസക്കും ചില്ലറയ്ക്കും വേണ്ടിയുള്ള ബഹളങ്ങളും വഴക്കുകളുമില്ലാതെ ഒരേ മനസോടെ യാത്ര ചെയ്തത് പുതിയ അനുഭവമാണെന്ന് ബസ് ജീവനക്കാര്‍ പറയുന്നു. ലാഭമോ നഷ്ടമോ അല്ല ദുരിതബാധിതര്‍ക്ക് ഒരു ചെറിയ സഹായം നമുക്ക് ചെയ്യാന്‍ കഴിയുന്നതാണ് വലിയ കാര്യമെന്നും അവര്‍ പറയുന്നു.

ജില്ല ഇന്നുവരെ കണ്ടിട്ടില്ലാത്ത തരത്തിലുണ്ടായ വെള്ളപ്പൊക്കത്തിൻ്റെ കെടുതികള്‍ അവസാനിച്ചിട്ടില്ല. പലയിടങ്ങളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലാണ്. ഈ അവസരത്തിലാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കാരുണ്യയാത്ര എന്ന പേരില്‍ ഒരു ദിവസത്തെ വരുമാനം സംഭാവന ചെയ്ത് പ്രൈവറ്റ് ബസ് അസോസിയേഷന്‍ ചരിത്രത്തിന്റെ ഭാഗമാകുന്നത്. യാത്രക്കാര്‍ ഇഷ്ടമുള്ള തുകയാണ് ബസ് ജീവനക്കാര്‍ നീട്ടിയ ബക്കറ്റില്‍ നിക്ഷേപിച്ചത്. വിദ്യാര്‍ത്ഥികളും കണ്‍സഷന് വേണ്ടി വാശി പിടിക്കാതെ തങ്ങളാല്‍ കഴിയുന്ന തുക തന്ന് സഹകരിച്ചുവെന്ന് ബസ് ജീവനക്കാര്‍ പറയുന്നു. മാത്രമല്ല, സ്വകാര്യ വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ അത് ഒഴിവാക്കിയും ബസുകളില്‍ യാത്ര ചെയ്ത് കാരുണ്യ യാത്രയില്‍ പങ്കാളികളായെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെ സെന്‍ട്രല്‍ കമ്മറ്റി അംഗവും പാഴുര്‍ ബസ് ഉടമയുമായ ലാലു മാത്യു പറഞ്ഞു. മാത്രമല്ല, നാട്ടുകാരുടെ ഭാഗത്ത് നിന്നും നല്ല സഹകരണമുണ്ടായെന്നും അദ്ദേഹം പറഞ്ഞു.

ജില്ലയില്‍ ഏകദേശം ഇരുന്നൂറ്റി അറുപതോളം ബസുകളാണുള്ളത്. ഇന്ന് പതിവിലും യാത്രക്കാര്‍ ഏറെയുണ്ടായിരുന്നു. ഏവരും കാരുണ്യത്തിൻ്റെ കൈത്താങ്ങുമായി എത്തിയവരാണ്. നഷ്ടങ്ങളും പരിമിതികളും ഏറെയുണ്ടായിട്ടും ഇങ്ങനെയൊരു ധനസമാഹരണ മാര്‍ഗം പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ കൂട്ടായ തീരുമാനത്തിലൂടെ എടുക്കുകയായിരുന്നു. വെളുപ്പിനെ നാലരയ്ക്ക് ആരംഭിച്ച സര്‍വീസ് രാത്രി ഏറെ വൈകിയും തുടര്‍ന്നിരുന്നു. കാരുണ്യ യാത്രയുടെ ഫ്‌ളാഗ് ഓഫ് നഗരസഭ ബസ് സ്റ്റാന്‍ഡില്‍ വീണാജോര്‍ജ് എം.എല്‍.എ നിര്‍വഹിച്ചു. അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് സി.മനോജ്കുമാര്‍ അധ്യക്ഷത വഹിച്ചു. ബസിൻ്റെ വരുമാനം കൂടാതെ ജീവനക്കാരുടെ ഒരു ദിവസത്തെ ശമ്പളത്തിൻ്റെ കുറച്ച് ഭാഗവും ബസുടമകളും അവരുടെ ലാഭത്തിന്റൈ കുറച്ച് ഭാഗവും ഇതിലേക്ക് നിക്ഷേപിക്കും. കൂടാതെ വെള്ളപ്പൊക്കകെടുതികള്‍ തുടങ്ങിയ സമയം മുതല്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ ഭക്ഷണം എത്തിക്കുന്നതിനും, രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുമൊക്കെ ജില്ലയിലെ മിക്ക പ്രൈവറ്റ് ബസുകളും രംഗത്തുണ്ടായിരുന്നു.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com