30
Monday
November 2020

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ വരവറിയിച്ച് ബീച്ചില്‍ വലിയ ക്യാന്‍വാസില്‍ വര്‍ണവിസ്മയം

Google+ Pinterest LinkedIn Tumblr +

ആലപ്പുഴ: ജില്ല ആതിഥ്യമരുളുന്ന അമ്പത്തിയൊമ്പതാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ വിളംബരം ഉണര്‍ത്തി ബീച്ചില്‍ വലിയ ക്യാന്‍വാസില്‍ വര്‍ണ വിസ്മയം തീര്‍ത്ത് കുരുന്നുകള്‍. പ്രളയത്തെ അതിജീവിച്ച ജില്ലയുടെ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന കലോത്സവത്തിന് മുന്നോടിയായാണ് വലിയ ക്യാന്‍വാസില്‍ പെയിന്റിങ് ആലപ്പുഴ ബീച്ചില്‍ സംഘടിപ്പിച്ചത്. യുവജനോത്സവത്തിന് വിളംബരം അറിയിച്ചുകൊണ്ടുള്ള വര്‍ണ ഉത്സവത്തില്‍ പങ്കെടുക്കാന്‍ നിരവധി വിദ്യാര്‍ത്ഥികളാണ് ബീച്ചിലെത്തിയത്. പലരും പ്രളയവും ആഘോഷവും ഇടകലര്‍ത്തി തങ്ങളുടെ സര്‍ഗവാസന വലിയ കാന്‍വാസിലേക്ക് പകര്‍ത്തി. ബീച്ചില്‍ സംഘടിപ്പിച്ച ക്യാന്‍വാസ് പെയിന്റിങ് സംസ്ഥാന യുവജനോത്സവത്തിന്റെ സംഘാടകസമിതിയുടെ വര്‍ക്കിംഗ് ചെയര്‍മാന്‍ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ജി. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ.കെ.ടി.മാത്യു, വിദ്യാഭ്യാസ ഉപഡയറക്ടര്‍ ധന്യ ആര്‍.കുമാര്‍ എന്നിവര്‍ സന്നിഹിതരായി. വിശാലമായ ക്യാന്‍വാസില്‍ ചിത്രം വരച്ചുകൊണ്ടാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പരിപാടിക്ക് തുടക്കമിട്ടത്. വിദ്യാഭ്യാസ വകുപ്പും കലാകാരന്‍മാരുടെ കൂട്ടായ്മയായ ഹാര്‍മൊണിയും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com