25
Thursday
February 2021

രാഷ്ട്രപതിയില്‍ നിന്ന് സജികുമാറിന് മികച്ച അദ്ധ്യാപകനുള്ള ആദരം

Google+ Pinterest LinkedIn Tumblr +

ആലപ്പുഴ : വിദ്യാർത്ഥികൾക്ക് ചിത്രകലയുടെ പാഠങ്ങളിലൂടെ അറിവിന്റെ വെളിച്ചം പകർന്ന സജികുമാറിന് മികച്ച അദ്ധ്യാപകനുള്ള ദേശീയ പുരസ്‌കാരം രാഷ്ട്രപതി രാംനാഥ് കോവിന്ദ് വീഡിയോ കോൺഫ്രന്‍സിലൂടെ നല്‍കി. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ വീഡിയോ കോൺഫറൻസിലൂടെയായിരുന്നു രാഷ്‌ട്രപതി രാജ്യത്തെ മികച്ച 47 അദ്ധ്യാപകർക്ക് ദേശീയ പുരസ്ക്കാരം നല്‍കിക്കൊണ്ട് ആദരിച്ചത്.

ആലപ്പുഴ കലക്ടറേറ്റിൽ നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററില്‍ സജ്‌ജീകരിച്ച വീഡിയോ കോൺഫറൻസ് ഹാളിൽ വെച്ചാണ് സജികുമാർ രാഷ്ട്രപതിയിൽ നിന്നും ആദരവ് ഏറ്റുവാങ്ങിയത്. തുടർന്ന് ജില്ലാ കലക്ടർ എ. അലക്‌സാണ്ടറും അദ്ദേഹത്തെ അനുമോദനം അറിയിച്ചു. വിദ്യാഭ്യാസ ഉപ ഡയറക്ടർ ധന്യ. ആർ കുമാർ, നവോദയ സ്കൂൾ പ്രിൻസിപ്പൾ എന്നിവരും അദ്ദേഹത്തോടൊപ്പം എത്തിയിരുന്നു.

ആലപ്പുഴയ്ക്ക് അഭിമാന നിമിഷം

സജികുമാറിനെത്തേടി ദേശീയ പുരസ്കാരം എത്തുമ്പോൾ ആലപ്പുഴക്കും അഭിമാന നിമിഷം. ചെന്നിത്തല ജവഹർ നവോദയ വിദ്യാലയത്തിലെ ചിത്രകലാ അധ്യാപകനായ വി. എസ് സജികുമാർ നൂതനമായ സാങ്കേതിക വിദ്യകളുടെ സഹായത്തോടെയാണ് കുട്ടികളെ ചിത്രകല അഭ്യസിപ്പിക്കുന്നത്. 29 വർഷമായി അദ്ധ്യാപന രംഗത്തുള്ള സജികുമാർ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നവോദയാ വിദ്യാലയങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

‘സംഗീതം, ശബ്ദമിശ്രണം, ശില്പ നിർമ്മാണം, എന്നിങ്ങനെയുള്ള പാഠ്യേതര പ്രവർത്തനങ്ങളിലും സമൂഹത്തിലും ഈ കലാദ്ധ്യാപകൻ നടത്തിയ നിരന്തര ഇടപെടലുകളും പരീക്ഷണങ്ങളും, കഠിനാദ്ധ്വാനവും, കലാപഠനത്തിന് നൽകിയ സമഗ്ര സംഭാവനകളുമാണ് ദേശീയ പുരസ്കാരത്തിന്റെ നിറവിലേക്ക് സജിയെ എത്തിച്ചത്.

വിവിധ വിദ്യാലയങ്ങളിലായി 20 ൽ പരം സിമൻ്റ് ശില്പങ്ങളും, ഭാരതീയ പരമ്പരാഗത ചിത്രകലകൾ കുട്ടികളിലും സമൂഹത്തിലും പരിചയപ്പെടുത്തുത്തുന്നതിനായി 2000 ൽ അധികം ചതുരശ്ര അടിയിൽ വിവിധ വിദ്യാലയങ്ങളിലും പൊതു സ്ഥലങ്ങളിലും ഭാരതീയ ചുവർ ചിത്രപാരമ്പര്യങ്ങളായ പിതോറ, വേർളി, മധുബാനി, ഗോംഡ്, പഹാട്, കലംകാരി തുടങ്ങിയവയെല്ലാം വിദ്യാത്ഥികളുടെ സജീവ പങ്കാളിത്തത്തോടെ ഈ അദ്ധ്യാപകന്‍ അവതരിപ്പിച്ചിട്ടുണ്ട്.

മാവേലിക്കര രാജാ രവിവർമ്മ കോളേജ് ഓഫ് ഫൈൻ ആർട്സിലെ പഠനത്തിന് ശേഷം, കലാദ്ധ്യാപകനായി 1990 മുതൽ ആൻറമാൻ, മിനിക്കോയി, മലപ്പുറം, തിരുവനന്തപുരം എന്നീ സ്ഥലങ്ങളിലെ നവോദയാ വിദ്യാലയങ്ങളിലെ കലാദ്ധ്യാപകനായി ജോലി ചെയ്ത ശേഷമാണ് സജികുമാർ ഇപ്പോൾ മാവേലിക്കര ചെന്നിത്തല, ജവഹർ നവോദയ വിദ്യാലത്തിൽ കലാദ്ധ്യാപകനായി സേവനം അനുഷ്ഠിക്കുന്നത്.

‘കേന്ദ്ര , കേരള ലളിതകലാ അക്കാദമിയിലെ സമകാലീന കലാകാര കൂട്ടായ്മയിലും സജീവ സാന്നിദ്ധ്യമാണ്‌’ കൊട്ടാരക്കര വെട്ടിക്കവല ലീനാ നിവാസിൽ ടി. കെ ശ്രീധരൻ്റെയും ലീനയുടെയും മകനായ സജികുമാർ. ‘ബിജിയാണ് ഭാര്യ. ശ്രുതി, വിശ്വജിത്ത് എന്നിവർ മക്കളും. വെട്ടിക്കവല ഗവ: മോഡൽ എച്. എസിൽ അദ്ധ്യാപകനും ഹെഡ്മാസ്റ്ററുമായിരുന്ന പിതാവായ ടി. കെ ശ്രീധരൻ മികച്ച അദ്ധ്യാപകനുള്ള സംസ്ഥാന അവാർഡ് ജേതാവായിരുന്നു.

കലാപഠനത്തിലൂടെ സമൂഹ മനസ്സിൽ ശാന്തിയും സമാധാനവും സൃഷ്ടിക്കാനാവുമെന്നും കുട്ടികളുടെ അഭിരുചിക്കനുസരിച്ചു അവരെ മുന്നോട്ട് പോകാൻ അനുവദിച്ചാൽ മാത്രമേ അവർ ഉയരങ്ങളിലേക്ക് എത്തുകയുള്ളുവെന്നും എന്നാണ് ഈ അദ്ധ്യാപകർക്കും, രക്ഷിതാക്കൾക്കും ഈ അധ്യാപക ദിനത്തില്‍ സജികുമാര്‍ നൽകുന്ന സന്ദേശം.

Share.

About Author

Comments are closed.

Social Media Auto Publish Powered By : XYZScripts.com