28
Saturday
November 2020

കൊച്ചിയില്‍ കാര്‍ഷിക അക്കാദമി സ്ഥാപിക്കാന്‍ ആലോചന- മന്ത്രി ഇ പി ജയരാജന്‍

Google+ Pinterest LinkedIn Tumblr +

കൊച്ചി: കൊച്ചിയില്‍ കാര്‍ഷിക അക്കാദമി സ്ഥാപിക്കുന്ന കാര്യം ആലോചനയിലെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍. കാര്‍ഷിക രംഗത്തെ വ്യവസായ സാധ്യതകളെക്കുറിച്ച് വിശദമായ അറിവും ശാസ്ത്രീയ പുരോഗതിയും ഉറപ്പാക്കാനാണ് കാര്‍ഷിക അക്കാദമി കൊണ്ട് ഉദ്യേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ കൊച്ചിയില്‍ സംഘടിപ്പിച്ച ആഗോള നിക്ഷേപ സംഗമവേദിയായ അസെന്റ് 2020 ല്‍ കാര്‍ഷിക ഭക്ഷ്യ സംസ്‌കരണ വ്യവസായ മേഖലയെക്കുറിച്ചുള്ള ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ധേഹം. കേരളത്തിന്റെ അഭിവൃദ്ധിക്കുതകുന്ന ഏത് തരം വ്യവസായങ്ങളെയും പ്രാത്സാഹിപ്പിക്കുക എന്നതാണ് സര്‍ക്കാര്‍ നയമെന്ന് മന്ത്രി വ്യക്തമാക്കി. പൊതുമേഖലയെയും സ്വകാര്യമേഖലയെയും ഒരു പോലെ സംരക്ഷിക്കുന്ന സമീപനമാണ് സംസ്ഥാന സര്‍ക്കാരിന്റേതെന്നും അദ്ധേഹം പറഞ്ഞു. പൊതു സ്വകാര്യ പങ്കാളിത്ത (പി പി പി മോഡല്‍) പദ്ധതികള്‍ക്ക് സര്‍ക്കാര്‍ പ്രാമുഖ്യം നല്‍കും.

റബ്ബര്‍ മേഖലയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി സിയാല്‍ മാതൃകയില്‍ റബ്ബര്‍ അധിഷ്ഠിത കമ്പനി സ്ഥാപിക്കും. മുഖ്യമന്ത്രി ചെയര്‍മാനായുള്ള പദ്ധതി ആറ് മാസത്തിനുളളില്‍ യാഥാര്‍ത്ഥ്യമാകുമെന്നും മന്ത്രി അറിയിച്ചു. കെ എസ് ഐ ഡി സിക്ക് 26 ശതമാനം ഓഹരിയുള്ള കമ്പനിയില്‍ കര്‍ഷകര്‍, പഞ്ചായത്ത്, സഹകരണ സംഘങ്ങള്‍ എന്നിവര്‍ക്കും ഓഹരി പങ്കാളിത്തം ഉണ്ടാകും. കേരളത്തില്‍ നിലവില്‍ വരുന്ന മൂന്ന് റൈസ് പാര്‍ക്കുകളും നിക്ഷേപ പങ്കാളിത്തമുള്ള കമ്പനികളായിരിക്കും. നാളികേര വ്യാപനത്തിന് സര്‍ക്കാര്‍ വിപുലമായ പദ്ധതികള്‍ നടപ്പാക്കി വരികയാണ്. കാഞ്ഞാങ്ങാട് കോക്കനട്ട് പാര്‍ക്കില്‍ സംരംഭകര്‍ക്ക് രണ്ട് ഏക്കര്‍ ഭൂമി വീതം ലഭ്യമാക്കും. നാളികേര അധിഷ്ഠിത വ്യവസായങ്ങള്‍ക്ക് പാര്‍ക്കില്‍ വലിയ സാധ്യതകളാണ് ഉള്ളതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. വയനാട് കാപ്പി കൃഷി അടക്കം സംസ്ഥാനത്തെ കാര്‍ഷിക മേഖലയില്‍ സമഗ്രമായ പുരോഗതി ഉറപ്പാക്കുന്ന പദ്ധതികളാണ് സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു.

Share.

Comments are closed.

Social Media Auto Publish Powered By : XYZScripts.com