പത്തനംതിട്ട: വിദ്യാര്‍ഥികള്‍ക്ക് പ്രഭാതഭക്ഷണം ഒരുക്കി നാറാണംമുഴി പഞ്ചായത്ത് മാതൃകയാകുന്നു. പഞ്ചായത്തിലെ മൂന്ന് സര്‍ക്കാര്‍ സ്കൂളിലെ കുട്ടികള്‍ക്കാണ് സര്‍ക്കാര്‍ നല്കുന്ന ഉച്ചഭക്ഷണത്തിന് പുറമേ പ്രഭാതഭക്ഷണവും വിളമ്പുന്നത്. എല്‍.പി, യു.പി വിഭാഗങ്ങളിലായി 120 ഓളം കുട്ടികള്‍ക്കാണ് ഭക്ഷണം നല്‍കുന്നത്. പഞ്ചായത്തിന്റെ 2018-2019 വാര്‍ഷിക പദ്ധതിയില്‍പ്പെടുത്തിയാണ് പ്രഭാതഭക്ഷണം നല്‍കുന്നത്. ഉച്ചഭക്ഷണ പദ്ധതിയ്ക്കൊപ്പം വിദ്യാര്‍ത്ഥികളുടെ പ്രാദേശിക സാഹചര്യങ്ങള്‍കൂടി കണക്കിലെടുത്ത് ഒരു അദ്ധ്യയന വര്‍ഷം മുഴുവന്‍ പോഷക സമൃദ്ധവും ഗുണമേന്മയുളളതുമായ പ്രഭാത ഭക്ഷണം നല്‍കും.
കുടുംബശ്രീ യൂണിറ്റാണ് കുട്ടികള്‍ക്കായി പ്രഭാത ഭക്ഷണമൊരുക്കുന്നത്. ചായ, ഇഡലി- സാമ്പാര്‍, ഇലയട, ഉപ്പുമാവ്- പഴം, ദോശ- ചമ്മന്തി ഇവയൊക്കെയാണ് വിഭവങ്ങള്‍. സ്കൂളുകളുടെയും രക്ഷകര്ത്തൃസംഘടനയുടേയും പൂര്‍ണ സഹകരണത്തോടെയാണ് പഞ്ചായത്ത് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. പ്രഭാതഭക്ഷണ പദ്ധതിയുടെ ഉദ്ഘാടനം നാറാണംമുഴി ജി.എല്‍.പി.എസില്‍ നാറാണംമുഴി പഞ്ചായത്ത് പ്രസിഡന്റ് മോഹന്‍രാജ് ജേക്കബ് നിര്‍വഹിച്ചു. വൈസ്പ്രസിഡന്റ് വത്സമ്മ പുരുഷോത്തമന്, ഹെഡ്മാസ്ററര് ബിജു മോന്, പി.ടി.എ പ്രസിഡന്റ് രഞ്ജിത്ത് രാജന് പങ്കെടുത്തു.