പത്തനംതിട്ട: പഞ്ചായത്ത് ഓഫീസ് സേവനങ്ങള്‍ ഒരു വര്‍ഷത്തിനകം പൂര്‍ണമായും ഓണ്‍ലൈനായി ലഭ്യമാക്കുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ ടി ജലീല്‍ പറഞ്ഞു. ഒരു സര്‍ട്ടിഫിക്കറ്റിനായി ഇനി പഞ്ചായത്ത് ഓഫീസുകള്‍ കയറി ഇറങ്ങേണ്ടതില്ല. അക്ഷയ കേന്ദ്രങ്ങള്‍ വഴി വളരെ വേഗം അപേക്ഷ നല്‍കാനും സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനും സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. കൊടുമണ്‍ മാര്‍ക്കറ്റിന്റെ നവീകരണ പ്രവര്‍ത്തനങ്ങളുടെയും നവീകരിച്ച സാംസ്കാരിക നിലയത്തിന്റെയും ഉദ്ഘാടനായി നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
കെട്ടിടങ്ങളുടെ പെര്‍മിറ്റ് ഓണ്‍ലൈനായി നല്കുന്ന സംവിധാനം കോഴിക്കോട് ജില്ലയില്‍ വിജയകരമായി നടപ്പിലാക്കി. ഇത് ഉടന്‍ തന്നെ സംസ്ഥാനവ്യാപകമാക്കും. പുതുതായി സാമൂഹിക സുരക്ഷാ പെന്‍ഷനുകള്‍ക്കുള്ള അപേക്ഷ സ്വീകരിക്കുന്നതിനായി നടപടി സ്വീകരിക്കും. അനര്‍ഹര്‍ ആനുകൂല്യം കൈപ്പറ്റാതിരിക്കാതിരിക്കാന് പ്രത്യേക ജാഗ്രത വേണം. നികുതി കുടിശിക പിരിക്കുന്നതിലും പദ്ധതി നിര്‍വഹണത്തിലും ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും കൂടുതല്‍ ശ്രദ്ധയുണ്ടാവണം.
വികസനത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നത്. വര്‍ഷങ്ങളായി മുടങ്ങിക്കിടന്ന പാചക വാതക പൈപ്പ് ലൈന്‍ സ്ഥാപനം, ദേശീയ പാതയുടെ സ്ഥലമെടുപ്പ് എന്നിവയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാട് അതിന് ഉദാഹരണമാണ്. ആരുടെയും ദുഷ്പ്രചാരണങ്ങളില്‍ സര്‍ക്കാരിന്റെ ആര്‍ജവം ചോര്‍ന്നുപോകില്ലെന്നും മന്ത്രി പറഞ്ഞു.
ചിറ്റയം ഗോപകുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കക്ഷിരാഷ്ട്രീയം തടസ്സമാകരുതെന്നും ഉദ്യോഗസ്ഥരുടെയും ജനങ്ങളുടെയും കൂട്ടായ പ്രവര്‍ത്തനത്തിലൂടെ മാത്രമേ വികസനം സാധ്യമാവൂ എന്നും എം എല്‍ എ പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാ ദേവി, ജില്ലാപഞ്ചായത്ത് അംഗം ആര് ബി രാജീവ് കുമാര്‍, കൊടുമണ്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞന്നാമ്മകുഞ്ഞ്, തദ്ദേശ സ്വയംഭരണ സ്ഥാപന ജനപ്രതിനിധികളായ എലിസബത്ത് അബു, ബി സതികുമാരി, എം ആര് എസ് ഉണ്ണിത്താന്, സി പ്രകാശ്, ബീനാപ്രഭ, ശാരദ, എന്‍ കെ ഉദയകുമാര്‍, ലളിത രവീന്ദ്രന്, കൊടുമണ്‍ പഞ്ചായത്ത് സെക്രട്ടറി ജോഷ്വ ജേക്കബ്, സി പി ഐ ജില്ലാ സെക്രട്ടറി എ പി ജയന് തുടങ്ങിയവര്‍ സംസാരിച്ചു.