പത്തനംതിട്ട: പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുന്നത് തടയുന്നതിന് ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടപ്പാക്കുന്ന ആരോഗ്യത്തിന് ഒരു ദിവസം എന്ന ബോധവത്ക്കരണ പരിപാടിയുടെ ഉദ്ഘാടന ചടങ്ങിലാണ് ജില്ലാ കളക്ടര്‍ പി.ബി.നൂഹ് അധ്യാപകനായത്. പത്തനംതിട്ട തൈക്കാവ് ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികളായിരുന്നു പഠിതാക്കള്‍. പ്രളയത്തിന് ശേഷം പടര്‍ന്നുപിടിക്കാന്‍ സാധ്യതയുള്ള ജലജന്യരോഗങ്ങള്‍ എലിപ്പനിയും ഡങ്കിപ്പനിയുമാണെന്നും രോഗപ്രതിരോധപ്രവര്‍ത്തനങ്ങളില്‍ വിദ്യാര്‍ഥികളുടെ പങ്ക് ഏറെ വലുതാണെന്നും കളക്ടര്‍ പറഞ്ഞപ്പോള്‍ കൈയടിയോടെയാണ് വിദ്യാര്‍ഥിസമൂഹം അതേറ്റെടുത്തത്. ഡ്രൈഡേയുടെ പ്രാധാന്യം, പ്രതിരോധത്തിന് എടുക്കേണ്ട മുന്‍കരുതലുകള്‍ തുടങ്ങിയവയെക്കുറിച്ചുളള ജില്ലാ കളക്ടറുടെ ചോദ്യങ്ങള്‍ക്ക് വിദ്യാര്‍ഥികള്‍ കൃത്യമായ മറുപടിയാണ് നല്‍കിയത്.
ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ.ടി.അനിതകുമാരി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡെപ്യൂട്ടി ഡി.എം.ഒ ഡോ.സി.എസ്.നന്ദിനി, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.എബി സുഷന്‍, ലോകാരോഗ്യ സംഘടനയുടെ കണ്‍സള്‍ട്ടന്റ് ഡോ.പി.എസ്.രാകേഷ്, നാഷണല്‍ സര്‍വീസ് സ്കീം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ബിജുകുമാര്‍, പ്രിന്‍സിപ്പല്‍ ആര്.ഉഷാകുമാരി, ലിന്‍സി എസ്.സ്കറിയ, ലീലാമണി, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍മാരായ റ്റി.കെ.അശോക് കുമാര്‍, എ.സുനില്‍കുമാര്‍, ടെക്നിക്കല്‍ അസിസ്റ്റന്റ് എം.ആര്.അനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.