പത്തനംതിട്ട: ലോക്സഭാ തെരഞ്ഞെടുപ്പ് നടത്തിപ്പിന്റെ ഒരുക്കങ്ങള്‍ ജില്ലയില്‍ ഊര്‍ജിതമായി നടന്നുവരികയാണെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ പി.ബി.നൂഹ് അറിയിച്ചു. ഇത്തവണ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ 1077 പോളിംഗ് സ്റ്റേഷനുകളാണുള്ളത്. ഓരോ സ്റ്റേഷനിലും ഒരു പ്രിസൈഡിംഗ് ഓഫീസര്‍, മൂന്ന് പോളിംഗ് ഓഫീസര്‍ എന്നിവര്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ഉണ്ടാകും. 10120 പേരുടെ ഡാറ്റാ എന്‍ട്രി പൂര്‍ത്തിയായി കഴിഞ്ഞു. ഇവര്‍ക്കുള്ള നിയമന ഉത്തരവ് രണ്ട് ദിവസത്തിനകം അയച്ചുതുടങ്ങും.
പോളിംഗ് ഡ്യൂട്ടിയുള്ളവര്‍ക്ക് ഏപ്രില്‍ ഒന്ന് മുതല്‍ രണ്ട് ഘട്ടമായി പരിശീലനം നല്‍കും. ഉദ്യോഗസ്ഥരുടെ താമസ സ്ഥലത്തിന് വെളിയിലുള്ള നിയമസഭാ മണ്ഡലത്തില്‍ മാത്രമേ ഡ്യൂട്ടിക്ക് നിയോഗിക്കൂ. 4308 ഉദ്യോഗസ്ഥരെയും 15 ശതമാനം റിസര്‍വ് ഉദ്യോഗസ്ഥരെയുമാണ് ഡ്യൂട്ടിക്ക് നിയോഗിക്കുന്നത്.
ആരോഗ്യ പ്രശ്നങ്ങള്‍ ഉന്നയിച്ചുള്ള അപേക്ഷകള്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍, (ആരോഗ്യം), ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആയുര്‍വേദം) എന്നിവരുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ ബോര്‍ഡ് പരിശോധിക്കും. ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ സൗകര്യങ്ങള്‍ ഉറപ്പുവരുത്താന്‍ വെല്‍ഫെയര്‍ കമ്മിറ്റിയെ നിയോഗിക്കും. സെന്‍സിറ്റീവ് ബൂത്തുകളില്‍ മൈക്രോ ഒബ്സര്‍വര്‍മാരായി കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥരെ നിയമിക്കും.
മണ്ഡലത്തില്‍ ആകെ 1437 ബൂത്തുകളാണുള്ളത്. ഇതില്‍ 360 ബൂത്തുകള്‍ കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ നിയമസഭാ മണ്ഡലങ്ങളിലാണ്. വള്‍ണറബിള്‍ ബൂത്തുകള്‍ 22 എണ്ണവും സെന്‍സിറ്റീവ് ബൂത്തുകള്‍ 171 എണ്ണവുമാണ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനേക്കാള്‍ 22342 വോട്ടര്‍മാരുടെ വര്‍ധനവുണ്ട്. 14272 പുരുഷന്മാരും 8070 സ്ത്രീകളും ഈ കാലയളവില്‍ പുതുതായി വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ത്തിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാള്‍ 27587 യുവാക്കളാണ് പുതുതായി ലിസ്റ്റില്‍ ഉള്ളത്. ഇതില്‍ 2165 പേര് 18 വയസുകാരും 4430 പേര് 19 വയസുകാരും 7684 പേര് 20 വയസുകാരും 13308 പേര് 21 വയസുകാരുമാണ്. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനുള്ള 21709 അപേക്ഷകളില്‍ തീര്‍പ്പുകല്‍പ്പിക്കാനുണ്ട്. പ്രവാസികളുടെ 795 അപേക്ഷകളും ഇതിന് പുറമേയുണ്ട്.
ഭിന്നശേഷിക്കാര്‍ക്കും കിടപ്പുരോഗികള്‍ക്കും വോട്ടവകാശം വിനിയോഗിക്കുന്നതിന് പോളിംഗ് ബൂത്തില്‍ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. ഏഴായിരത്തോളം ഭിന്നശേഷിക്കാര്‍ വാഹന സൗകര്യം ആവശ്യമുള്ളവരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ക്ക് വാഹന സൗകര്യം ലഭ്യമാക്കും. കെഎസ്ആര്‍ടിസിയുമായി സഹകരിച്ചാണ് വാഹനം ക്രമീകരിക്കുന്നത്. എല്ലാ ബൂത്തുകളിലും വീല്‍ചെയര്‍ സൗകര്യം ലഭ്യമാക്കും. വോട്ടവകാശം വിനിയോഗിച്ച ശേഷം ഇവരെ തിരികെ വീടുകളിലെത്തിക്കും. ബൂത്ത് ലെവല്‍ ഓഫീസര്‍മാരല്ലാത്ത ആയിരത്തോളം അങ്കണവാടി പ്രവര്‍ത്തകരുടെ സേവനമാണ് ഇതിനായി ഉപയോഗപ്പെടുത്തുന്നത്. എല്ലാ ബൂത്തുകളിലും റാമ്പ് സൗകര്യം, മെഡിക്കല്‍ കിറ്റ്, വിശ്രമകേന്ദ്രം, കുടിവെള്ള സൗകര്യം, സഹായകേന്ദ്രം, ശൗചാലയം എന്നിവ ഏര്‍പ്പെടുത്തും.
