23
Friday
April 2021

വരള്‍ച്ച നേരിടാന്‍ നേരത്തെ തയ്യാറെടുക്കണം

Google+ Pinterest LinkedIn Tumblr +

കോട്ടയം: വരും മാസങ്ങളില്‍ അഭിമുഖീകരിക്കാനിടയുള്ള വരള്‍ച്ച മുന്‍കൂട്ടി കണ്ട് ജല ലഭ്യത ഉറപ്പു വരുത്തുന്നതിനുള്ള തയ്യാറെടുപ്പുകള്‍ ജില്ലയില്‍ നേരത്തെ ആരംഭിക്കും. ജില്ലാ കളക്ടര്‍ പി.കെ സുധീര്‍ ബാബുവിന്റെ അധ്യക്ഷതയില്‍ കളക്‌ട്രേറ്റില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തില്‍ ഇതു സംബന്ധിച്ച സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്തു. നിര്‍മ്മാണത്തിലിരിക്കുന്ന കുടിവെളള പദ്ധതികളുടെ പൂര്‍ത്തീകരണം വേഗത്തിലാക്കണമെന്നും കുടിവെള്ള വിതരണം തടസപ്പെടുന്ന സാഹചര്യങ്ങള്‍ ഉണ്ടാകാതിരിക്കുന്നതിന് മുന്‍കരുതല്‍ വേണമെന്നും സമിതി നിര്‍ദ്ദേശിച്ചു. ജലവിതരണ പൈപ്പുകളില്‍ അറ്റകുറ്റപ്പണികള്‍ ആവശ്യമുള്ളയിടങ്ങള്‍ കണ്ടെത്തുന്നതിന് അടിയന്തിരമായി സര്‍വ്വേ നടത്തണം. കുറഞ്ഞ ഫണ്ടു വിനിയോഗിച്ചുള്ള പണികള്‍ വേഗത്തില്‍ തീര്‍ക്കണമെന്നും കൂടുതല്‍ തുക ആവശ്യമായി വരുന്നവയ്ക്ക് സര്‍ക്കാര്‍ ഫണ്ട് ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനും വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടീവ് എഞ്ചിനീയറെ ചുമതലപ്പെടുത്തി. വരള്‍ച്ചാ മുന്നൊരുക്കം സംബന്ധിച്ച് എല്ലാ നിയോജക മണ്ഡലങ്ങളിലും യോഗം ചേരണമെന്നും സമിതി നിര്‍ദ്ദേശിച്ചു.

കോട്ടയം പട്ടണത്തിലെ അതിരൂക്ഷമായ ഗതാഗത കുരുക്കിന്റെ കാരണം സംബന്ധിച്ച് ശാസ്ത്രീയ പഠനം നടത്തണമെന്നും ഗതാഗതം സുഗമമാക്കുന്നതു സംബന്ധിച്ച് പോലീസ് ഉദ്യോഗസ്ഥരുടെയും മറ്റ് ബന്ധപ്പെട്ട വകുപ്പുദ്യോഗസ്ഥരുടെയും യോഗം ചേരണമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. അനധികൃതമായ വാഹന പാര്‍ക്കിംഗും പാതയോര കച്ചവടവും മൂലം കാല്‍നടയാത്രക്കാര്‍ വളരെയേറെ ബുദ്ധിമുട്ടുകളാണ് നേരിടുന്നത്. ഇത് പരിഹരിക്കുന്നതിന് മള്‍ട്ടി പാര്‍ക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തുന്നതിന് എം.എല്‍.എ ഫണ്ട് ലഭ്യമാക്കാന്‍ തയ്യാറാണെന്നും കൂടുതല്‍ പേ ആന്റ് പാര്‍ക്ക് സംവിധാനങ്ങള്‍ ഉണ്ടാക്കണമെന്നും അദ്ദേഹം പറഞ്ഞു. സ്‌കൈവാക്കിന്റെ നിര്‍മ്മാണം പുനരാരംഭിക്കുന്ന സാഹചര്യത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം ഉടന്‍ ചേരണമെന്നും കോട്ടയം വാട്ടര്‍ ഹബ്ബിന്റെ നിര്‍മ്മാണ പുരോഗതി തുടര്‍ച്ചയായി വിലയിരുത്തുന്നതിന് ജില്ലാഭരണകൂടം മുന്‍കൈ എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ വികസന പദ്ധതികളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് നേരിടുന്ന പ്രശ്‌നങ്ങള്‍ ഡോ.എന്‍.ജയരാജ് യോഗത്തില്‍ അവതരിപ്പിച്ചു.പുതുതായി നിര്‍മ്മിച്ച പൊന്‍കുന്നം മിനി സിവില്‍ സ്റ്റേഷനിലേയ്ക്ക് പ്രദേശത്തെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളും പ്രവര്‍ത്തനം മാറ്റിയിട്ടും ട്രഷറിയുടെ പ്രവര്‍ത്തനം വാടക കെട്ടിടത്തില്‍ തുടരുന്നത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മുന്നില്‍ റോഡിലുളള സീബ്രാവരകള്‍ മാഞ്ഞു കിടക്കുന്ന അവസ്ഥയിലാണെന്നും അദ്ദേഹം യോഗത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി.

കേന്ദ്രസംസ്ഥാന ഫണ്ടു വിനിയോഗിച്ച് വിവിധ വകുപ്പുകള്‍ നടപ്പാക്കുന്ന പദ്ധതികളും എംപിമാരുടെയും എംഎല്‍എ മാരുടെയും പ്രാദേശിക വികസന ഫണ്ട് വിനിയോഗ പുരോഗതിയും സമിതി അവലോകനം ചെയ്തു. കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ടെസ്.പി.മാത്യു, ജില്ലാ തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com