ഇടുക്കി: ജില്ലയിലെ ഓഫ് റോഡ് ജീപ്പ് സഫാരി ജില്ലാ ടൂറിസം പ്രൊമോഷന് കൗണ്‍സിലിന്റെ മേല്‍നോട്ടത്തില്‍ നടത്തുന്നതിന് ഡി.റ്റി.പി.സി സബ് കമ്മിറ്റി യോഗം തീരുമാനിച്ചു. ഇതിനായി ഓഫ് റോഡ് സഫാരി നടത്തുന്ന വാഹനങ്ങള്‍ സെപ്തംബര്‍ 19ന് മുമ്പായി സമീപ പ്രദേശത്തെ ജോയിന്റ് ആര്.ടി.ഒ ഓഫീസുകളില്‍ അപേക്ഷ സമര്‍പ്പിച്ച് ഓഫ് റോഡ് സര്‍വ്വീസിനുള്ള അനുമതിയും സ്റ്റിക്കറും വാങ്ങണം. ആര്.ടി.ഒയുടെ സ്റ്റിക്കറുകള്‍ പതിക്കാത്ത വാഹനങ്ങള്‍ ഇനിമുതല്‍ ഓഫ് റോഡ് സര്‍വ്വീസിന് അനുവദിക്കുന്നതല്ലെന്ന് ഡി.റ്റി.പി.സി സെക്രട്ടറി അറിയിച്ചു.
എ.ഡി.എം പി.ജി. രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ഇ.എസ്. ബിജിമോള്‍ എം.എല്‍.എ, ഡി.റ്റി.പി.സി എക്സിക്യൂട്ടീവ് അംഗങ്ങളായ സി.വി. വര്‍ഗ്ഗീസ്, അനില്‍ കൂവപ്ലാക്കല്‍, ഡി.വൈ.എസ്.പി പി. സുകുമാരന്‍, ആര്.ടി.ഒ ആര് രാജീവ്, ഡി.റ്റി.പി.സി സെക്രട്ടറി ജയന് പി വിജയന്, ഓഫ് റോഡ് വാഹന ഉടമകള്‍, ഡ്രൈവര്‍മാര്‍ തുടങ്ങിയവര്‍ സന്നിഹിതായിരുന്നു.