ജില്ലയില്‍ ഹരിതതെരഞ്ഞെടുപ്പായി നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്. എല്ലാ സ്ഥാനാര്‍ഥികളും പാര്‍ട്ടികളും ഫ്ളക്സ്, ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍, ഡിസ്പോസിബിള്‍ വസ്തുക്കള്‍ തുടങ്ങി പ്രകൃതിക്ക് ദോഷമാകുന്ന വസ്തുക്കള്‍ പ്രചാരണത്തിന് ഉപയോഗിക്കാന്‍ പാടില്ലെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൊടിതോരണങ്ങള്‍ പൂര്‍ണമായും പ്ലാസ്റ്റിക്, പിവിസി വിമുക്തമായിരിക്കണം. ഔദ്യോഗിക പരസ്യങ്ങള്‍ക്കും സൂചകങ്ങള്‍ക്കും ബോര്‍ഡുകള്‍ക്കും കോട്ടണ്‍, പേപ്പര്‍ തുടങ്ങിയവ മാത്രം ഉപയോഗിക്കുക.
ജില്ലാ, താലൂക്ക്, പഞ്ചായത്ത് തലങ്ങളില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ ഫെസിലിറ്റേഷന്‍ യൂണിറ്റുകള്‍ സജ്ജമാക്കും. തെരഞ്ഞെടുപ്പിന് ശേഷം പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്യുന്നതിന് നടപടി സ്വീകരിക്കും. ഔദ്യോഗികമായി നല്കുന്ന വോട്ടര്‍ സ്ലിപ്, രാഷ്ട്രീയപാര്‍ട്ടികള്‍ നല്കുന്ന സ്ലിപ്പുകള്‍ എന്നിവ പോളിംഗ് ബൂത്തിന്റെ പരിസരത്ത് ഉപേക്ഷിക്കാതെ ശ്രദ്ധിക്കണം. ഹരിതതെരഞ്ഞെടുപ്പിന്റെ നടത്തിപ്പിനായി ശുചിത്വമിഷന് ജില്ലാ കോ-ഓര്‍ഡിനേറ്ററെ നോഡല്‍ ഓഫീസറായി നിയമിച്ചിട്ടുണ്ട്. ഹരിത ഇലക്ഷന്റെ ഭാഗമായി വിത്തുകള്‍ പതിപ്പിച്ച കാര്‍ഡുകള്‍ വിതരണം ചെയ്യും.
ഇവിഎം, വിവിപാറ്റ് യന്ത്രങ്ങള്‍ പരിചയപ്പെടുത്തുന്നതിനായി ജില്ലയില്‍ 31 ടീമുകളെ നിയോഗിച്ചിട്ടുണ്ട്. സ്കൂള്‍, കോളജ് തലങ്ങളിലുള്ള പുതിയ വോട്ടര്‍മാരെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന് ജില്ലാ അക്ഷയ കേന്ദ്രവും ജില്ലാ ഇലക്ഷന് വിഭാഗവും കാമ്പസുകളില്‍ നേരിട്ടെത്തി ആവശ്യമായ നടപടി സ്വീകരിച്ചുവരുന്നു. ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും മാതൃകാ പോളിംഗ് ബൂത്തുകള്‍ സ്ഥാപിക്കും. എല്ലാ മണ്ഡലങ്ങളിലും കൂട്ടയോട്ടം, വാഹന റാലി, ജാഥകള്‍ തുടങ്ങിയവയും സംഘടിപ്പിക്കും. 100 വയസ് കഴിഞ്ഞ വോട്ടര്‍മാരെ ആദരിക്കുകയും അവര്‍ക്ക് പ്രത്യേക സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ചെയ്യും. പുതിയ വോട്ടര്‍മാര്‍ക്ക് വൃക്ഷത്തൈ സമ്മാനമായി നല്കുന്ന പദ്ധതിയും പരിഗണനയിലാണ്.
ട്രാന്സ്ജെന്ഡേഴ്സിനെ സ്വീപ്പ് പദ്ധതിയുടെ ഭാഗമാക്കും. തീം സോംഗ്, സ്ലോഗന് തയാറാക്കല്‍, പോസ്റ്റര്‍ തയാറാക്കല്‍, ഫോട്ടോഗ്രാഫി മത്സരങ്ങള്‍ നടത്തിവരുന്നു. മുന്‍കാലങ്ങളില്‍ വോട്ടിംഗ് ശതമാനം കുറഞ്ഞ പ്രദേശങ്ങളും പ്ലാന്റേഷന് മേഖലകളും കേന്ദ്രീകരിച്ച് ബോധവത്ക്കരണം നടത്തും. ജില്ലയിലെ കോളജുകളില്‍ മോക്ക്പോള്‍ നടത്തും. റേഷന്‍ കടകള്‍, ആശുപത്രികള്‍, വാഹനങ്ങള്‍, ഷോപ്പിംഗ് മാളുകള്‍, അങ്കണവാടികള്‍, കേരള വാട്ടര്‍ അതോറിറ്റി, കെഎസ്ആര്‍ടിസി തുടങ്ങി ജനങ്ങള്‍ കേന്ദ്രീകരിക്കുന്ന സ്ഥാപനങ്ങളിലും സ്ഥലങ്ങളിലും അതത് വകുപ്പുമായി ബന്ധപ്പെട്ട് പോസ്റ്റര്‍ പതിച്ച് ബോധവത്ക്കരണം നടത്തും. വോട്ട് അഭ്യര്‍ഥിച്ചുകൊണ്ടുള്ള ജില്ലാ കളക്ടറുടെ സന്ദേശം ബിഎസ്എന്‍എല്‍ വഴി വോട്ടര്‍മാര്‍ക്ക് നല്‍കും. സ്കൂളുകള്‍, കോളജുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, തൊഴിലുറപ്പ് പദ്ധതി ജോലി സ്ഥലം എന്നിവിടങ്ങളില്‍ പ്രതിജ്ഞയെടുക്കും. വോട്ട് വണ്ടി മുഖേനയുള്ള പ്രചാരണം എല്ലാ നിയമസഭാ മണ്ഡലങ്ങളിലും നടത്തും. സിനിമാതാരം കൈലാഷാണ് സ്വീപ്പിന്റെ ബ്രാന്‍ഡ് അംബാസഡര്‍.
ജില്ലയിലെ തെരഞ്ഞെടുപ്പ് ആവശ്യത്തിനായി ആകെ 5098 വോട്ടിംഗ് യന്ത്രങ്ങളാണ് സജ്ജമാക്കിയിട്ടുള്ളത്. 1842 ബാലറ്റ് യൂണിറ്റ്, 1726 കണ്ട്രോള് യൂണിറ്റ്, 1530 വിവി പാറ്റ് എന്നിവ ഇതില്‍ ഉള്‍പ്പെടും. ഇത്തവണ ആദ്യമായി എല്ലാ ബൂത്തുകളിലും വി വി പാറ്റ് മെഷീനുകള്‍ ഉണ്ടായിരിക്കും. വോട്ടിംഗ് യന്ത്രങ്ങളുടെ ഒന്നാം ഘട്ട റാന്ഡമൈസേഷന് പൂര്‍ത്തിയാക്കി അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്ക് കൈമാറിയിട്ടുണ്ട്. രണ്ടാം ഘട്ട റാന്ഡമൈസേഷന് പൂര്‍ത്തിയായ ശേഷമേ കാന്‍ഡിഡേറ്റ് സെറ്റിംഗ്, കമ്മീഷനിംഗ് എന്നിവ നടത്തൂവെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
പ്രശ്നസാധ്യതയുള്ള ബൂത്തുകളില്‍ കൂടുതല്‍ പോലീസിനെ ഡ്യൂട്ടിക്ക് നിയോഗിക്കുമെന്ന് ജില്ലാ പോലീസ് മേധാവി ജി.ജയദേവ് അറിയിച്ചു. ഈ ബൂത്തുകളെല്ലാം ക്യാമറ നിരീക്ഷണത്തിലായിരിക്കും. ക്രമസമാധാന പാലനത്തിനും ആവശ്യമായ പോലീസ് സേനയെ നിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതുവരെ ജില്ലയില്‍ 253 തോക്കുകള്‍ സറണ്ടര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. സമൂഹ മാധ്യമങ്ങള്‍ വഴി അപകീര്‍ത്തികരമോ മതസ്പര്‍ദ്ധ വളര്‍ത്തുന്നതോ ആയ അഞ്ച് പരാതികള്‍ ലഭിച്ചു. അവ പോലീസിന് കൈമാറിയിട്ടുണ്ട്. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പത്രസമ്മേളനത്തില്‍ ഡെപ്യൂട്ടി കളക്ടര്‍ (ഇലക്ഷന്) എസ്.സന്തോഷ് കുമാര്‍ പങ്കെടുത്തു.